കോഹ്‌ലിക്കിന്ന് പിറന്നാള്‍; ആഘോഷം അനുഷ്‌കയ്‌ക്കൊപ്പം ആശ്രമത്തില്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി തന്റെ 30-ാം പിറന്നാള്‍ ആഘോഷത്തിനൊരുങ്ങുന്നു. ഹരിദ്വാറിലെ ആശ്രമത്തില്‍ ഇത്തവണ ഭാര്യയ്‌ക്കൊപ്പമാണ് ആഘോഷമെന്നാണ് റിപ്പോര്‍ട്ട്. ഇതിനായി ഭാര്യ അനുഷ്‌കയ്‌ക്കൊപ്പം കോഹ്‌ലി ഡെറാഡൂണിലെത്തി. നവംബര്‍ 7 വരെ ഇവിടെ ചെലവഴിച്ച് ആഘോഷവും സാഹസിക പരിപാടികളുമാണ് കോഹ്‌ലി തീരുമാനിച്ചിരിക്കുന്നത്. അനുഷ്‌കയുടെ കുടുംബത്തിന്റെ ആത്മീയ ഗുരുവായ മഹാരാജ് ആനന്ദ് ബാബയാണ് ഹരിദ്വാറിലെ ആശ്രമത്തിലെ ഇപ്പോഴത്തെ മേധാവി.

ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന ടി20 പരമ്പരയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് ഇപ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍. വിവിഐപികളുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രദേശത്ത് കനത്ത സുരക്ഷയും സൗകര്യങ്ങളും ഒരക്കിയിട്ടുണ്ട്. അനുഷ്‌ക പലവട്ടം ഇവിടെ ഗുരുവിനെ കാണാനായി എത്തിയിട്ടുണ്ട്.

കഴിഞ്ഞ ഡിസംബറില്‍ കോഹ്‌ലിയുമായുള്ള വിവാഹത്തിന് മുന്‍പും അനുഷ്‌ക ഇവിടെ എത്തിയിരുന്നു. ആനന്ദ ബാബ ഇരുവരുടെയും വിവാഹത്തിനായി ഇറ്റലിയില്‍ എത്തുകയും ചെയ്തു. കഴിഞ്ഞവര്‍ഷം ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയ്ക്കിടെയായിരുന്നു കോഹ്‌ലിയുടെ പിറന്നാള്‍. അന്ന് സഹകളിക്കാരും അനുഷ്‌കയും ചേര്‍ന്ന് പിറന്നാള്‍ ആഘോഷമാക്കി.

കോഹ്‌ലി ക്രിക്കറ്റ് ലോകത്തെ ഏറ്റവും മികച്ചവനായി കുതിക്കുമ്പോള്‍ അനുഷ്‌ക സിനിമാ മേഖലയിലും തിളങ്ങുകയാണ്. ഷാരൂഖ് ഖാനൊപ്പമുള്ള സീറോ ഡിസംബറില്‍ റിലീസിനൊരുങ്ങാനിരിക്കെ തിരക്കുകള്‍ക്കിടയിലാണ് ഇരുവരും ആശ്രമത്തിലെത്തുന്നത്.

Top