തിരുവനന്തപുരം: തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ കൃത്രിമം കാറ്റടിയ കേസിൽ മുന്‍ മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് തിരിച്ചടി. ആന്റണി രാജു കുറ്റക്കാരനാണെന്ന് നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി വിധിച്ചു. കേസിലെ ഒന്നാം പ്രതിയും കോടതി ക്ലർക്കുമായിരുന്ന ജോസും കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. ആന്റണി രാജുവിനെതിരെ ചുമത്തിയിരുന്ന ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, വ്യാജരേഖ ചമയ്ക്കല്‍ ഉള്‍പ്പെടെയുള്ള എട്ടോളം നിര്‍ണ്ണായക വകുപ്പുകള്‍ കോടതിയില്‍ തെളിഞ്ഞു. കേസില്‍ ഒന്നാം പ്രതിയായ മുന്‍ കോടതി ജീവനക്കാരന്‍ കെ.എസ്. ജോസും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ശിക്ഷാവിധി പിന്നീട് സിജെഎം കോടതി പ്രഖ്യാപിക്കും.
ലഹരിക്കേസില്‍ പിടിയിലായ വിദേശിയെ രക്ഷിക്കാനായി തൊണ്ടിമുതലില്‍ തിരിമറി നടത്തിയെന്ന കേസില്‍ മൂന്ന് പതിറ്റാണ്ട് നീണ്ട വാദ പ്രതിവാദങ്ങള്‍ക്കൊടുവിലാണ് കോടതി വിധി പറഞ്ഞത്. ഇതോടെ ആന്റണി രാജുവിന്റെ നിയമസഭാ അംഗത്വം റദ്ദാകും.
ചുമത്തിയിട്ടുള്ള വകുപ്പുകൾ
ഐപിസി 34 – പൊതുവായ ഉദേശ്യത്തോടെയുള്ള ഒരുത്തു ചേർന്നുള്ള കുറ്റകൃത്യം.409 – സർക്കാർ ഉദ്യോഗസ്ഥൻ്റെ വിശ്വാസവഞ്ചന, (10, വർഷം മുതൽ ജീവപര്യന്തം ശിക്ഷ കിട്ടാം)
120 B – ഗുഢാലോചന
420- വഞ്ചന
201- തെളിവ് നശിപ്പിക്കൽ
193- കള്ള തെളിവുണ്ടാക്കൽ
217- പൊതുസേവകന്റെ നിയമലംഘനം
465 – വ്യാജരേഖ ചമക്കൽ
468 – വഞ്ചിക്കണമെന്ന ഉദ്ദേശ്യത്തോടെ വ്യാജരേഖ ചമക്കൽ
ഇതിൽ 420, 468, 371 വകുപ്പുകൾ നിലനിൽക്കില്ല. 120 ബി, 201, 193, 409, 34 വകുപ്പുകൾ നിലനിൽക്കും. 409 വകുപ്പ് പ്രകാരം രണ്ട് വർഷത്തിൽ കൂടുതൽ ശിക്ഷ ലഭിച്ചാൽ നിയമസഭാ അംഗത്വം റദ്ദാകും. ശിക്ഷാവിധി ഹൈക്കോടതി തടഞ്ഞില്ല എങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനും ആന്റണി രാജുവിന് കഴിയില്ല.
ജീവപര്യന്തം വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തപ്പെട്ടിരിക്കുന്നത്. വിധിയില്‍ രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ തടവ് ശിക്ഷ ലഭിച്ചാല്‍ ആന്റണി രാജുവിന് എംഎല്‍എ സ്ഥാനം ഉടനടി നഷ്ടമാകും. ഇപ്പോള്‍ കേസ് പരിഗണിക്കുന്ന കോടതിയ്ക്ക് മൂന്ന് വര്‍ഷം വരെ മാത്രമേ ശിക്ഷ വിധിക്കാന്‍ കഴിയൂ. ആ സാഹചര്യത്തില്‍ പ്രോസിക്യൂഷന്‍ നിര്‍ണ്ണായക നീക്കം നടത്തിയിട്ടുണ്ട്. കേസിന്റെ വിധി മേല്‍കോടതിയെ കൊണ്ട് നടത്തണമെന്നാണ് ആവശ്യം. ഈ സാഹചര്യത്തില്‍ പ്രോസിക്യൂഷന്‍ അപേക്ഷ കോടതിയില്‍ നല്‍കിയിട്ടുണ്ട്. ഇത് പരിഗണിച്ച് കേസ് മേല്‍കോടതിയിലേക്കു വിടുമോ എന്നതാണ് നിര്‍ണ്ണയകം. അതു ചെയ്യാതെ വിധി പറഞ്ഞാല്‍ പരമാവധി മൂന്ന് വര്‍ഷം ശിക്ഷ മാത്രമേ ആന്റണി രാജുവിന് കിട്ടൂ.
1990-ല്‍ 60 ഗ്രാം ഹാഷിഷുമായി പിടിയിലായ ഓസ്ട്രേലിയന്‍ പൗരന്‍ ആന്‍ഡ്രൂ സാല്‍വദോറിനെ രക്ഷിക്കാന്‍ കോടതിയിലെ തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ കൃത്രിമം കാണിച്ചു എന്നതാണ് കേസ്. അന്ന് ആന്‍ഡ്രൂവിന്റെ അഭിഭാഷകനായിരുന്ന ആന്റണി രാജു, കോടതി ക്ലാര്‍ക്ക് ജോസിന്റെ സഹായത്തോടെ തൊണ്ടിമുതല്‍ കൈപ്പറ്റുകയും അത് വെട്ടിത്തയ്ച്ച് ചെറുതാക്കി തിരികെ ഏല്‍പ്പിക്കുകയും ചെയ്തു. അടിവസ്ത്രം പ്രതിക്ക് പാകമാകില്ലെന്ന് തെളിയിച്ച് ഹൈക്കോടതിയില്‍ നിന്ന് ഇയാള്‍ അനുകൂല വിധി നേടി.
ലഹരി മരുന്ന് കേസിൽ പിടിയിലായ ഓസ്‌ട്രേലിയൻ പൗരനെ രക്ഷപ്പെടുത്താൻതൊണ്ടിമുതലിൽ കൃത്രിമം കാട്ടിയെന്നാണ് ആന്റണി രാജുവിനെതിരായ കുറ്റം. 1990ൽ തിരുവനന്തപുരം വിമാനത്താവളത്തിലാണ് വിദേശ പൗരൻ ആൻഡ്രൂ സാൽവദോർ അടിവസ്ത്രത്തിൽ ലഹരിമരുന്നുമായി പിടിയിലായത്. ഈ വ്യക്തി മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച അടിവസ്ത്രം ചെറുതാക്കി തയ്ച്ച് പ്രതിക്ക് പാകമാകാത്തവിധം ആന്റണി രാജു തിരികെയേൽപ്പിച്ചുവെന്നാണ് കേസ്.വര്‍ഷങ്ങള്‍ക്ക് ശേഷം ഓസ്ട്രേലിയയില്‍ മറ്റൊരു കേസില്‍ ജയിലില്‍ കഴിയവെ ആന്‍ഡ്രൂ തന്നെയാണ് ഈ തട്ടിപ്പിന്റെ വിവരം സഹതടവുകാരനോട് വെളിപ്പെടുത്തിയത്. ഇന്റര്‍പോള്‍ വഴി സിബിഐക്കും തുടര്‍ന്ന് കേരള പോലീസിനും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസില്‍ പുനരന്വേഷണം നടന്നത്. ഐപിസി 409 (വിശ്വാസവഞ്ചന), 120 ബി (ഗൂഢാലോചന), 201 (തെളിവ് നശിപ്പിക്കല്‍), 465 (വ്യാജരേഖ ചമയ്ക്കല്‍) തുടങ്ങിയ ഗുരുതര വകുപ്പുകളാണ് കോടതി ശരിവെച്ചിരിക്കുന്നത്.










