കൊച്ചി: ലൈംഗിക പീഡന കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. തനിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ ദിലീപാണെന്ന് ബാലചന്ദ്രകുമാര്‍ ജാമ്യാപേക്ഷയില്‍ ആരോപിക്കുന്നു. ദിലീപിന് എതിരായ വെളിപ്പെടുത്തലുകളുടെ പ്രതികാരമായാണ് തനിക്കെതിരെ പീഡനം ആരോപിച്ചു കേസെടുത്തതെന്നു ഹര്‍ജിയില്‍ പറയുന്നു. 12 വര്‍ഷം കഴിഞ്ഞു പരാതി നല്‍കിയതിന് വിശ്വാസയോഗ്യമായ വിശദീകരണം പരാതിക്കാരി നല്‍കിയില്ലെന്നും ബാലചന്ദ്രകുമാര്‍ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കി.
പരാതിക്കാരി തന്നെ കെണിയില്‍പ്പെടുത്താനുള്ള ഗൂഢാലോചനയിലെ ഒരു ഉപകരണം മാത്രമാണെന്നും പരാതിക്കാരിയെ തനിക്ക് അറിയില്ലെന്നും കേസില്‍ നിരപരാധിയാണെന്നും ബാലചന്ദ്രകുമാര്‍ വ്യക്തമാക്കി. ബലാത്സംഘം, സ്വകാര്യതയുടെ ലംഘനം എന്നീ ആരോപണങ്ങളാണ് ബാലചന്ദ്രകുമാറിനെതിരെ ചുമത്തിയിട്ടുള്ളത്. 2010 ലാണ് കേസിനാസ്പദമായ സംഭവം നടന്നുവെന്നു ആരോപിക്കപ്പെടുന്നത്.
ജോലിയാവശ്യാര്‍ഥം ഫോണില്‍ ബാലചന്ദ്രകുമാറിനെ ബന്ധപ്പെട്ടപ്പോള്‍ തന്റെ വീട്ടിലേക്കെത്താന്‍ ആവശ്യപ്പെട്ടെന്നാണ് ആരോപണം. വീട്ടിലെത്തിയ തന്നെ ബലമായി ലൈംഗിക പീഡനത്തിനു വിധേയമാക്കിയെന്നും തുടര്‍ന്നു ഈ രംഗങ്ങല്‍ വീഡിയോയില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്നുമാണ് ആരോപണം. വധഗൂഢാലോചനാ കേസില്‍ എഫ്.ഐ.ആര്‍. റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടി.
രണ്ടാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാര്‍ ഹര്‍ജിയില്‍ മറുപടി നല്‍കണം. വധഗൂഢാലോചനാക്കേസില്‍ ദിലീപിനും കൂട്ടുപ്രതികള്‍ക്കും ഹൈക്കോടതി മുന്‍കൂര്‍ജാമ്യം അനുവദിച്ചതിന് പിന്നാലെ കേസിലെ എഫ്.ഐ.ആര്‍. റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.


