ഉറക്കെ ചിരിച്ചും അലറിയും 9 വയസുകാരി; കാരണം പ്രേതബാധയല്ല

ഹോളിവുഡ് ചിത്രം എക്‌സോര്‍സിസ്റ്റ് ഓര്‍മ്മയില്ലേ? ആ ചിത്രം കണ്ടവര്‍ ഒരിക്കലും അതിലെ പെണ്‍കുട്ടിയെ മറന്നുകാണില്ല. പ്രേതബാധ കയറി അവള്‍ കാണിച്ചു കൂട്ടുന്ന വിചിത്രമായ പ്രവൃത്തികള്‍ ആരെയും ഭയപ്പെടുത്തുന്നതായിരുന്നു. സിനിമയലേതിന് സമാനമായി യഥാര്‍ഥ ജീവിതത്തിലും ഒരു എക്‌സോര്‍സിസ്റ്റ് പെണ്‍കുട്ടിയുണ്ട്. ഗ്രേറ്റ് മാഞ്ചസ്റ്റര്‍ സ്വദേശിയായ നിക്കിയുടെ മകള്‍ അമേലിയ എന്ന ഒന്‍പതുവയസ്സുകാരി.പക്ഷെ സിനിമയിലെ പോലെ പ്രേതബാധയല്ല അമേലിയയ്ക്ക്. ഒരു രോഗമാണ് അവളെ വേട്ടയാടുന്നത്. രൂക്ഷമായ ടോണ്‍സിലൈറ്റിസ് (severe tonsillitis) ആണ് അമേലിയയ്ക്ക്. 2016 ലാണ് അമേലിയയില്‍ അസ്വാഭാവികതകള്‍ കണ്ടു തുടങ്ങിയത്. ആ സമയത്ത് ടോണ്‍സിലൈറ്റിസിന് ശക്തമായ ആന്റിബിയോട്ടിക്കുകള്‍ അവള്‍ കഴിക്കുന്നുണ്ടായിരുന്നു. ഏറെക്കാലമായി അമേലിയയ്ക്ക് ടോണ്‍സിലൈറ്റിസ് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് അമ്മ നിക്കി പറയുന്നു. അമേലിയയെ കൂടാതെ പതിനൊന്നുവയസ്സുള്ള ഒരു മകനും ഇവര്‍ക്കുണ്ട്. 2016ല്‍ ഒരു രാത്രിയിലായിരുന്നു അമേലിയയുടെ അവസ്ഥ രൂക്ഷമായത്. പെട്ടെന്നവള്‍ ഉറക്കെ ചിരിക്കാനും അലറാനും തുടങ്ങിയതോടെ നിക്കി ആകെ ഭയപ്പെട്ടു. ചുണ്ടുകള്‍ കൂട്ടി പിടിച്ചു വ്യക്തമല്ലാതെ അവള്‍ എന്തൊക്കെയോ പിറുപിറുക്കാന്‍ തുടങ്ങി. അമേലിയയുടെ മാറ്റം നിക്കിയെ ഭയപ്പെടുത്തി. എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായി. മകളുടെ ഈ ഭാവമാറ്റം കണ്ടു നിക്കിയാണ് മകളുടെ വിഡിയോ ഒരു ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തത്. ആരെങ്കിലും ഈ അവസ്ഥയെ കുറിച്ച് അറിയാവുന്നവര്‍ സഹായിക്കാന്‍ മുന്നോട്ടു വന്നാലോ എന്നായിരുന്നു അവള്‍ ചിന്തിച്ചത്. നിക്കിയുടെ പോസ്റ്റ് കണ്ട ഒരു യുവതി പീഡിയാട്രിക് ഓട്ടോഇമ്യൂണ്‍ ന്യൂറോസൈക്യാട്രിസ്‌റ് ഡിസോഡറും, Sreptococcal Infection (PANDAs) aൂലം ഇത്തരത്തില്‍ ഒരു അവസ്ഥ വരാന്‍ സാധ്യതയുണ്ടെന്നു അറിയിച്ചു. എക്‌സോര്‍സിസ്റ്റ് സിന്‍ഡ്രോം എന്നാണ് ഇതിനു പറയുന്നത്. ടോണ്‍സില്‍ ബാധ അധികമാകുമ്പോള്‍ sreptococcal infection നിമിത്തം ഉണ്ടാകുന്ന ഒരു അവസ്ഥയാണിത്. തലച്ചോറിലെ ചില പ്രവര്‍ത്തനങ്ങള്‍ ആണ് ഇതിനു കാരണം. അമേലിയയുടെ ഡോക്ടറും ഇതേ സ്ഥിരീകരണം ആണ് നടത്തിയത്. ഏകദേശം പത്താഴ്ചയോളം അമേലിയ ഈ ലക്ഷണങ്ങള്‍ കാണിച്ചിരുന്നു. അതിനു ശേഷം അവള്‍ പഴയ കുട്ടിയെ പോലെ ആയി. എന്നാല്‍ അടുത്ത തവണയും ടോണ്‍സില്‍ ബുദ്ധിമുട്ടിക്കാന്‍ തുടങ്ങിയതോടെ അമേലിയ ഈ പെരുമാറ്റം ആരംഭിച്ചു. ആര് കണ്ടാലും കുട്ടിയ്ക്ക് പ്രേതബാധ എന്നാണു തോന്നുക. ഒടുവില്‍ സെപ്റ്റംബര്‍ 2017ല്‍ അമേലിയയുടെ ടോണ്‍സില്‍ നീക്കം ചെയ്തു. ശസ്ത്രക്രിയയ്ക്കു ശേഷവും അവളില്‍ അണുബാധ ഉണ്ടാകുകയും ഈ പെരുമാറ്റവൈകല്യം കാണിക്കുകയും ചെയ്യുന്നുണ്ടെന്ന് നിക്കി പറയുന്നു.

Top