ശബരിമല സന്നിധാനത്ത് ജയറാം ഇടയ്ക്ക വായിച്ചത് ആചാരലംഘനമെന്ന് അന്വേഷണ റിപ്പോര്‍ട്ട്

ശബരിമല സന്നിധാനത്ത് കഴിഞ്ഞ വിഷു ഉത്സവക്കാലത്ത് നടന്‍ ജയറാം ഇടയ്ക്ക വായിച്ചത് ആചാരലംഘനമെന്ന് അന്വേഷണറിപ്പോര്‍ട്ട്. ദേവസ്വം വിജിലൻസ് നടത്തിയ അന്വേഷണത്തിലാണ് ജയറാം ഇടയ്ക്ക വായിച്ചത് കടുത്ത ആചാര ലംഘനമാണെന്ന് കണ്ടെത്തിയത്. തങ്ങളുടെ ശ്രദ്ധയിൽപെട്ടിട്ടും ആചാരലംഘനം തടയാതിരുന്ന ദേവസ്വം ഉദ്യോഗസ്ഥര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും ദേവസ്വം വിജിലന്‍സ് ഓഫീസര്‍ ആര്‍. പ്രശാന്ത് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വിഷു ഉത്സവ ദിവസം ഉഷഃപൂജ സമയത്ത് സോപാനത്തില്‍ ദര്‍ശനത്തിനെത്തിയ നടന്‍ ജയറാം ചട്ടവിരുദ്ധമായി സോപാന സംഗീതത്തോടൊപ്പം ഇടയ്ക്ക കൊട്ടിയെന്നും കൊല്ലം സ്വദേശിയായ സുനില്‍കുമാര്‍ എന്നയാള്‍ ക്രമംതെറ്റിച്ച് പൂജ നടത്തിയെന്നും ആരോപണമുണ്ടായിരുന്നു. ഇതുസംബന്ധിച്ച് അന്വേഷണം നടത്താന്‍ ദേവസ്വം മന്ത്രി ഉത്തരവിടുകയായിരുന്നു. ഈ അന്വേഷണ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നത്. സന്നിധാനത്ത് നടന്‍ ജയറാം ഇടയ്ക്കവായിച്ചതില്‍ ആചാരലംഘനമെന്ന് വിശദമാക്കുന്നതാണ് അന്വേഷണ റിപ്പോര്‍ട്ട്. ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍, ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, സോപാനം സ്‌പെഷ്യല്‍ ഓഫീസര്‍ എന്നിവർക്കും വലിയ വീഴ്ച സംഭവിച്ചതായും റിപ്പോർട്ടിൽ പറയുന്നു. കൂടാതെ ശബരിമലയിൽ സ്ഥിരമായി സ്പെഷ്യൽ ഡ്യൂട്ടിക്കെത്തുന്നവരെ ഒഴിവാക്കാനും റിപ്പോർട്ടിൽ നിർദേശമുണ്ട്.

Top