മത്സരത്തിലെ ആ തെറ്റിന് കൊഹ്‌ലിക്ക് 12 ലക്ഷം രൂപ പിഴ

ഐപിഎല്ലില്‍ ചെന്നൈയ്‌ക്കെതിരായ മത്സരത്തില്‍ ബംഗളൂരു നായകന്‍ വിരാട് കൊഹ്‌ലിക്ക് കൂറ്റന്‍ പിഴശിക്ഷ. മത്സരത്തില്‍ ബൗളിംഗിലെ മെല്ലപ്പോക്കാണ് പിഴ വിധിക്കാന്‍ കാരണമായത്. 12 ലക്ഷം രൂപയാണ് പിഴത്തുക. മത്സരം അവസാന നിമിഷം തോറ്റ ബംഗളൂരുവിനെ സംബന്ധിച്ച് ഈ വാര്‍ത്ത ഏറെ നിരാശപ്പെടുത്തുന്നതാണ്. ഈ സീസണില്‍ ആദ്യമായാണ് ബംഗളൂരു ഇത്തരമൊരു തെറ്റ് വരുത്തുന്നതെന്ന് കണക്കിലെടുത്താണ് ശിക്ഷ പിഴയില്‍ മാത്രമായി ഒതുക്കാന്‍ കാരണമായത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗളൂരു ഡിവില്ലിയേഴ്‌സിന്റെ മികവില്‍ കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തിയെങ്കിലും അവസാന ഓവറില്‍ ധോണിയുടെ തകര്‍പ്പന്‍ ബാറ്റിംഗിലൂടെ ചെന്നൈ മത്സരം സ്വന്തമാക്കി. ബംഗളൂരു ഉയര്‍ത്തിയ 205 റണ്‍സ് വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ മറികടക്കുകയായിരുന്നു.

ചെന്നൈയ്ക്കായി നായകന്‍ മഹേന്ദ്ര സിംഗ് ധോണി 34 പന്തില്‍ പുറത്താകാതെ 70ഉം അമ്പാടി റായിഡു 53 പന്തില്‍ 82 റണ്‍സും എടുത്തു. നേരത്തെ എബി ഡിവില്ലേഴ്‌സ് ബംഗളൂരുവിനായി 30 പന്തില്‍ 68 റണ്‍സാണ് സ്വന്തമാക്കിയത്.

Top