തിരുവനന്തപുരം: വരാപ്പുഴയിൽ ശ്രീജിത്തിന്റെ കസ്‌റ്റഡിമരണക്കേസില്‍ എറണാകുളം മുന്‍ റൂറല്‍ എസ്.പി: എ.വി. ജോര്‍ജിന്റെ തൊപ്പി തെറിക്കും .കസ്റ്റഡി മരണക്കേസിൽ മുൻ എസ് പിയെ പ്രതിയാക്കും. ശ്രീജിത്തിനെ പിടികൂടുന്നതിന് എസ്.പി.യുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ആര്‍.ടി.എഫ്. സ്‌ക്വാഡിന് നിര്‍ദേശം നല്‍കിയത് റൂറല്‍ എസ്.പി.യായിരുന്ന എ.വി. ജോര്‍ജാണെന്ന് വിവിധ തലങ്ങളിലുള്ള ചോദ്യം ചെയ്യലില്‍ വ്യക്തമായിട്ടുണ്ട്. കൂടാതെ ശ്രീജിത്തിനെതിരെ വരാപ്പുഴയില്‍ മരിച്ച വാസുദേവന്റെ മകന്‍ വിനീഷിന്റെ വ്യാജമൊഴിയാണ് ജോര്‍ജ്ജ് ഉണ്ടാക്കിയത്. ഇതിലും അന്വേഷണ സംഘത്തിന് വ്യക്തമായ തെളിവ് ലഭിച്ചു.ജോര്‍ജിനെതിരേ നിര്‍ണായകമായ പത്തിലധികം തെളിവുകള്‍ ക്രൈംബ്രാഞ്ച് ഐ.ജി: എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘത്തിനു ലഭിച്ചു. എസ്.പി: എ.വി. ജോര്‍ജിനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം തുടങ്ങി. ശ്രീജിത്ത് കേസിലെ കുറ്റവാളികളെ കണ്ടെത്താനുള്ള അന്വേഷണത്തില്‍ വെള്ളംചേര്‍ക്കരുതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഐ.ജി: ശ്രീജിത്തിനു നിര്‍ദേശം നല്‍കിയിരുന്നു. ജോര്‍ജിനെ മൂന്നു തവണ ചോദ്യംചെയ്‌തതായാണു സൂചന. കസ്‌റ്റഡിമരണത്തിന് ഉത്തരവാദികളെന്ന് ആരോപിക്കപ്പെടുന്ന റൂറല്‍ ടൈഗര്‍ ഫോഴ്‌സിനെ (ആര്‍.ടി.എഫ്.) ജോര്‍ജ് വഴിവിട്ടു സഹായിച്ചതിനുള്ള തെളിവുകള്‍ പ്രത്യേകസംഘം ശേഖരിച്ചിട്ടുണ്ട്.
മാത്രമല്ല, പ്രതികളാണെന്നറിഞ്ഞിട്ടും കുറ്റവാളികളായ പോലീസുകാരെ കേസില്‍നിന്ന് ഊരിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്‌തു. ഇന്റലിജന്‍സ് ഓപ്പറേഷനിലൂടെയാണു ജോര്‍ജിനെതിരേയുള്ള തെളിവുകള്‍ പ്രത്യേകസംഘം ശേഖരിച്ചത്. ശ്രീജിത്തിന്റെ മരണത്തില്‍ ജോര്‍ജിന്റെ ഇടപെടലിനെ
ക്കുറിച്ച് ആഴത്തില്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ഐ.ജി. നിര്‍ദേശിച്ചിട്ടുണ്ട്. എസ്.പിയുടെ നിര്‍ദേശപ്രകാരമായിരുന്നു ശ്രീജിത്തിനെ കസ്‌റ്റഡിയിലെടുത്തതെന്നു സി.ഐ: ക്രിസ്‌പിന്‍ സാം മൊഴി നല്‍കിയിരുന്നു.
ഇതോടെയാണ് അന്വേഷണസംഘത്തിന്റെ കണ്ണുകള്‍ ജോര്‍ജിലേക്കു തിരിഞ്ഞത്. നിയമവിരുദ്ധമായി രൂപീകരിക്കപ്പെട്ട കടുവാക്കുട്ടികള്‍ (ആര്‍.ടി.എഫ്) ക്ക് എസ്.പി. എന്ന നിലയില്‍ ജോര്‍ജ് വാരിക്കോരി റിവാര്‍ഡുകള്‍ നല്‍കിയിരുന്നു. നൂറുകണക്കിനു ഗുഡ്‌സ് സര്‍വീസ് എന്‍ട്രികളാണ് ആര്‍.ടി.എഫ്. അംഗങ്ങള്‍ക്കു നല്‍കിയിരുന്നത്.
വിരമിക്കല്‍ വേളയില്‍ ജോര്‍ജ് നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം ഇന്റലിജന്‍സ് പ്രത്യേകസംഘത്തിനു കൈമാറി. കസ്‌റ്റഡിമരണത്തിന് ഉത്തരവാദികളായ പോലീസുകാര്‍ക്ക് അനുകൂലമായാണു പ്രസംഗെമന്നും കണ്ടെത്തിയിട്ടുണ്ട്.കസ്‌റ്റഡിമരണത്തിന്റെ ഉത്തരവാദിത്വത്തില്‍നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കുകയും സ്‌ഥലംമാറ്റമെന്ന ലഘുവായ നടപടി നേരിടുകയും ചെയ്‌ത ജോര്‍ജ് ഇതോടെ കുടുങ്ങും. പോലീസ് അക്കാഡമി അസിസ്‌റ്റന്റ് ഡയറക്‌ടറാണ് ഇപ്പോള്‍ ജോര്‍ജ്. കഴിഞ്ഞദിവസം തലസ്‌ഥാനത്തെത്തിയ ജോര്‍ജ് ചില ഉദ്യോഗസ്‌ഥരുമായി നടത്തിയ കൂടിക്കാഴ്‌ചയുടെ വിവരങ്ങളും ഇന്റലിജന്‍സ് വിഭാഗം മുഖ്യമന്ത്രിക്കു കൈമാറിയിട്ടുണ്ട്.എ.വി. ജോര്‍ജിന്റെപേരില്‍ രണ്ടുദിവസത്തിനകം നടപടിയുണ്ടാകുമെന്നാണ് വിവരം. കേസന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ഐ.ജി. ശ്രീജിത്തും എസ്.പി.യും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ വന്നതും അന്വേഷണ ഉദ്യോഗസ്ഥരെ പ്രതിരോധത്തിലാക്കിയിരുന്നു.


