കൊല്ലം: നിരവധി മോഷണക്കേസുകളില്‍ 20 വര്‍ഷത്തോളം ജയില്‍ ശിക്ഷ അനുഭവിച്ചു നാലു വര്‍ഷം മുമ്പു തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍നിന്നു മോചിതനായ പ്രതി പോലീസിന്റെ പിടിയിലായി. കോട്ടയം തിരുവാര്‍പ്പ് കാഞ്ഞിരം കിളിരൂര്‍ക്കര പത്തില്‍ വീട്ടില്‍ തിരുവാര്‍പ്പ് അജി എന്നറിയപ്പെടുന്ന അജയനാ(49)ണ് പിടിയിലായത്. മോഷണത്തിനു ബുധനാഴ്ചകള്‍ തെരഞ്ഞെടുക്കുന്ന ഇയാളുടെ പതിവാണ് പിടികൂടാന്‍ സഹായകമായത്.
തെക്കന്‍ കേരളത്തിലെ വിവിധ ജില്ലകളിലായി നാലു വര്‍ഷത്തിനുള്ളില്‍ നൂറോളം മോഷണം നടത്തിയതായി ഇയാള്‍ പോലീസിനോടു സമ്മതിച്ചു. ഇതോടെ വിവിധ സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത നൂറോളം കേസുകളിലാണ് തെളിവുണ്ടായത്. 19 വയസു മുതല്‍ മോഷണം നടത്തുന്ന ഇയാള്‍ മുമ്പു മാവേലിക്കര പോലീസ് പിടികൂടിയതിനെത്തുടര്‍ന്നാണ് സെന്‍ട്രല്‍ ജയിലിലായത്. ഓടിനു മുകളിലൂടെ ചിലന്തിയെ പോലെ കാല് വിരലും കൈ വിരലുകളും ഊന്നി സഞ്ചരിച്ച് ഓടിളക്കി മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി.
സ്കൂളുകള്‍, മെഡിക്കല്‍ ഷോപ്പുകള്‍, സ്റ്റേഷനറി കടകള്‍, ബേക്കറി എന്നിവിടങ്ങളിലാണ് മോഷണം നടത്തുന്നത്. നിരവധി തവണ പോലീസിനെ കബളിപ്പിച്ചു രക്ഷപ്പെട്ടിട്ടുണ്ട്. ബന്ധുക്കള്‍ക്കു കൂട്ടിരിക്കാന്‍ സമീപമുള്ള പ്രമുഖ ആശുപത്രിയില്‍ പോയി മടങ്ങുകയാണെന്നു ധരിപ്പിച്ചായിരുന്നു രക്ഷപ്പെട്ടിരുന്നത്. തമിഴ് സിനിമയുടെ ആരാധകനായ ഇയാള്‍ മോഷണമുതലുമായി ഇതരസംസ്ഥാനത്തേക്കു കടന്നു ധൂര്‍ത്തടിച്ചശേഷം പണത്തിന് ആവശ്യം വരുമ്പോള്‍ തിരികെയെത്തി വീണ്ടും മോഷണം നടത്തും.
കൊല്ലം സിറ്റി പോലീസ് പരിധിയിലെ കൊല്ലം വെസ്റ്റ്, ഈസ്റ്റ്, ഇരവിപുരം, ശക്തികുളങ്ങര, കരുനാഗപ്പള്ളി, ഓച്ചിറ പോലീസ് സ്റ്റേഷന് പരിധികളില്‍ ബുധനാഴ്ച ദിവസങ്ങളില്‍ ആവര്‍ത്തിച്ച സമാന സ്വഭാവമുളള മോഷണങ്ങളെത്തുടര്‍ന്ന് ഇയാളുടെ രേഖാചിത്രം തയാറാക്കി പോലീസ് തെരച്ചില്‍ നടത്തിവരികയായിരുന്നു.
കൊല്ലം സിറ്റി പോലീസ് കമ്മിഷണര്‍ ടി. നാരായണന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘമാണ് പിടികൂടിയത്. മോഷണത്തിനുവേണ്ടി നഗരത്തിലെത്തിയ ഇയാളെ ചിന്നക്കടയില്നിന്നു പ്രത്യേക പോലീസ് സംഘമാണ് പിടികൂടിയത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.


