കോഹ്‌ലിയെ ചുംബിക്കാന്‍ ശ്രമം; തള്ളിമാറ്റി താരം….

ഹൈദരാബാദ്: രാജ്‌കോട്ട് ടെസ്റ്റ് മത്സരത്തിനിടെ ഗ്രൗണ്ടില്‍ ഓടിയെത്തി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയ്‌ക്കെതിരെ സെല്‍ഫിയെടുത്തതിന് പിന്നാലെ സമാന സംഭവം വീണ്ടും ഉണ്ടായിരിക്കുകയാണ് ഹൈദരാബാദില്‍. ഇത്തവണ ആരാധകര്‍ ഗ്രൗണ്ടിലിറങ്ങി ഇന്ത്യന്‍ ക്യാപ്റ്റനെ ചുംബിക്കാന്‍ ശ്രമിക്കുകയായിരുന്നു. ചുംബനശ്രമം എതിര്‍ത്ത കോഹ്‌ലി ഇയാളെ തള്ളിമാറ്റി. സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ആരാധകനെ പുറത്തേക്ക് കൊണ്ടുപോയി. ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനത്തിലാണ് ആരാധകന്റെ അമിത സ്‌നേഹപ്രകടനം.

ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ബാറ്റു ചെയ്യുന്നതിനിടെയാണ് സ്‌നേഹചുംബംനം നല്‍കാന്‍ ശ്രമിച്ചത്. മൈതാനത്തേക്ക് ഇറങ്ങി ഓടിയ ഇയാള്‍ താരത്തെ കെട്ടിപ്പിടിക്കാനും ശ്രമിച്ചു. അതേസമയം, സെല്‍ഫിയെടുക്കാനുള്ള ആരാധകന്റെ ശ്രമം ക്യാപ്റ്റന്‍ എതിര്‍ത്തില്ല. സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച ബൗണ്ടറിക്കരികിലുള്ള ബാരിക്കേട് കടന്ന് 70 മീറ്ററോളം പിന്നിട്ടാണ് ഇയാള്‍ ഇന്ത്യന്‍ നായകനടുത്ത് ഓടിയെത്തിയത്.

കളിക്കാര്‍ക്ക് സുരക്ഷയൊരുക്കുന്നതില്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയായാണ് ഇത് കണക്കാക്കുന്നത്. രാജ്‌കോട്ട് ടെസ്റ്റിനിടെ രണ്ടുപേര്‍ ക്യാപ്റ്റനൊപ്പം സെല്‍ഫിയെടുത്ത് മടങ്ങിയിരുന്നു. ഹൈദരാബാദിലും സമാന സംഭവം ആവര്‍ത്തിച്ചത് ബിസിസിഐയ്ക്ക് തലവേദനയുണ്ടാക്കിയിരിക്കുകയാണ്.

കളിക്കാരെ ആക്രമിക്കാനുള്ള സാധ്യതകള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തുറന്നിടുകയാണെന്നാണ് വിമര്‍ശനം. കളിക്കാര്‍ ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കുന്ന പ്രവണത ഒഴിവാക്കേണ്ടതാണെന്നാണ് സുരക്ഷാ ജീവനക്കാരുടെ നിലപാട്. ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കിടയിലും മറ്റും ഇത്തരത്തില്‍ ഓടിക്കയറുന്നവര്‍ക്ക് പിന്നീട് ഗ്യാലറികളില്‍നിന്നും വിലക്ക് ഏര്‍പ്പെടുത്താറുണ്ട്.

Top