തിരുവനന്തപുരം: പ്രതിപക്ഷ എംഎൽഎമാരെ സസ്‌പെൻഡ് ചെയ്ത് സ്പീക്കർ എ എൻ ഷംസീർ. പ്രതിപക്ഷ എംഎൽഎമാരായ സനീഷ് കുമാർ, എം വിൻസെന്റ്, റോജി എം ജോൺ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. പ്രതിപക്ഷവുമായുള്ള സംഘര്‍ഷത്തില്‍ ചീഫ് മാര്‍ഷലിന് പരുക്കേറ്റെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ വ്യക്തമാക്കിയതിന് പിന്നാലെ മൂന്ന് പ്രതിപക്ഷ എംഎല്‍എമാരെ സസ്‌പെന്റ് ചെയ്തു. ഈ എംഎല്‍എമാര്‍ ഗുരുതര അച്ചടക്ക ലംഘനം നടത്തിയെന്ന് ആരോപിച്ചാണ് നടപടി എടുത്തിരിക്കുന്നത്. സസ്‌പെന്റ് ചെയ്യുന്ന പ്രമേയം മന്ത്രി എം ബി രാജേഷാണ് നിയമസഭയില്‍ അവതരിപ്പിച്ചത്.
വാച്ച് ആന്‍ഡ് വാര്‍ഡുമാര്‍ക്കെതിരേ തുടര്‍ച്ചയായി പ്രതിപക്ഷ എംഎല്‍എമാരുടെ ഭാഗത്തുനിന്ന് ആക്രമണമുണ്ടാകുന്നു, സഭാ നടപടിക്ക് യോജിക്കാത്ത നിലക്കുള്ള പ്രവര്‍ത്തനങ്ങളും പ്രതികരണങ്ങളുണ് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നു- തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി എംബി രാജേഷ് പ്രമേയം അവതരിപ്പിച്ചിരുന്നു. നേരത്തെ ചീഫ് മാര്‍ഷല്‍ പരിക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ചീഫ് മാര്‍ഷലിനെ ശസ്ത്രക്രിയക്ക് വിധേയനാക്കുമെന്നാണ് വിവരം.നോട്ടീസ് നല്‍കി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഭയക്കുന്ന പ്രതിപക്ഷം തുടര്‍ച്ചയായ ദിവസങ്ങളില്‍ സഭയില്‍ നടത്തിയത് അഴിഞ്ഞാട്ടമാണെന്നാണ് ഭരണണ പക്ഷത്തിന്റെ ആരോപണം.
ശബരിമലയിലെ സ്വർണ്ണക്കൊള്ള വിഷയം ഉന്നയിച്ചായിരുന്നു ബഹളം. ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം ‘അയ്യപ്പന്റെ സ്വർണം ചെമ്പാക്കിയ എൽഡിഎഫ് രാസവിദ്യ’ എന്നെഴുതിയ ബാനറുകളും ഉയർത്തിയിരുന്നു. സ്പീക്കറുടെ ഡയസിലേക്ക് കടക്കാൻ ശ്രമിച്ച എംഎൽഎമാരും പ്രതിരോധിച്ച വാച്ച് ആൻഡ് വാർഡുമായി ഉന്തുംതള്ളും വാക്കേറ്റവും ഉണ്ടായി. സംഘർഷത്തിൽ വാച്ച് ആൻഡ് വാരിഡിന് പരിക്കേറ്റു. പിന്നാലെ സഭ നടപടികൾ താൽക്കാലികമായി നിർത്തിവെച്ചാണ് വീണ്ടും ആരംഭിച്ചത്. തുടർന്ന് സഭാ നടപടികൾ ബഹിഷ്‌കരിക്കുന്നതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അറിയിച്ചു. പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ ഭരണപക്ഷം രൂക്ഷ വിമർശനം ഉന്നയിച്ചു. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ സഭയിൽ ഗുണ്ടായിസമാണ് നടന്നതെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു.
അതേസമയം സസ്‌പെൻഷനിൽ അത്ഭുതമാണ് തോന്നുന്നതെന്നും സസ്‌പെൻഡ് ചെയ്യേണ്ട തരത്തിലുള്ള ഒരു തെറ്റും ചെയ്തിട്ടില്ലെന്നും വിൻസെന്റ് എംഎൽഎ റിപ്പോർട്ടറിനോട് പറഞ്ഞു. വാച്ച് ആൻഡ് വാർഡിനെയാണ് സസ്പെൻഡ് ചെയ്യേണ്ടത്. അവർ എനിക്ക് നേരെ ബലപ്രയോഗം നടത്തി. ഞങ്ങൾക്ക് മുറിവേറ്റിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.










