തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ചാർജ് വർദ്ധിപ്പിക്കുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. ബോർഡിൻറെ സാമ്പത്തിക ബാധ്യത നികത്തണം. നിരക്ക് കൂട്ടാതെ പിടിച്ചു നിൽക്കാനാകില്ലെന്നും, റെഗുലേറ്ററി കമ്മീഷനോട് നിരക്ക് വർധന ആവശ്യപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി.
വൈദ്യുതി ബോർഡ് കുറഞ്ഞത് 10 ശതമാനം വർധന ആവശ്യപ്പെടുമെന്നാണു സൂചന. നിരക്കുവർധന ആവശ്യപ്പെട്ടുള്ള താരിഫ് പെറ്റീഷൻ ഡിസംബർ 31നു മുൻപ് നൽകാൻ ബോർഡിനോടു നിർദേശിച്ചിട്ടുണ്ട്. തുടർന്ന് ഹിയറിംഗ് നടത്തി റഗുലേറ്ററി കമ്മീഷൻ അന്തിമ തീരുമാനമെടുക്കും.
അതേസമയം നിരക്ക് പുതുക്കി നിശ്ചയിക്കുന്നതിനുള്ള കരടു മാർഗരേഖയിലെ വിവാദ വ്യവസ്ഥകൾ റഗുലേറ്ററി കമ്മീഷൻ പിൻവലിച്ചു. ഇതു വൈദ്യുതി ബോർഡിനും ഗാർഹിക ഉപയോക്താക്കൾക്കും ഗുണകരമാകും. 2019 ജൂലൈ എട്ടിനാണ് ഇതിനു മുൻപു നിരക്ക് കൂട്ടിയത്.
അതേസമയം, സംസ്ഥാനത്തെ സൗജന്യ വൈദ്യുതിയുടെ പരിധി ഉയർത്തി. 20 യൂണിറ്റ് വരെയായിരുന്ന സൗജന്യ വൈദ്യുതി പരിധി 30 യൂണിറ്റാക്കി ഉയർത്തി. പ്രതിമാസം 30 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് വൈദ്യുതി സൗജന്യമാണ്. ബി.പി.എൽ. കുടുംബങ്ങൾക്കും ആനുകൂല്യം, പ്രതിമാസം 40 യൂണിറ്റ് വരെ 1.50 രൂപ എന്നത് 50 യൂണിറ്റ് വരെയാക്കിയും ഉയർത്തിയിട്ടുണ്ട്.
50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർ 1.50 രൂപ നൽകിയാൽ മതി. സർക്കാർ നിർദേശം റെഗുലേറ്ററി കമ്മിഷൻ അംഗീകരിച്ചു. ഇന്നലെ ചേർന്ന ബോർഡ് യോഗത്തിലായിരുന്നു തീരുമാനം. നേരത്തെ തന്നെ ഈ ആവശ്യം സർക്കാർ കെ.എസ്.ഇ.ബിക്ക് മുന്നിൽ വച്ചിരുന്നു. അടുത്ത മാസം മുതൽ പ്രാബല്യത്തിൽ വരും.


