ആദിവാസി യുവാവിന്റെ കൊലപാതകം: കേന്ദ്രം ഇടപെടുന്നു; ശക്തമായ നടപടി വേണമെന്ന് ദേശീയ പട്ടികജാതിവര്‍ഗ്ഗ കമ്മീഷന്‍; മജിസ്‌ട്രേറ്റ് തല അന്വേഷണം

തിരുവനന്തപുരം: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദനത്തെ തുടര്‍ന്ന് ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തില്‍ നാടെങ്ങും വന്‍ പ്രതിഷേധം അരങ്ങേറുകയാണ്. മുഖ്യമന്ത്രി നേരിട്ട് വിഷയത്തില്‍ ഇടപെട്ടിരിക്കുകയാണ്. ആദ്യ ഘട്ടത്തില്‍ തൃശ്ശൂര്‍ ഐജിക്ക് അന്വേഷണ ചുമതല കൈമാറുകയും തുടര്‍ന്ന് മജിസ്‌ട്രേറ്റ് തല അന്വേഷണവും പ്രഖ്യാപിച്ചു.

വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരും ഇടപെടുന്നു. സംഭവത്തില്‍ കേന്ദ്രം സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി. ശക്തമായ നടപടിയെടുക്കാന്‍ ദേശീയ പട്ടിക ജാതി പട്ടിക വികസന കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മധുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കമ്മീഷന്റെ യോഗം ഇന്ന് വൈകുന്നേരം കൂടുമെന്നും കമ്മീഷന്‍ ഉപാദ്ധ്യക്ഷ അനസൂയ ഒയ്കി അറിയിച്ചു. കൂടാതെ കമ്മീഷന്‍ അംഗങ്ങള്‍ തിങ്കളാഴ്ച സംസ്ഥാനത്തെത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, നാളെ അട്ടപ്പാടി സന്ദര്‍ശിക്കുമെന്ന് പട്ടികജാതി പട്ടിക വികസന കമ്മീഷന്‍ ചെയര്‍മാന്‍ ബി.എസ്.മാവോജി അറിയിച്ചു.

കഴിഞ്ഞ ദിവസം അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് അവശനാക്കിയ മധുവെന്ന ആദിവാസി യുവാവാണ് മരിച്ചത്. പ്രദേശത്തെ കടകളില്‍ നിന്ന് അരിയും ഭക്ഷണ സാധനങ്ങളും മോഷ്ടിച്ചുവെന്ന് ആരോപിച്ച് താമസ സ്ഥലമായ മല്ലീശ്വര മുടിയുടെ താഴ്വരയില്‍ നിന്നാണ് നാട്ടുകാര്‍ മധുവിനെ പിടികൂടിയത്. പിടികൂടിയതിന് പിന്നാലെ മര്‍ദ്ദനവും തുടങ്ങി. ഉടുമുണ്ടുരിഞ്ഞ് ശരീരത്തില്‍ കെട്ടിയായിരുന്നു മര്‍ദ്ദനം. സംഭവമറിഞ്ഞ് പൊലീസെത്തുമ്പോള്‍ മരത്തില്‍ കെട്ടിയിട്ട നിലയിലായിരുന്നു മധു. പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോകും വഴി തന്നെ മധു അസ്വസ്ഥതകള്‍ കാണിക്കാന്‍ തുടങ്ങി. ഇതിനിടെ ഛര്‍ദ്ദിച്ച് അവശനിലയിലായ മധുവിനെ കോട്ടത്തറ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിച്ചെന്ന് പൊലീസ് പറഞ്ഞു.

അതേസമയം, സംഭവത്തില്‍ മജിസ്ട്രേറ്റ്തല അന്വേഷണം നടത്തുമെന്ന് മന്ത്രി എ.കെ.ബാലന്‍ അറിയിച്ചു. ഇതിനായി മണ്ണാര്‍ക്കാട് തഹസില്‍ദാരെ ചുമതലപ്പെടുത്തി. മന്ത്രി ശനിയാഴ്ച അട്ടപ്പാടി സന്ദര്‍ശിക്കും. എല്ലാ പ്രതികളെയും നാളെയോടെ പിടിക്കും. ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്നും മധുവിന്റെ കുടുംബത്തെ സഹായിക്കുമെന്നും മന്ത്രി അറിയിച്ചു.

Top