രാഷ്ട്രീയ ലേഖകൻ
തിരുവനന്തപുരം: ബാർ കോഴക്കേസിൽ നിന്നും ഒരു വിധം രക്ഷപെടാൻ തയ്യാറെടുക്കുന്ന കേരള കോൺഗ്രസിൽ വീണ്ടും പ്രതിസന്ധി ഉരുണ്ട്ുകൂടുന്നു. കേരള കോൺഗ്രസ് യൂത്ത് ഫ്രണ്ട് എമ്മിന്റെ സംസ്ഥാന പ്രസിഡന്റ് പ്രതിയായ അഴിമതിക്കേസിൽ വിധി പുറത്തുവരാറായതോടെയാണ് കേരള കോൺഗ്രസ് വീണ്ടും പ്രതിസന്ധിയുടെ ചെളിക്കുണ്ടിൽ വീണത്.
കേരള കോൺഗ്രസ് മാണീ ഗ്രൂപ്പ് യുവജന സംഘടനയായ യൂത്ത് ഫ്രണ്ട് എംസംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പനും ഭാര്യ ലതയും കൂടി കെ.എഫ്.സി വായ്പാ തട്ടിപ്പാണ് നടത്തിയതായാണ് പരാതി സജിയുടെ ഭാര്യ രാമപുരം സഹകരണ ബാങ്കിൽ ജോലിയിൽ ഇരിക്കെ തൊഴിൽ ഇല്ല എന്ന് വ്യാജ സത്യവാങ്ങ്മൂലം നൽകിയാണ് 20 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതെന്നാണ് ആരോപണം.അനർഹരായിരുന്നിട്ടും വ്യാജ രേഖകൾ ചമച്ച് സ്വയം സംരഭകത്വമിഷനിൽ നിന്ന് പലിശരഹിത വായ്പ നേടിയത് കെ.എം മാണി ധനകാര്യ മന്ത്രിയായിരിക്കെ സ്വാധീനമുപയോഗിച്ചാണെന്ന വിജിലൻസ് റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
പാലാ കാരൂർ സ്വദേശി ബിൻസ് നൽകിയ പരാതിയിൽ നടന്ന അന്വേഷണ റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. അന്വേഷണം പൂർത്തിയായിട്ടും റിപ്പോർട്ട് പുറത്തു വരാതെ പൂഴ്ത്തി വെക്കപ്പെട്ടെങ്കിലും, വിവരാവകാശം വഴിയാണ് ബിൻസ് റിപ്പോർട്ട് നേടിയെടുത്തത്. എൽ.ഡി.എഫ് പ്രവേശനം കാത്തിരിക്കുന്ന കേരളാ കോൺഗ്രസ്സ് മണീ ഗ്രൂപ്പിന്റെ യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ഉൾപ്പെട്ട തട്ടിപ്പ് സർക്കാർ പൂഴ്ത്തി വെച്ചെന്ന ആരോപണവും ഉയരുന്നുണ്ട്. പാർട്ടി ചെയർമാൻ കെ.എം മാണിയുടെയും, വൈസ് ചെയർമാൻ ജോസ് കെ മാണിയുടെയും മനസാക്ഷി സൂക്ഷിപ്പുകാരൻ കൂടിയായ സജി മഞ്ഞകടമ്പനെ കൈവിടാതെ സംരക്ഷിക്കാൻ ശ്രമമുണ്ടെങ്കിലും, പാർട്ടിയിലെ ജോസഫ് വിഭാഗത്തിന് സജിയോട് യോജിപ്പില്ലാത്തത് പാർട്ടിക്കകത്ത് വലിയ വെല്ലുവിളികൾക്കിടവരുത്തും.
എന്നാൽ സജിക്കെതിരെ നടപടിക്ക് നേതാക്കൾ തുനിഞ്ഞാൽ സമാന രീതിയിൽ മറ്റുനേതാക്കളും നടത്തിയ തട്ടിപ്പിന്റെ വിവരങ്ങൾ പുറത്തു കൊണ്ടുവരുമെന്ന ഭീക്ഷണി മുഴക്കിയായിരിക്കും സജി മഞ്ഞകടമ്പനെ പിന്തുണക്കുന്നവർ സജിക്കെതിരെയുള്ള പാർട്ടിയിലെ നടപടിയെ നേരിടുക. അതുപോലെ കേരളത്തിൽ പല ഇടങ്ങളിലായി ആസ്രൂതിതമായി കേരള കോൺഗ്രസ് മാണീ ഗ്രൂപ്പ് പ്രവർത്തകർ ഈ രീതിയിൽ തട്ടിപ്പ് നടത്തിയതായും വരും ദിവസങ്ങളിൽ അതിന്റെ രേഖകളും പുറത്തു വരുമെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്. കേസിൽ ഈ മാസം 16 ന് കോട്ടയം വിജിലൻസ് കോടതി വിധി പറയും.


