മറയൂര്‍: ഒരു വര്‍ഷം മുമ്പ് വെട്ടി പരുക്കേല്‍പ്പിച്ച ആളെ വീണ്ടും വാക്കത്തി കൊണ്ട് വെട്ടിയ കേസില്‍ പ്രതി ഒളിവില്‍. കുളിച്ചിവയല്‍ നാക്കുപെട്ടി ആദിവാസി കുടിയിലെ മുത്തുസ്വാമി(49)ക്കാണ് വീണ്ടും വെട്ടേറ്റത്. കഴിഞ്ഞവര്‍ഷം ജനുവരി ഒന്നിന് പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തിലാണ് ഗുരുതരമായി വെട്ടി പരുക്കേല്‍പ്പിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് ഇതേ കുടി സ്വദേശിയായ ലവനെ ദിവസങ്ങള്‍ക്കു ശേഷം പോലീസ് അറസ്റ്റ് ചെയ്തു. മുത്തുസ്വാമി കോട്ടയം മെഡിക്കല്‍ കോളജില്‍ ദിവസങ്ങളുടെ ചികിത്സയ്ക്ക് ശേഷം കുടിയില്‍ എത്തി. ലവനും ജാമ്യത്തിലിറങ്ങി കുടിയിലായിരുന്നു. ഇതിനിടയിലാണ് ഇന്നലെ രാവിലെ രണ്ടുപേരും തമ്മില്‍ വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് കൈയില്‍ കരുതിയിരുന്ന വാക്കത്തി കൊണ്ട് മുത്തുസ്വാമിയേ വെട്ടി പരുക്കേല്‍പ്പിച്ചത്.
സമീപവാസികള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് കാന്തല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ടി. മോഹന്‍ദാസ് പോലീസ് സഹായത്തോടെ മുത്തുസ്വാമിയെ മറയൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച് പ്രാഥമിക ചികിത്സയ്ക്ക് ശേഷം കൂടുതല്‍ ചികിത്സയ്ക്കായി അടിമാലി താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി.
മറയൂര്‍ സ്റ്റേഷന് ഹൗസ് ഓഫിസര്‍ പി.ടി. ബിജോയുടെ നേതൃത്വത്തില്‍ പോലീസ് സംഘം പ്രതി ലവനെ പിടികൂടാന്‍ കുടി മേഖലയിലും സമീപ പ്രദേശങ്ങളിലും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.


