കൊച്ചി: കേരളത്തിൽ തെരുവ് കച്ചവടക്കാരെ ഡിജിറ്റൽ പണമിടപാട് സംവിധാനത്തിലേക്ക് കൊണ്ടുവന്നതിന് ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ ഏസ്മണിക്ക് കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐടി മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചു. കൊച്ചി ആസ്ഥാനമായ ഫിൻടെക് സ്റ്റാർട്ടപ്പായ ഏസ്‌വെയർ ഫിൻടെക്കാണ് ഏസ്മണി ആപ്പ് വികസിപ്പിച്ചത്.
ഡൽഹിയിൽ നടന്ന ആസാദി കാ അമൃത് മഹോത്സവിൽ കേന്ദ്ര വാർത്താവിനിമയ, ഇലക്ട്രോണിക്‌സ്, ഐടി വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവിൽ നിന്നും ഏസ്‌വെയർ ഫിൻടെക് സർവീസസ് മാനേജിംഗ് ഡയറക്ടർ നിമിഷ ജെ. വടക്കൻ, സിഇഒ ജിമ്മിൻ ജെ. കുറിച്ചിയിൽ എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. കേന്ദ്ര നൈപുണ്യ വികസന വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ചടങ്ങിൽ സംബന്ധിച്ചു.
തെരുവ് കച്ചവടക്കാരെ ഡിജിറ്റൽ പണമിടപാട് സംവിധാനത്തിലേക്ക് കൊണ്ടുവരാനായി ആരംഭിച്ച പിഎം സ്വാനിധി പദ്ധതിക്ക് കീഴിൽ നടന്ന പ്രത്യേക പ്രചാരണ പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ 50 പട്ടണങ്ങളിലായി 93% തെരുവ് കച്ചവടക്കാരെ ഡിജിറ്റൽ പണമിടപാട് സംവിധാനത്തിന് കീഴിൽ കൊണ്ടുവന്നിട്ടുണ്ടെന്ന് ഏസ്മണി അറിയിച്ചു.


