സംസ്ഥാനത്ത് അംഗനവാടികള്‍ തിങ്കളാഴ്ച്ച മുതല്‍; പരീക്ഷകളില്‍ മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് അടച്ചിട്ട സ്‌കൂളുകള്‍ തിങ്കളാഴ്ച മുതല്‍ പൂര്‍ണമായും തുറന്നു പ്രവര്‍ത്തിക്കും. 1 മുതല്‍ 9 വരെ ക്ലാസുകളും ക്രഷുകളും അംഗനവാടികളും ഉള്‍പ്പെടെ തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തിക്കും. സ്‌കൂളുകളും ക്രഷുകളും തുറന്നു സാഹചര്യത്തില്‍ അങ്കണവാടികളും തുറന്നു പ്രവര്‍ത്തിക്കാന്‍ ശിശുക്ഷേമ വകുപ്പ് തീരുമാനിക്കുകയായിരുന്നു.

തുടര്‍ച്ചയായി അങ്കണവാടികള്‍ അടച്ചിടുന്നത് കുട്ടികളുടെ മാനസിക, ശാരീരിക വളര്‍ച്ചയ്ക്ക് ദോഷം ചെയ്യുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഫെബ്രുവരി 14 മുതല്‍ വീണ്ടും തുറന്നു പ്രവര്‍ത്തിക്കാനുള്ള തീരുമാനം. കുട്ടികള്‍ക്ക് പോഷകാഹാരം ഉള്‍പ്പെടെ ഉറപ്പു വരുത്താന്‍ അങ്കണവാടികളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നത് സഹായിക്കുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. അതേസമയം, കുട്ടികളെ കൈകാര്യം ചെയ്യുന്ന ജീവനക്കാരും രക്ഷിതാക്കളും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്‌കൂള്‍ തുറക്കുന്നതിനു മുന്നോടിയായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ഇന്നലെ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. കൂടുതല്‍ ക്ലാസുകള്‍ ഓഫ് ലൈനിലേക്ക് മാറുന്ന സാഹചര്യത്തില്‍ സ്‌കൂളുകളില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്. മുന്‍പ് മുതിര്‍ന്ന ക്ലാസുകള്‍ തുറന്നപ്പോള്‍ പാലിച്ച അതേ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാകും ഇത്തവണയും സ്‌കൂളുകള്‍ തുറക്കുക.

കുട്ടികളും അധ്യാപകരും സ്‌കൂളുകളില്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. സ്‌കൂളുകളില്‍ പാഠഭാഗങ്ങള്‍ പഠിപ്പിക്കുന്നതിലെ പുരോഗതിയും മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിലയിരുത്തിയിട്ടുണ്ട്. അധ്യാപകര്‍ക്ക് കോവിഡ് ബാധിച്ചതു മൂലം പഠനം തടസപ്പെട്ടാല്‍ താത്കാലിക അധ്യാപകരെ ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കാനും നിര്‍ദേശിച്ചു.

എല്ലാ സ്‌കൂളുകളും ജില്ലാ അടിസ്ഥാനത്തില്‍ പഠനത്തിന്റെ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കൈമാറണം. ഓഫ്‌ലൈന്‍ ക്ലാസുകള്‍ തുടങ്ങിയാലും ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരാനാണ് തീരുമാനം.
മോഡല്‍ പരീക്ഷകള്‍ മാര്‍ച്ച് 16നു തന്നെ ആരംഭിക്കും.

Top