ന്യൂഡല്‍ഹി: കര്‍ണാടകയിലെ ഹിജാബ് വിവാദത്തില്‍ വിദേശ രാജ്യങ്ങള്‍ക്കു പ്രതികരണത്തിന് അവകാശമില്ലെന്ന് വിദേശകാര്യ മന്ത്രാലയം. കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിച്ചെത്തുന്നതുമായി ബന്ധപ്പെട്ടാണ് വിവാദം. തര്‍ക്കം അവിടുത്തെ ഹൈക്കോടതിയുടെ പരിഗണനയിലാണ്.
ഇതൊക്കെ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്. അതില്‍ വിദേശ ശക്തികള്‍ ഇടപെടേണ്ടെന്നും ഇന്ത്യ വ്യക്തമാക്കി. ഇന്ത്യക്ക് സ്വന്തമായ ഭരണഘടനാ സംവിധാനങ്ങളുണ്ട്. ജനാധിപത്യ മൂല്യങ്ങളുണ്ട്. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇതൊക്കെയുള്ളപ്പോള്‍ ബാഹ്യ ഇടപെടല്‍ ആവശ്യമില്ല. തന്നെയുമല്ല, കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയവുമാണതെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി.
സ്‌കൂളുകളില്‍ ഹിജാബും മുഖാവരണവും ധരിക്കാനുള്ള സ്വാതന്ത്ര്യം ഉയര്‍ത്തിക്കാട്ടി യു.എസും മുസ്ലിംകളുടെ ഇന്റര്‍ ഗവണ്‍മെന്റല്‍ പ്രസ്ഥാനമായ ഒ.ഐ.സിയും പ്രതികരിച്ചതിനു പിന്നാലെയാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്.


