ക്രൈം ഡെസ്‌ക്
കണ്ണൂർ: വ്യക്തി പൂജാ വിവാദത്തിൽ കുടുങ്ങി പാർട്ടിയുടെ ശാസനയ്ക്കു വിധേയനായ പി.ജയരാജനെ സംസ്ഥാന സെക്രട്ടറിയാക്കാൻ സിപിഎം നീക്കം. കണ്ണൂർ ലോബിയും, തോമസ് ഐസക്കിന്റെയും എം.എ ബേബിയുടെയും നേതൃത്വത്തിലുള്ള ആലപ്പുഴ ലോബിയും ചേർന്ന് നടത്തുന്ന രഹസ്യനീക്കത്തിലൂടെ ജയരാജനെ കണ്ണൂർ ലോബിയുടെ അപ്രതീക്ഷിത സ്ഥാനാർഥിയാക്കാനാണ് നീക്കം. കൊടിയേരി – പിണറായി സംഘം പാർട്ടിയിൽ പിടിമുറുക്കുന്നതോടെ അപ്രസക്തരായി മാറുന്ന കണ്ണൂർ – ആലപ്പുഴ ലോബിയാണ് ഇപ്പോൾ തന്ത്രങ്ങളുമായി സംസ്ഥാന സമ്മേളനത്തിനു തയ്യാറെടുക്കുന്നത്. വുവിധ ജില്ലകളിൽ ഏരിയ സമ്മേളനങ്ങൾ സിപിഎം പൂർത്തിയാക്കി വരികയാണ്. ഇതിനിടെയാണ് ഇപ്പോൾ തന്ത്രപരമായ നീക്കവുമായി സിപിഎം എത്തുന്നത്.
എന്നാൽ, തന്റെ ഏറ്റവും വിശ്വസ്തനായ കൊടിയേരി ബാലകൃഷ്ണനെ ആഭ്യന്തരമന്ത്രി സ്ഥാനത്ത് എത്തിച്ച് സർക്കാരിനെ കരുത്ത് വർധിപ്പിക്കുന്നതിനാണ് പിണറായിയുടെ തന്ത്രം. തോമസ് ചാണ്ടി രാജി വയ്ക്കുന്നതോടെ നഷ്ടമാകുന്ന സർക്കാരിന്റെ പ്രതിഛായ തിരിച്ചു പിടിക്കാൻ വി.എസ് സർക്കാരിൽ മികച്ച ആഭ്യന്തരമന്ത്രിയെന്നു പേരു കേട്ട കൊടിയേരിയിലൂടെ സാധിക്കുമെന്നാണ് പിണറായി പ്രതീക്ഷിക്കുന്നത്.
ഇതേ് തുടർന്നാണ് ജയരാജനെ സംസ്ഥാന സെക്രട്ടറി പദത്തിലേയ്ക്ക് എത്തിക്കുന്നതിനുള്ള നീക്കം നടക്കുന്നത്. കണ്ണൂരിലെ ജയരാജൻ ത്രയങ്ങളിലെ മറ്റു രണ്ടുപേരും സംസ്ഥാന തല രാഷ്ട്രീയത്തിൽ വ്യാപൃതരായപ്പോൾ സ്വന്തം ഭൂമിയിൽ ചവിട്ടിനിന്നു പാർട്ടി വളർത്തുകയായിരുന്നു പി ജയരാജൻ. ആ ഒരു ചവിട്ടി നിൽക്കലാണ് പി ജയരാജനെ ഉയർത്തിയെടുത്ത ജനപിന്തുണ നേടിക്കൊടുത്തതും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ജയരാജൻ മത്സരിക്കണമെന്നും പാർട്ടി അധികാരത്തിലെത്തിയാൽ ആഭ്യന്തരമന്ത്രിപദവിയിലേക്ക് ജയരാജൻ എത്തുമെന്നുള്ള തരത്തിൽ വൻ പ്രചരണം നടന്നിരുന്നു. കണ്ണൂരുകാർെക്കാപ്പം ഇങ്ങ് തിരുവനന്തപുരം വരെയുള്ള മറ്റു ജില്ലയിലെ പാർട്ടി പ്രവർത്തകരും ഇക്കാര്യം ആഗ്രഹിച്ചിരുന്നുവെന്നുള്ളതാണ് യഥാർത്ഥ്യം. പാർട്ടിക്കതീതനായെന്ന തരത്തിൽ പി ജയരാജനെതിരെ ഉയരുന്ന ആരോപണങ്ങൾ സാധാരണ പാർട്ടി പ്രവർത്തകർ തള്ളിക്കളയാൻ തന്നെയാണ് സാധ്യത. പാർട്ടി കമ്മിറ്റികളിലുണ്ടാകുന്ന വിമർശനങ്ങളുടെയും സ്വയം വിമർശനങ്ങളുമൊക്കെയാണ് ഉയരുന്ന ആരോപണങ്ങൾക്കു കാരണങ്ങളെന്നു ജയരാജൻ തന്നെ വ്യക്തമാക്കുകയും ചെയ്തുകഴിഞ്ഞു. എന്നാൽ പാർട്ടി സമ്മേളനങ്ങൾ നടക്കുന്ന ഈ സാഹചര്യത്തിൽ പി ജയരാജനെപ്പോലുള്ള ഒരു നേതാവിനെതിരെ ഇത്തരത്തിൽ വാർത്തകൾ ഉയരുന്നതിന്റെ കാരണമാണ് പ്രവർത്തകർക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്. അതിനുപിന്നാലെ ജയരാജന്റെ വിശദീകരണക്കുറിപ്പുക കൂടി വന്നതോടെ ആശയക്കുഴപ്പം ഒന്നുകൂടി വർദ്ധിക്കുകയായിരുന്നു. ഈ സമ്മേളനത്തോടെ കണ്ണൂർ ജില്ലാസെക്രട്ടറിയായി പി ജയരാജൻ മൂന്നു ടേം പൂർത്തിയാക്കുകയാണ്. പാർട്ടി ചട്ടമനുസരിച്ചു സ്വാഭാവികമായും മറ്റൊരു പേര് സെക്രട്ടറി സ്ഥാനത്തേക്കു ഉയർന്നുവരണം. നിലവിലെ സാഹചര്യത്തിൽ കണ്ണൂരിൽ ജയരാജന് പകരം മറ്റൊരാളെ കണ്ടെത്തുക പാർട്ടിയെ സംബന്ധിച്ചു വലിയ പ്രതിസന്ധിയാണ്. സാധാരണ ജനങ്ങൾക്കിടയിൽ ഇറങ്ങി പ്രവർത്തിക്കുകയും രാഷ്ട്രീയ ശത്രുക്കളുടെ ഇടങ്ങളിലേക്കു ഇടിച്ചു കയറി അതിലുള്ളവരെ സിപിഐഎമ്മിലേക്കു കൊണ്ടുവരികയും ചെയ്യുന്ന ജയരാജന്റെ ബുദ്ധിയ്ക്കും ധൈര്യത്തിനും മറ്റാരും, പകരമാകില്ല എന്നുള്ള കാര്യവും പാർട്ടിക്കറിയാം. എന്നാൽ സംസ്ഥാനത്താകമാനം സ്വാധീനമുള്ള ഒരു ജില്ലാനേതാവിനെ സംസ്ഥാന തലത്തിൽ പ്രവർത്തനനിരതനാക്കിയാൽ വരും കാലങ്ങളിൽ പാർട്ടിക്കുണ്ടാകുന്ന നേട്ടം വളരെ വലുതായിരിക്കും. അത്തരത്തിലുള്ള ഒരു നീക്കത്തിന്റെ ഭാഗമാകാം ഒരുപക്ഷേ അദ്ദേഹത്തെ സംബന്ധിച്ച് ഇപ്പോൾ ഉയർന്നു വന്നിട്ടുള്ള വിവാദങ്ങൾ. ജയരാജനെതിരെയുളള വിവാദങ്ങൾ കണ്ണൂർ ജില്ലയിലെ പാർട്ടിക്കാർക്കിടയിൽ അസ്വസ്ഥത പരത്തിയതു പോലെ തന്നെ മറ്റു ജില്ലക്കാർക്കിടയിലും വലിയ തരത്തിലുള്ള ചർച്ചകളുണ്ടാക്കിയിട്ടുണ്ട്. ഒരർത്ഥത്തിൽ ഈ ചർച്ചകൾ കാട്ടിത്തരുന്നത് പി ജയരാജന്റെ ജനകീയതയാണ്. സിപിഐഎമ്മിന്റെ സംസ്ഥാനത്തെ നിലവിലെ സംഘടനാ തലം ഏറെക്കുറെ കുറ്റമറ്റതാണെങ്കിലും ഭരണതലത്തിൽ പ്രശ്നങ്ങൾ അനവധിയാണ്. രണ്ടരവർഷത്തിനിടയിൽ രണ്ടുമന്ത്രിമാരുടെ രാജിയാണ് സംസ്ഥാനം കണ്ടത്. മറ്റൊരു രാജി ആസന്നമായിരിക്കുകയും ചെയ്യുന്നു. മുഖ്യമന്ത്രിസ്ഥാനവും ആഭ്യന്തരവും പിണറായി വിജയനെക്കൊണ്ട് ഒറ്റയ്ക്കു വഹിക്കാനാകുന്നില്ലെന്ന ആക്ഷേപവും ഉയർന്നുകഴിഞ്ഞു. ഈ സാഹചര്യത്തിൽ പാർട്ടി സംസ്ഥാന സമ്മേളം കഴിയുന്നതോടെ മുൻ ആഭ്യന്തര മന്ത്രിയും നിലവിലെ പാർട്ടി സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണനെ ആഭ്യന്തരമന്ത്രി തന്നെയാക്കും. ഇങ്ങനെ സംഭവിച്ചാൽ ഏരിയ സമ്മേളനങ്ങളും ജില്ലാ സമ്മേളനങ്ങളും കടന്നു സംസ്ഥാന സമ്മേളനത്തിലേക്ക് എത്തുമ്പോൾ പുതിയ പാർട്ടി സെക്രട്ടറിയും സംസ്ഥാനത്തുയർന്നു വരും. ഇത് പി.ജയരാജനാകണമെന്നാണ് കണ്ണൂർ ലോബിയുടെയും ആലപ്പുഴയിലെ ഒരു വിഭാഗത്തിന്റെയും വിലയിരുത്തൽ. കണ്ണൂരിൽ നിന്നും തുടർച്ചയായി നാലാമത്തെ വ്യക്തി പാർട്ടി സെക്രട്ടറിയാകുന്നുവെന്നുള്ള ഒരു പോരായ്മ ഒഴിച്ചു നിർത്തിയാൽ ഈ സ്ഥാനത്തേക്ക് സർവ്വസമ്മതനായ ഒരു വ്യക്തിയായിരിക്കും പി ജയരാജൻ.
സിപിഐഎമ്മിന്റെ മുഖ്യശത്രുവായി സംഘപരിവാർ മാറിയിരിക്കുന്ന ഈ സമയത്ത് പി ജയരാജനെ പോലുള്ള ഒരു സെക്രട്ടറിയെത്തന്നെയായിരിക്കും പാർട്ടി പ്രവർത്തകർ ഏറ്റും കൂടുതൽ ആഗ്രഹിക്കുന്നതും. അദ്ദേഹത്തെ മുഖ്യയിടത്തേക്കു കൊണ്ടുവരുന്നതു സംഘടനയെ ശക്തിപ്പെടുത്തലാകുമെന്നുള്ള കാര്യത്തിലും ശത്രുക്കൾക്കു പോലും സംശയമുണ്ടാകില്ല. ഇപ്പോഴുയരുന്ന വിവാദങ്ങളുടെ മറുപുറം അതിന്റെ വിത്തുപാകലാണെന്നും രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. തെരഞ്ഞെടുപ്പു കാലത്ത് ആഭ്യന്തര മന്ത്രിസ്ഥാനാർത്ഥിയായി പി ജയരാജന്റെ പേരുയർന്നു വന്നുവെങ്കിലും കോടതിവിധി മത്സരിക്കുന്നതിനു വിഘാതമാകുകയായിരുന്നു. എന്നാൽ സംഘടനാ തലത്തിൽ അതൊന്നും ബാധകമാകില്ലെന്നിരിക്കേ നെഗറ്റീവ് വിവാദങ്ങളിലൂടെ പാർട്ടി അതിനുള്ള തയ്യാറെടുപ്പുകൾ നടത്തുകയാണെന്നു വിശ്വസിക്കുന്നതിലും തെറ്റില്ല.


