ഇന്ത്യന്‍ ടീമില്‍ കയറിപറ്റി അനുഷ്‌ക; എന്നുമുതലാണ് അനുഷ്‌കയെ ടീമിലെടുത്തതെന്ന് ആരാധകര്‍

വിരാടുമൊത്തുള്ള അനുഷ്‌കയുടെ ചിത്രം സോഷ്യല്‍ മീഡിയയുടെ ട്രോള്‍ ശരങ്ങള്‍ ഏറ്റുവാങ്ങുകയാണ്. കാരണം മറ്റൊന്നുമല്ല, നിയമം തെറ്റിച്ച് ഇന്ത്യന്‍ ടീമിനൊപ്പം ഫോട്ടോയെടുത്തതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായത്. ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ കാണാനെത്തിയ ഇന്ത്യന്‍ ടീമിനൊപ്പം അനുഷ്‌കയുമുണ്ടായിരുന്നു. പിന്നീട് ടീമിനും ഒഫീഷ്യല്‍സിനുമൊപ്പമെടുത്ത ഫോട്ടോയിലും അനുഷ്‌കയുണ്ട്.

ബിസിസിഐയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ ഫോട്ടോ പോസ്റ്റ് ചെയ്തതോടെ രൂക്ഷവിമര്‍ശനമാണ് ആരാധകരില്‍ നിന്ന് ഉയരുന്നത്. താരങ്ങള്‍ക്ക് ഭാര്യമാരുമായി ഔദ്യോഗിക ചടങ്ങില്‍ എത്തുന്നതിന് നിയമപരമായി നിയന്ത്രണമുണ്ട്. മാത്രവുമല്ല ടീം ഫോട്ടോയില്‍ യാതൊരു കാരണവശാലും താരങ്ങളുടെ പങ്കാളിയെ ഉള്‍പ്പെടുത്താനും പാടില്ല. എന്നാല്‍ അനുഷ്‌കയ്ക്ക് വേണ്ടി ഈ നിയമങ്ങളെല്ലാം കാറ്റില്‍പ്പറത്തിയിരിക്കുകയാണ്. ഇതിനെതിരെയാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം ഉയരുന്നത്.

അനുഷ്‌ക എപ്പോഴാണ് ഇന്ത്യയ്ക്ക് വേണ്ടി ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയതെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. കോഹ്‌ലിയുടെ ഭാര്യയും ബോളിവുഡിലെ താരവുമായതിനാലാണ് നിയമം മറന്ന് അനുഷ്‌കയെ ടീമിനൊപ്പം ഫോട്ടോയെടുക്കാനായി ക്ഷണിച്ചതെന്നും സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നു. വിരാട് കോഹ്‌ലിയ്‌ക്കൊപ്പം ടീമിന്റെ മുന്‍ നിരയിലാണ് അനുഷ്‌ക ഫോട്ടോയില്‍ നില്‍ക്കുന്നത്. എന്നാല്‍ വൈസ് ക്യാപ്റ്റനായ രഹാനെ മുന്‍ നിരയിലില്ലതാനും. ഇതും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നു.

Top