തിരുവനന്തപുരം: ബിഹാറിലെ ദയനീയ പരാജയത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ളവര്‍ക്കെതിരെ വിമര്‍ശനം. വിഷയങ്ങള്‍ എടുക്കുന്നതിലും പ്രചാരണ തന്ത്രങ്ങളിലും പരിപൂര്‍ണമായും കോണ്‍ഗ്രസ് പരാജയപ്പെട്ടു. ഇതില്‍ സംഘടനാ ചുമതലക്കാര്‍ക്കാണ് പാളിച്ച പറ്റിയതെന്നാണ് വിലയിരുത്തല്‍. സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഡല്‍ഹി രാഷ്ട്രീയത്തില്‍ നിന്ന് വിട്ട് കേരളത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങിയത് ഇൗ സാഹചര്യം കൂടി മുന്നില്‍ കണ്ടാണ്.
ബിഹാറില്‍ നരേന്ദ്രമോദിയും അമിത്ഷായും ക്യാന്പ് ചെയ്ത് പ്രവര്‍ത്തിക്കുന്‌പോള്‍ ജാഥ നടത്തിയ ശേഷം രാഹുല്‍ ഗാന്ധിയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കെ സി വേണുഗോപാലും സ്ഥലം വിട്ടു. തുടര്‍ന്ന് കെപിസിസി പിടിക്കുന്നതിലും കേരളത്തിലെ കോണ്‍ഗ്രസ് പരിപാടികളിലും സജീവമാകുന്നതിലുമായിരുന്നു വേണുഗോപാലിന്റെ ശ്രദ്ധ. കെപിസിസി പ്രസിഡന്റ് സ്ഥാനത്തും വര്‍ക്കിങ് പ്രസിഡന്റുമാരായും സ്വന്തം ആളുകളെ വച്ചതോടെ പാര്‍ട്ടി പരിപാടികളിലെ പ്രധാനി വേണുഗോപാലായി. പ്രതിപക്ഷ നേതാവ് വി ഡി സതീശനെ മൂലയ്ക്കിരുത്തുക എന്ന ലക്ഷ്യം ഏതാണ്ട് പൂര്‍ത്തിയാക്കി.
ബിഹാര്‍ തെരഞ്ഞെടുപ്പിന് ശേഷം സംഘടനാ ചുമതലയില്‍ പുതിയ ആളെ വയ്ക്കുന്നതിനുള്ള ആലോചന ഏതാനും ദിവസം മുന്പ് എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും അടക്കമുള്ളവര്‍ ചര്‍ച്ച ചെയ്തിരുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആ ഘട്ടത്തില്‍ തന്നെ വേണുഗോപാലിനെ കേരളത്തിലേക്ക് വിടുന്നതിനും ധാരണയായെന്നും പറയുന്നു. ബിഹാറിലെ ഫലം കൂടി വന്നതോടെ അക്കാര്യത്തില്‍ ഉടന്‍ പ്രഖ്യാപനമുണ്ടാകും.
ബിഹാറിലെ പരാജയ വാര്‍ത്ത വന്നയുടനെ സമൂഹമാധ്യമങ്ങളില്‍ വേണുഗോപാലിനെതിരെ ട്രോള്‍ മഴയാണ്. രാഹുലിന് തന്ത്രങ്ങള്‍ ഉപദേശിച്ച് ഒരു വഴിക്കാക്കിയ വേണുഗോപാല്‍ കേരളത്തില്‍ ക്യാന്പ് ചെയ്യുന്നത് നല്ലതാണ്. ഇവിടെയും കോണ്‍ഗ്രസിനെ ഒരു വഴിക്കാക്കും തടുങ്ങി വിമര്‍ശങ്ങള്‍ അനവധിയാണ്. എന്നാല്‍, വേണുഗോപാലിന്റെ വരവടക്കം പാര്‍ട്ടിയിലെ പുതിയ സംഭവ വികാസങ്ങളില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനൊപ്പമുള്ളവര്‍ കടുത്ത നീരസത്തിലാണ്.










