പിഞ്ച്മക്കളെ 18 മണിക്കൂര്‍ കാറില്‍ പൂട്ടിയിട്ട് ആഘോഷിക്കാന്‍ പോയി; കുട്ടികളുടെ മരണത്തിന് ശിക്ഷ 40 വര്‍ഷം

ടെക്സാസ്: പിഞ്ചുകുഞ്ഞുങ്ങളെ കാറിലിട്ട് പൂട്ടി ആഘോഷിക്കാന്‍ പോയ അമ്മയ്ക്ക് കഠിന ശിക്ഷ വിധിച്ച് അമേരിക്കന്‍ കോടതി. ഒന്നും രണ്ടും വയസുള്ള പെണ്‍മക്കളെ പതിനെട്ട് മണിക്കൂര്‍ കറില്‍ പൂട്ടിയിട്ടിട്ടാണ് അമാന്‍ഡ ഹോക്കിന്‍സ് (19) സുഹൃത്തുക്കള്‍ക്കൊപ്പം പാര്‍ട്ടി ആഘോഷിക്കാന്‍ പോയത്. രണ്ട് കുട്ടികളും ശ്വാസം കിട്ടാതെ മരണപ്പെടുകയായിരുന്നു.

ക്രൂരത കാണിച്ച അമ്മയ്ക്ക് അമേരിക്കന്‍ കോടതി 40 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. 2017 ജൂണ്‍ 7ന് ടെക്സാസിലെ ഹില്‍കണ്‍ട്രിയിലാണ് സംഭവം. പിഞ്ചുകുഞ്ഞുങ്ങളായ ബ്രിന്‍ ഹോക്കിന്‍സ് (1), എഡിസണ്‍ ഓവര്‍ഗാഡ് (എഡ്ഡി, 2) എന്നിവരെ കാറില്‍ പൂട്ടിയിട്ട ശേഷം അമാന്‍ഡ സുഹൃത്തുക്കള്‍ക്കൊപ്പം പാര്‍ട്ടി ആഘോഷിക്കാന്‍ പോയി. വെളുക്കുവോളം കുടിച്ചു കൂത്താടിയ യുവതി പിറ്റേന്ന് ഉച്ചയ്ക്ക് ഉണര്‍ന്നപ്പോഴാണ് കുട്ടികള്‍ കാറിലാണെന്ന് ഓര്‍മ്മിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തിരിച്ചെത്തിയപ്പോഴേക്കും ചുട്ടുപഴുത്ത കാറില്‍ മക്കള്‍ മൃതപ്രായരായിരുന്നു. ഗ്‌ളാസുകള്‍ ഉയര്‍ത്തിയിരുന്നതിനാല്‍ ശുദ്ധവായുവും കിട്ടിയില്ല. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഇരുവരുടെയും മരണം സ്ഥിരീകരിച്ചു. തൊട്ടടുത്ത തടാകത്തിലെ പൂക്കള്‍ മണത്തതിനെ തുടര്‍ന്ന് കുട്ടികള്‍ അവശരായെന്നാണ് അമ്മ ആശുപത്രിയില്‍ പറഞ്ഞത്.

എന്നാല്‍ പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പിടിച്ചു നില്‍ക്കാനാവാതെ കുട്ടികളെ കാറില്‍ പൂട്ടിയിട്ടത് സമ്മതിക്കുകയായിരുന്നു. കുട്ടികള്‍ കാറില്‍ കിടന്ന് കരയുന്നത് കണ്ട ചിലര്‍ വിവരം അമ്മയെ അറിയിച്ചെങ്കിലും ഉറങ്ങാന്‍ വേണ്ടിയാണ് കരയുന്നതെന്നായിരുന്നു മറുപടി.

കുട്ടികളെ രക്ഷിതാക്കള്‍ കാറില്‍ ബന്ദികളാക്കി പോവുകയും ശ്വാസംമുട്ടിയും മറ്റും അവര്‍ക്ക് അപായമുണ്ടാവുകയും ചെയ്യുന്നത് അമേരിക്കയില്‍ വര്‍ദ്ധിക്കുകയാണ്. ഒരു വര്‍ഷം ശരാശരി 38 കുട്ടികള്‍ ഇപ്രകാരം മരിക്കുന്നുണ്ടെന്നാണ് കണക്ക്.

Top