വിജയ ബാങ്ക് കൊള്ള; മുഖ്യ സൂത്രധാരനെ തിരിച്ചറിഞ്ഞു

കാസര്‍ഗോട്: വിജയ ബാങ്ക് ചെറുവത്തൂര്‍ ശാഖയില്‍ കവര്‍ച്ച നടത്തിയ സംഘത്തെ പോലീസ് തിരിച്ചറിഞ്ഞു. കവര്‍ച്ചയിലെ മുഖ്യ സൂത്രധാരകന്‍ കുടക് സ്വദേശിയാണെന്ന് പോലീസ് വ്യക്തമാക്കി. ഇയാളുടെ അടുത്ത സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതില്‍ നിന്ന് നിര്‍ണ്ണായക തെളിവുകള്‍ പോലീസിന് ലഭിക്കുകയായിരുന്നു.കളവുമുതല്‍ സംസ്ഥാനത്തിനു പുറത്തേക്കു കടത്തിയതായാണു സൂചന. പ്രതികള്‍ക്കായി കര്‍ണാടകത്തിലേക്കും ജാര്‍ഖണ്ഡിലേക്കും തിരിച്ചില്‍ വ്യാപിപ്പിച്ചു.
സംഭവത്തില്‍ മോഷ്‌ടാവിന്റെ രേഖാചിത്രം പോലീസ്‌ നേരത്തേ പുറത്തുവിട്ടിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ പ്രതിയുടെ കൃത്യമായ വിവരം പോലീസിന്‌ കിട്ടിയിട്ടുള്ളത്‌.
നേരത്തേ ബാങ്ക്‌ കവര്‍ച്ചയ്‌ക്ക് വേണ്ടി സമീപത്തെ കടമുറി വാടകയ്‌ക്ക് എടുത്തത്‌ മഞ്ചേശ്വരംകാരന്‍ ഇസ്‌ളാമായീല്‍ എന്നയാളുടെ പേരിലായിരുന്നു. എന്നാല്‍ ഇത്‌ പിന്നീട്‌ വ്യാജമാണെന്ന്‌ പോലീസ്‌ കണ്ടെത്തി. മോഷ്‌ടാവ്‌ മുമ്പും അനേകം കേസുകളില്‍ കുടുങ്ങിയിട്ടുള്ള കുറ്റവാളിയാണെന്ന്‌ പോലീസ്‌ തിരിച്ചറിഞ്ഞു. ഇയാളുടെ അടുത്ത സുഹൃത്തിനെ ചോദ്യം ചെയ്‌തതില്‍ നിന്നും നിര്‍ണ്ണായകമായ അനേകം വിവരങ്ങള്‍ പോലീസിന്‌ കിട്ടിയിട്ടുണ്ട്‌. പ്രതി ഉടന്‍ തന്നെ അറസ്‌റ്റിലാകുമെന്നാണ്‌ പുറത്തുവരുന്ന സൂചനകള്‍.
കഴിഞ്ഞ ശനിയാഴ്‌ച പട്ടാപ്പകല്‍ നടന്ന കൊള്ളയില്‍ 5.11 കോടി രൂപ വിലമതിക്കുന്ന 20.460 കിലോഗ്രാം സ്വര്‍ണവും 2.95 ലക്ഷം രൂപയുമാണ്‌ നഷ്‌ടപ്പെട്ടത്‌. ബാങ്ക്‌ കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള മുറിയുടെ കോണ്‍ക്രീറ്റ്‌ മേല്‍ക്കൂര തുരന്ന്‌ മുകളിലെ നിലയിലെ സ്‌ട്രോംഗ്‌റൂമില്‍ അകത്തുകടന്നായിരുന്നു മോഷണം. മൂന്നു ലോക്കറില്‍ ഒന്ന്‌ കള്ളത്താക്കോല്‍ ഉപയോഗിച്ചു തുറക്കുകയും അലമാര കുത്തിപ്പൊളിച്ചു. അതിനിടയില്‍ ബാങ്ക്‌ ലോക്കറിന്റെ ഡ്യൂപ്‌ളിക്കേറ്റ്‌ കീ കാണാതായിട്ടുള്ളത്‌ സംശയാസ്‌പദമായിട്ടുണ്ട്‌.

Top