കോട്ടയം: നടന്‍ കോട്ടയം പ്രദീപ് (61) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ആശുപത്രിയിലെത്തിച്ച് ഒരു മണിക്കൂറിനുള്ളില്‍ മരിക്കുകയായിരുന്നു. കോവിഡ് ടെസ്റ്റിനു ശേഷം വീട്ടിലേക്ക് മൃതദേഹം കൊണ്ടുവരും. 2001ല്‍ പുറത്തിറങ്ങിയ ഈ നാട് ഇന്നലെ വരെ എന്ന ചിത്രത്തിലാണ് അദ്ദേഹം ആദ്യമായി അഭിനയിക്കുന്നത്.
വിണ്ണൈ താണ്ടി വരുവായ, കുഞ്ഞി രാമായണം, ഒരു വടക്കന്‍ സെല്‍ഫി തുടങ്ങി നൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നാടകത്തിലൂടെയാണ് സിനിമയിലെത്തുന്നത്. കോട്ടയം കുമാരനല്ലൂരാണ് വീട്. ജനിച്ചതും വളര്‍ന്നതും കോട്ടയം തിരുവാതുക്കലാണ്.
നാടകങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. എന്‍.എന്‍. പിള്ളയുടെ ‘ഈശ്വരന്‍ അറസ്റ്റില്‍’ എന്ന നാടകത്തില്‍ ബാലതാരമായി അഭിനയിച്ചാണ് അദ്ദേഹം അരങ്ങിലെത്തുന്നത്. കോളജില്‍ വച്ചും അദ്ദേഹം ഒട്ടേറെ നാടകങ്ങളില്‍ അഭിനയിച്ചു. കേരളത്തിലെ പല വേദികളില്‍ ഏകാംഗ നാടകങ്ങള്‍ അവതരിപ്പിച്ചു.


