കണ്ണൂർ:കണ്ണൂർ രാഷ്ട്രീയം വീണ്ടും ചോരയിൽ മുങ്ങുന്നു; മാഹിയിൽ സിപിഎം നേതാവ് വെട്ടേറ്റു മരിച്ചതിനു പിന്നാലെ മാഹിയിൽ അക്രമികളുടെ വെട്ടേറ്റ ആർഎസ്എസ് പ്രവർത്തകനും കൊല്ലപ്പെട്ടു. ഓട്ടോഡ്രൈവർ ഷിമോജാണ് മരിച്ചത്. പള്ളൂരിൽ നടന്ന ആക്രമണത്തിൽ സാരമായി പരിക്കേറ്റ ഷിമോജിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും മരിക്കുകയായിരുന്നു. പള്ളൂരിൽ സിപിഎം നേതാവ് വെട്ടേറ്റു മരിച്ചതിന്‍റെ പ്രതികാരമായാണ് ഷിമോജ് ആക്രമിക്കപ്പെട്ടതെന്നാണു കരുതുന്നത്.
മാഹി നഗരസഭ മുൻ കൗണ്‍സിലർ പള്ളൂരിലെ കണ്ണിപ്പൊയിൽ ബാബു തിങ്കളാഴ്ച വെട്ടേറ്റു മരിച്ചിരുന്നു. രാത്രി ഒന്പതരയോടെ ബൈക്കിൽ വീട്ടിലേക്ക് പോകുന്പോൾ പള്ളൂർ കോയ്യോടൻ കോറോത്ത് റോഡിൽ ഒരു സംഘം ആക്രമിക്കുകയായിരുന്നു. സിപിഎം പ്രവർത്തകരെത്തിയാണ് ബാബുവിനെ തലശേരി ഇന്ദിരാ ഗാന്ധി ആശുപത്രിയിൽ എത്തിച്ചത്. വഴിമധ്യേ മരിച്ചു.
കഴുത്തിനും ശരീരത്തിന്‍റെ മുന്നിലും പിറകിലും മഴുപോലുള്ള ആയുധം കൊണ്ടുള്ള വെട്ടേറ്റാണ് മരണം. കഴുത്തിനേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണമെന്നു പോലീസ് പറഞ്ഞു. മൃതദേഹം തലശേരി ഇന്ദിരഗാന്ധി ആശുപത്രി മോർച്ചറിയിൽ.
ബാബുവിന്‍റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച കണ്ണൂർ ജില്ലയിലും മാഹിയിലും ഹർത്താലിന് സിപിഎം കണ്ണൂർ ജില്ലാ കമ്മറ്റി ആഹ്വാനം ചെയ്തു. വാഹനങ്ങളെ ഹർത്താലിൽനിന്ന് ഒഴിവാക്കി. രാവിലെ ആറു മുതൽ വൈകുന്നേരം ആറുവരേയാണ് വരെയാണ് ഹർത്താൽ


