അത്തോളി: സംസ്ഥാനത്ത് വീണ്ടും ലോക്കപ്പ് മര്‍ദ്ദനം. ശ്രീജിത്തിന്റെ കസ്റ്റഡി മരണം സംസ്ഥാനത്തെ മുഴുവന്‍ നടുക്കിയതും രാജ്യത്തിനുമുന്നിൽ കേരളത്തെ അപഹസിക്കാനും കാരണമായിരുന്നു .ശ്രീജിത്തിന്റെ കൊലപാതകം സംസ്ഥാനത്തിന് മാനക്കേടുണ്ടാക്കിയെന്ന് മുഖ്യമന്ത്രിയും പ്രതികരിച്ചിരുന്നു .ആ കേസിന്റെ അന്വേഷണം നടന്നുക്കൊണ്ടിരിക്കയാണ്.ഇതിനുപിന്നാലെ വീണ്ടും ലോക്കപ്പ് മര്‍ദ്ദനം റിപ്പോര്‍ട്ട് ചെയ്യുന്നു. കോഴിക്കോട് അത്തോളിയില്‍ യുവാവിനെ ലോക്കപ്പില്‍ നഗ്നനാക്കി നിര്‍ത്തി മര്‍ദ്ദിച്ചുവെന്ന് പരാതി. പരുക്കേറ്റ യുവാവ് പൊലീസ് സ്റ്റേഷന് മുന്നില്‍ കുഴഞ്ഞു വീണു. പൊലീസ് ജീപ്പില്‍ വച്ച് മര്‍ദ്ദിച്ചുവെന്നും പരാതി. ബാലുശ്ശേരി സ്വദേശി അനൂപിനാണ് മര്‍ദ്ദനമേറ്റത്. അത്തോണി സ്റ്റേഷനിലെ എഎസ്‌ഐ രഘുവാണ് മര്‍ദ്ദിച്ചതെന്ന് ആശുപത്രിയിലായ അനൂപ് പറഞ്ഞു.
വീട്ടിലെത്തി കുളിമുറിയില്‍നിന്ന് അനൂപിനെ വലിച്ചിഴച്ച് കൊണ്ടുപോകുയായിരുന്നെന്നാണ് അനൂപ് പറയുന്നത്. തടയാന്‍ ശ്രമിച്ച ഭാര്യയെയും അമ്മയെയും പോലീസ് അസഭ്യം പറഞ്ഞു. പോലീസ് ജീപ്പില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും തലമുടി പിടിച്ചു പറിക്കുകയും ചെയ്തു. ലോക്കപ്പിലെത്തിച്ച് വസ്ത്രം ഊരിക്കളഞ്ഞ് നഗ്‌നനാക്കി നിര്‍ത്തി. ചുമരില്‍ ചേര്‍ത്തു നിര്‍ത്തി മര്‍ദ്ദിക്കുകയും കൈ പിടിച്ച് തിരിക്കുകയും ചെയ്തു. പിന്നീട് സ്റ്റേഷനില്‍നിന്ന് ജാമ്യത്തില്‍ പുറത്തിറങ്ങിയ അനൂപ് സ്റ്റേഷനു മുന്നില്‍ കുഴഞ്ഞുവീഴുകയായിരുന്നു.
ഒരു കല്യാണവീട്ടില്‍ മദ്യപിച്ചെത്തിയ ചില പോലീസുകാര്‍ അവിടെയുള്ളവര്‍ അസഭ്യം പറഞ്ഞതിനെ ഒരു സംഘം യുവാക്കള്‍ ചോദ്യംചെയ്തിരുന്നു. ഈ വൈരാഗ്യത്തിലാണ് അനൂപ് അടക്കമുള്ള യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് ആരോപണം. വീട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്ത അനൂപിനെ 10 മണിക്കൂറോളം ലോക്കപ്പില്‍ സൂക്ഷിച്ചതായും ജാമ്യം നല്‍കാന്‍ തയ്യാറായില്ലെന്നും ആരോപണമുണ്ട്. മര്‍ദ്ദിച്ച പോലീസുകാരനെതിരായി അത്തോളി പോലീസില്‍ പരാതി നല്‍കിയെങ്കിലും സ്വീകരിക്കാന്‍ തയ്യാറായില്ലെന്ന് അനൂപ് പറയുന്നു.
ശാരീരിക അസ്വസ്ഥതകള്‍ മൂലം വരാപ്പുഴ പോലീസ് സ്റ്റേഷനില്‍ വെച്ച് ബോധരഹിതനായ ശ്രീജിത്തിനെ കഴിഞ്ഞ മാസം എട്ടിനാണ് പോലീസ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. തുടര്‍ന്ന് ഒമ്പതാം തിയതി വൈകുന്നേരം ആശുപത്രിയില്‍ വെച്ച് ശ്രീജിത്ത് മരണത്തിന് കീഴടങ്ങുകയായിരുന്നു.ക്രൂരമായ മര്‍ദ്ദനത്തില്‍ ശ്രീജിത്തിന്റെ ആന്തരാവയവങ്ങള്‍ക്ക് സംഭവിച്ച ക്ഷതമാണ് മരണത്തിലേക്ക് നയിച്ചതെന്നായിരുന്നു പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്. ഉരുട്ടി കൊലയ്ക്ക് സമാനമായ പീഡന മുറകളാണ് ശ്രീജിത്ത് നേരിടേണ്ടിവന്നതെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
അതേസമയം, മര്‍ദ്ദിച്ചിട്ടിലെന്നാണ് അത്തോളി പോലീസ് പറയുന്നത്.ജനമൈത്രി പൊലീസ് ജനദ്രോഹ പൊലീസ് ആയെന്ന് വി.എം സുധീരന്‍ അഭിപ്രായപ്പെട്ടു.


