ന്യൂഡൽഹി: പശ്ചിമബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന്. ഏഴു ജില്ലകളിലായുള്ള 142 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക. രാവിലെ ഏഴു മണി മുതൽ വൈകിട്ട് ആറുമണിവരെയാണ് വോട്ടെടുപ്പ്. മുഖ്യമന്ത്രി മമത ബാനർജിയും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും മത്സരിക്കുന്ന ഭവാനിപുർ ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ ഇന്ന് വോട്ടെടുപ്പ് നടക്കും. മമതയ്ക്കും സുവേന്ദുവിനും ഇടയിൽ ശക്തമായ പോരാട്ടമാണ്. എസ്ഐആർ ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തിക്കാട്ടിയാണ് തൃണമൂൽ വോട്ടു തേടുന്നത്.
ഏഴു ജില്ലകളിലായുള്ള 142 മണ്ഡലങ്ങളാണ് ഇന്ന് പോളിംഗ് ബൂത്തിലെത്തുന്നത്. ആകെ 1448 സ്ഥാനാർത്ഥികളാണ് ഈ ഘട്ടത്തില് മത്സര രംഗത്തുള്ളത്. മുഖ്യമന്ത്രി മമത ബാനർജിയും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും ഏറ്റുമുട്ടുന്ന ഭവാനിപൂർ അടക്കം സുപ്രധാന മണ്ഡലങ്ങളില് ഇന്ന് വോട്ടെടുപ്പ് നടക്കും.
കൊൽക്കത്ത അടക്കം ഇന്ന് വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിൽ കഴിഞ്ഞ തവണ തൃണമൂൽ കോൺഗ്രസിനായിരുന്നു മേൽക്കൈ. 142 ൽ 123 മണ്ഡലങ്ങളിലും ടിഎംസിയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിച്ചത്. അക്രമ സാധ്യത കണക്കിലെടുത്ത് എല്ലായിടത്തും കനത്ത ജാഗ്രതയിലാണ്. സിആർപിഎഫ് അടക്കം വിവിധ മേഖലകളിൽ മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ രാത്രി റൂട്ട് മാർച്ച് നടത്തി. എൻഐഎയും വ്യാപക പരിശോധനകൾ തുടരുകയാണ്. 152 മണ്ഡലങ്ങളിലേക്കായി വോട്ടെടുപ്പ് നടന്ന ഒന്നാം ഘട്ടത്തിൽ 93.19 ശതമാനമെന്ന രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന പോളിങ്ങാണ് രേഖപ്പെടുത്തിയത്. രണ്ടാം ഘട്ടത്തിലും ഇത് ആവർത്തിക്കുമോയെന്നാണ് ആകാംഷ.










