സ്വന്തം ലേഖകൻ
കൊച്ചി: സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ അഭിമന്യുകൊലക്കേസിൽ വിചാരണ ഇന്ന് ആരംഭിക്കും. കേസിലെ പ്രധാന പ്രതികളായ ഏഴു പേർ പിടിയിലാകാനിരിക്കെയാണ് ഇപ്പോൾ കേസിന്റെ വിചാരണ ആരംഭിക്കുന്നത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തെന്ന് പോലീസ് കണ്ടെത്തിയ 16 പ്രതികളുടെ വിചാരണ നടപടികളാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഇന്ന് തുടങ്ങുന്നത്.
കേസിൽ ആകെ 27 പേരെയാണ് പോലീസ് പ്രതിചേർത്തത്. ഇതിൽ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തെന്ന് കണ്ടെത്തിയ 1 മുതൽ 16 വരെയുള്ള പ്രതികൾക്കെതിരെ സെപ്റ്റംബറിൽ ആദ്യ കുറ്റപത്രം സമർപ്പിച്ചു. ഈ കുറ്റപത്രത്തെ അടിസ്ഥാനമാക്കിയാണ് വിചാരണ നടപടികൾ തുടങ്ങുന്നത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ രാവിലെ 11 മണിക്ക് നടപടികൾ ആരംഭിക്കും.
അറസ്റ്റിലായ 9 പേരിൽ അഞ്ച് പേർക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ഇനിയും പിടിയിലാകാനുള്ള 7 പ്രതികൾക്കായി ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്. ഇവരില് ചിലർ വിദേശത്തേക്ക് കടന്നതായി സൂചനയുണ്ട്. അറസ്റ്റിലായ പ്രതികൾ എല്ലാവരെയും ഇന്ന് കോടതിയിൽ ഹാജരാകും.
മഹാരാജാസ് കോളേജ് മൂന്നാംവർഷ വിദ്യാർത്ഥിയും ക്യംപസ് ഫ്രണ്ട് പ്രവർത്തകനുമായ മുഹമ്മദാണ് ഒന്നാം പ്രതി. കോളേജിലെ ചുവരെഴുത്തിനെചൊല്ലി എസ്എഫ്ഐ ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കൊലപാതകം ആസൂത്രിതമാണെന്നാണ് പോലീസ് നിഗമനം. കേസിലെ പ്രതികളെല്ലാം പോപ്പുലർഫ്രണ്ട് എസ്ഡിപിഐ പ്രവർത്തകരാണ്.
കൊലപാതകം, സംഘംചേർന്ന് മർദിക്കൽ, വധിക്കണമെന്ന ഉദ്ധേശത്തോടെ മുറിവേൽപ്പിക്കൽ, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. വാദത്തിനായി സ്‌പെഷൽ പ്രോസിക്യൂട്ടർ അഡ്വ.ജി മോഹനരാജിനെ സർക്കാർ നേരത്തെ ചുമതലപ്പെടുത്തിയിരുന്നു. ഒളിവിൽ പോകാനും മറ്റും പ്രതികളെ സഹായിച്ചതിന് പ്രതിചേർത്ത 11 പ്രതികളെകൂടി ഉൾപ്പെടുത്തി, രണ്ടാം കുറ്റപത്രവും പോലീസ് വൈകാതെ സമർപ്പിക്കും.


