ഉമ്മൻ ചാണ്ടിയാണ് എന്നെ ചതിച്ചത്. കുടുംബം തകർത്ത് എന്നെയും മക്കളെയും രണ്ടുവഴിക്കാക്കിയ ദുഷ്ടത്തരം ഉമ്മൻ ചാണ്ടിയാണ് .മരണത്തിൽ പോലും രാമായണം വായിക്കുന്ന ചാണ്ടി ഉമ്മൻ ബൈബിൾ വായിക്കണം- മന്ത്രി കെ ബി ഗണേഷ്‌കുമാർ

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി കെ ബി ഗണേഷ് കുമാര്‍ രംഗത്ത് . തന്നെയും കുടുംബത്തെയും ദ്രോഹിച്ച് രണ്ടാക്കിയത് ഉമ്മന്‍ ചാണ്ടിയാണെന്ന് കെ ബി ഗണേഷ് കുമാര്‍ ആരോപിച്ചു. ഉമ്മൻചാണ്ടിക്കെതിരെയും മകൻ ചാണ്ടി ഉമ്മൻ എംഎൽഎയ്ക്കെതിരെയും ആരോപണങ്ങളുമായിട്ടാണ് കെ.ബി. ഗണേഷ് കുമാർ. മുൻപ് മന്ത്രിസ്ഥാനം രാജിവെച്ചപ്പോൾ പ്രശ്നങ്ങൾ പരിഹരിച്ച് തിരിച്ചെടുക്കാമെന്ന് വാഗ്ദാനം നൽകി തന്നെ പറ്റിച്ച ഉമ്മൻചാണ്ടി തന്നോട് ചെയ്തത് വലിയ ദ്രോഹമാണെന്നും ഗണേഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. മധ്യസ്ഥത പറഞ്ഞ് കുടുംബം ഇല്ലാതാക്കിയെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. തന്റെ പിതാവിനെ ഗണേഷ് കുമാര്‍ ദ്രോഹിച്ചുവെന്ന ചാണ്ടി ഉമ്മന്‍ എംഎല്‍എയുടെ ആരോപണത്തിലാണ് മറുപടി.

‘തെരഞ്ഞെടുപ്പ് വന്നതോടെയാണ് ഉമ്മന്‍ചാണ്ടിയെ ദ്രോഹിച്ചുവെന്ന് പുതിയ കഥ. ഇത്രയും കാലം ഉമ്മന്‍ചാണ്ടിയുടെ മകനായ ചാണ്ടി ഉമ്മന് അറിയാത്തൊരു രഹസ്യം തെരഞ്ഞെടുപ്പിന് തലേന്ന് ആരെ പറ്റിക്കാനാണ് ഇറങ്ങിയിരിക്കുന്നത്. ഉമ്മന്‍ചാണ്ടി എന്നെ ദ്രോഹിച്ചതിന് കുഴപ്പമൊന്നുമില്ലേ? എന്റെ കുടുംബം തകര്‍ത്ത് എന്റെ മക്കളെയും എന്നെയും രണ്ട് വഴിക്കാക്കിയ ദുഷ്ടത്തരത്തിന് ഉമ്മന്‍ചാണ്ടി മറുപടി പറയുമോ? ഉമ്മന്‍ചാണ്ടിയുടെ മകന്‍ മറുപടി പറയുമോ? ഉമ്മന്‍ചാണ്ടിയല്ലേ എന്നെ ചതിച്ചത്. എന്ത് കുറ്റം ചെയ്തിട്ടാണ് 2003 ല്‍ മന്ത്രിസ്ഥാനം രാജിവെപ്പിച്ചത്. എന്റെ പേരില്‍ ഏത് കേസ് ആണുള്ളത്. ഒരു കുടുംബവഴക്കിന്റെ പേരില്‍ മന്ത്രിസ്ഥാനം രാജിവെപ്പിച്ച് തിരിച്ചെടുക്കാമെന്ന് പറഞ്ഞ് പറ്റിച്ചു’, കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സോളാര്‍ക്കേസില്‍ ഉമ്മന്‍ചാണ്ടിയെ വേട്ടയാടിയത് മന്ത്രി കെ ബി ഗണേഷ് കുമാര്‍ ആണെന്ന് കഴിഞ്ഞ ദിവസം ചാണ്ടി ഉമ്മന്‍ ആരോപിച്ചിരുന്നു. പത്തനാപുരം മാങ്കോട് നടന്ന രാഷ്ട്രീയ വിശദീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

‘മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ എന്റെ കുടുംബത്തോട് ഇങ്ങനെ ചെയ്യുമെന്നു കരുതിയില്ല. എന്റെ പിതാവും ആര്‍ ബാലകൃഷ്ണപിള്ളയും തമ്മിലുള്ള ബന്ധം അത്രയ്ക്കും ദൃഢമായിരുന്നു. ഗണേഷ്‌കുമാറിന്റെ അമ്മയെ ഞാന്‍ ആന്റിയെന്നാണ് വിളിക്കാറ്. എന്നെ സ്‌നേഹിച്ചതു പോലെയാണ് ഗണേഷ്‌കുമാറിനെയും അപ്പന്‍ സ്‌നേഹിച്ചത്. എന്നിട്ടും സോളര്‍ കേസില്‍ വിവാദമായ 18 പേജുള്ള കത്ത് എങ്ങനെ 24 പേജായി. അത് കോടതിയുടെ പരിഗണനയിലാണെന്നാണ് മനസ്സിലാക്കുന്നത്’, എന്നായിരുന്നു ചാണ്ടി ഉമ്മന്‍ പറഞ്ഞത്.

സോളാർ കേസുമായി ബന്ധപ്പെട്ട് ചാണ്ടി ഉമ്മൻ ഉന്നയിച്ച ആരോപണങ്ങൾക്കും ഗണേഷ് കുമാർ മറുപടി നൽകി. ‘കള്ളസാക്ഷി പറയരുത്’ എന്ന ബൈബിൾ വചനം ചാണ്ടി ഉമ്മൻ ഓർക്കണമെന്നും അറിയാത്ത കാര്യങ്ങളിൽ അഭിപ്രായം പറയുന്നത് അദ്ദേഹത്തിന് ഗുണകരമാകില്ലെന്നും മന്ത്രി പരിഹസിച്ചു.

സോളാർ കേസിലെ കത്തുമായി ബന്ധപ്പെട്ട് ഉമ്മൻചാണ്ടിക്ക് ക്ലീൻ ചിറ്റ് നൽകുന്ന രീതിയിലാണ് താൻ സിബിഐക്ക് മൊഴി നൽകിയത്. എന്നാൽ ആ നന്ദി പോലും അദ്ദേഹം കാണിച്ചില്ലെന്നും, ചാണ്ടി ഉമ്മൻ മിണ്ടാതിരിക്കുന്നതാണ് നല്ലതെന്നും അല്ലെങ്കിൽ പല കാര്യങ്ങളും തനിക്ക് വിളിച്ചു പറയേണ്ടി വരുമെന്നും ഗണേഷ് കുമാർ മുന്നറിയിപ്പ് നൽകി.

കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെയും രൂക്ഷമായ വിമർശനമാണ് മന്ത്രി ഉന്നയിച്ചത്. അന്തരിച്ച നേതാവ് കെ. കരുണാകരന്റെ ഭാര്യയെക്കുറിച്ച് മോശമായി സംസാരിച്ച രാഹുലിനെ വിലക്കാൻ കോൺഗ്രസിൽ ആരും ഉണ്ടായില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കെ.സി വേണുഗോപാൽ അടക്കമുള്ള മുതിർന്ന നേതാക്കൾക്ക് പോലും ഇത്തരം പരാമർശങ്ങളെ തിരുത്താൻ തോന്നിയില്ലെന്നും, തെരഞ്ഞെടുപ്പ് അടുത്തപ്പോഴാണോ ചാണ്ടി ഉമ്മന് ഇത്തരം കാര്യങ്ങൾ ഓർമ്മ വന്നതെന്നും ചോദിച്ച ഗണേഷ് കുമാർ കോൺഗ്രസിന്റെ നിലപാടുകളെ അദ്ദേഹം വിമർശിച്ചു.

Top