ബഹുമാനവും മാന്യതയില്ലാത്തതുമായ പെരുമാറ്റം; കൊഹ്‌ലിക്കെതിരെ കടുത്ത വിമര്‍ശനവുമായി ജോണ്‍സണ്‍

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിക്കെതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ ഓസീസ് പേസ് ബൗളര്‍ മിച്ചല്‍ ജോണ്‍സണ്‍ രംഗത്ത്. പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റില്‍ വിരാട് കൊഹ്‌ലിയുടെ പെരുമാറ്റം ബഹുമാനമില്ലാത്തതും മാന്യതയില്ലാത്തതുമായിരുന്നുവെന്നാണ് മിച്ചല്‍ ജോണ്‍സണ്‍ പറഞ്ഞത്. മത്സരത്തിനു ശേഷം ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്‌നിന് കൈ കൊടുക്കുമ്പോള്‍ കോലി മുഖത്ത് നോക്കാന്‍ പോലും തയ്യാറായില്ലെന്ന് ജോണ്‍സണ്‍ ഫോക്‌സ് സ്‌പോര്‍ട്‌സില്‍ എഴുതിയ കോളത്തില്‍ വ്യക്തമാക്കി. കൊഹ്‌ലിയുടെ ഈ പെരുമാറ്റത്തിനെതിരേ കടുത്ത ഭാഷയിലാണ് ജോണ്‍സണ്‍ പ്രതികരിച്ചിരിക്കുന്നത്.

കൊഹ്‌ലിയുടെ ഈ പെരുമാറ്റം ബഹുമാനക്കുറവു തന്നെയാണ്. തീര്‍ത്തും ബാലിശമായ പെരുമാറ്റമാണ് കൊഹ്‌ലിയില്‍ നിന്നുണ്ടായതെന്നും ജോണ്‍സണ്‍ ചൂണ്ടിക്കാട്ടി. ”കൊഹ്‌ലി അങ്ങനെ ഒരിക്കലും പെരുമാറരുതായിരുന്നു. മത്സരശേഷം പരസ്പരം കൈ കൊടുക്കുമ്പോള്‍ മുഖത്തു നോക്കി മികച്ച മത്സരമായിരുന്നു എന്നു പറയുന്നതാണ് മാന്യത. പക്ഷേ, ടിം പെയ്‌ന് കൈ കൊടുത്തപ്പോള്‍ കൊഹ്‌ലി മുഖത്തുപോലും നോക്കിയില്ല. എന്തൊരു ബഹുമാനമില്ലാത്ത പെരുമാറ്റമാണിത് ”, ജോണ്‍സണ്‍ കുറിച്ചു. സെഞ്ചുറി നേടിയ ശേഷം ഔട്ടായി മടങ്ങവെ എഴുന്നേറ്റു നിന്ന് കയ്യടിച്ച പെര്‍ത്തിലെ കാണികള്‍ക്ക് നന്ദി പറയാതെ ഡ്രസിങ് റൂമിലേക്ക് കയറിപ്പോയ കൊഹ്‌ലിയുടെ നടപടി ശരിയായില്ലെന്നും ജോണ്‍സണ്‍ ചൂണ്ടിക്കാട്ടി.

വിവാദ ക്യാച്ചിലാണ് പുറത്തായതെങ്കിലും കാണികള്‍ നല്‍കുന്ന ആദരവിനെ തിരിച്ച് ബഹുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.  അതേസമയം കൊഹ്‌ലി ഓസീസ് ക്യാപ്റ്റനോടു മോശമായി പെരുമാറിയെന്ന റിപ്പോര്‍ട്ടുകള്‍ ബിസിസിഐ തള്ളിക്കളഞ്ഞു. ‘ ഞാന്‍ ഈ ലോകത്തിലെ ഏറ്റവും മികച്ച താരമാണ്. നിങ്ങള്‍ വെറും താല്‍ക്കാലിക ക്യാപ്റ്റനും’ എന്ന് കോലി, പെയ്‌നോട് പറഞ്ഞെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കോലിയില്‍ നിന്ന് ഇത്തരമൊരു പരാമര്‍ശമുണ്ടായിട്ടില്ലെന്ന് ബിസിസിഐ പ്രസ്താവനയില്‍ വ്യക്തമാക്കി.

Top