അയര്‍ലന്‍ഡിനെതിരായ ടിട്വന്റി: കൊഹ്‌ലിയെ വെട്ടിലാക്കി ബിസിസിഐ

മുംബൈ: അയര്‍ലന്‍ഡിനെതിരായ ടിട്വന്റി മത്സരത്തിനുള്ള ടീം പ്രഖ്യാപിച്ചതോടെ വെട്ടിലായത് വിരാട് കൊഹ്‌ലിയാണ്. ടീമിന്റെ നായകനായ കൊഹ്‌ലിയെ തെരഞ്ഞെടുത്തതോടെ കൗണ്ടി മത്സരം പ്രതിസന്ധിയിലായി. നേരെത്തെ അഫ്ഗാനിസ്താന്‍ ടെസ്റ്റില്‍ പങ്കെടുക്കാതെ കൗണ്ടി കളിക്കാന്‍ പോവാനുള്ള കൊഹ്‌ലിയുടെ തീരുമാനത്തിനെതിരെ ബിസിസിഐ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അയര്‍ലന്‍ഡിനെതിരായ ടി20 മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചത്.

ജൂണ്‍ 27, 29 എന്നീ ദിവസങ്ങളിലായാണ് അയര്‍ലന്‍ഡിനെതിരായ മത്സരങ്ങള്‍ നടക്കുന്നത്. അതേ സമയം കൊഹ്‌ലിയുടെ അവസാന കൗണ്ടി മത്സരം ജൂണ്‍ 25 ന് തുടങ്ങി 28 നാണ് അവസാനിക്കുന്നത്. ഇതോടെയാണ് ഇന്ത്യന്‍ നായകന്‍ വെട്ടിലായിരിക്കുന്നത്.

‘വിരാട് കൊഹ്‌ലിയെ അയര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ സെലക്ട് ചെയ്തിട്ടുണ്ടെങ്കില്‍, അതിനര്‍ത്ഥം കൊഹ്‌ലി യോര്‍ക്ക് ഷെയറിന് എതിരായ മത്സരത്തില്‍ കളിക്കില്ല എന്നാണ് ‘ ഇതിനെ പറ്റി ബിസിസിഐ ഒഫീഷ്യല്‍ പറഞ്ഞത് ഇപ്രകാരമാണ്.

അതേസമയം അയര്‍ലന്‍ഡുമായുള്ള ടി20 പരമ്പരയില്‍ കളിക്കാനാണ് കൊഹ്‌ലി തീരുമാനിക്കുന്നതെങ്കില്‍ സറേയ്ക്ക് വേണ്ടി ഈ സീസണില്‍ കേവലം രണ്ട് കൗണ്ടി മത്സരങ്ങളില്‍ കളിക്കാന്‍ മാത്രമേ കോഹ്‌ലിക്ക് കഴിയൂ. ഇംഗ്ലണ്ട് പര്യടനത്തിന് മുന്‍പ് അവിടുത്തെ കളി സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ കൗണ്ടി കളിക്കാന്‍ തീരുമാനിച്ച കൊഹ്‌ലിയ്ക്ക് ഇത് വന്‍തിരിച്ചടിയാകും.

Top