കൊച്ചി: ചുരുളിയുടെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. സിനിമയില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന പോലീസ് റിപ്പോര്‍ട്ട് അംഗീകരിച്ചാണ് ഹൈക്കോടതി ഉത്തരവ്.
സിനിമയെ വിമര്‍ശിക്കുന്നവര്‍ പൂര്‍ണമായി കണ്ട ശേഷമായിരിക്കണം അതിനെതിരെ പ്രവര്‍ത്തിക്കേണ്ടതെന്നും കോടതി അഭിപ്രായപ്പെട്ടു. ഭാഷാ പ്രയോഗം സംബന്ധിച്ച് മനസിലാകണമെങ്കില്‍ പൂര്‍ണമായും സിനിമ കണ്ടവര്‍ക്കേ മനസിലാകൂ. കലാകാരന്മാന് സമൂഹത്തിന്റെ ഭാഗമാണ്.
ഇവര്‍ മാസങ്ങളോളം ചെലവഴിച്ചാണ് സിനിമകള്‍ സൃഷ്ടിക്കുന്നത്. അതുകൊണ്ട് സിനിമ പൂര്‍ണമായി കാണാതുള്ള വിമര്‍ശനം ശരിയല്ലെന്നും കോടതി വ്യക്തമാക്കി. സമൂഹ മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്തതാണ് പലരുടെയും വിമര്‍ശനങ്ങളെന്നും കോടതി വ്യക്തമാക്കി. സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്ന എല്ലാവരെയും കുറ്റപ്പെടുത്തുന്നില്ലെന്നും ഇവ നല്ല രീതിയില്‍ ഉപയോഗിക്കുന്ന നിരവധിയാളുകളുണ്ടെന്നും കോടതി പറഞ്ഞു.


