ഡിഐജിയാണെങ്കിലും രക്ഷയില്ല, ഊതിക്കുമെന്ന് പറഞ്ഞാ കേരളാ പോലീസ് ഊതിക്കും

തിരുവനനന്തപുരം: ഡ്യൂട്ടി ചെയ്യുന്നതില്‍ പോലീസ് വീഴ്ചകള്‍ വരുത്തുന്നു എന്നൊക്കെ കുറേ ആരോപണങ്ങള്‍ കേരളാ പോലീസ് നേരിട്ടിരുന്നു. എന്നാല്‍ കേരളാ പോലീസ് കൃത്യ നിര്‍വ്വഹണത്തില്‍ പിന്നിലല്ല എന്ന് തെളിയിക്കുകയാണ് ഈ വാര്‍ത്ത. ഡിഐജി ആണെന്നറിയാതെ അര്‍ധരാത്രി വാഹനം തടഞ്ഞുനിര്‍ത്തി മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ച പൊലീസുകാര്‍ക്ക് ക്യാഷ് അവാര്‍ഡ്. തിരുവനന്തപുരത്താണ് സംഭവം. ഡിഐജി ഷെഹിന്‍ മുഹമ്മദ് ഐപിഎസ് ആണ് വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ ജയകുമാര്‍,അനില്‍കുമാര്‍ എന്നിവര്‍ക്ക് 500രൂപ ക്യാഷ് അവാര്‍ഡ് പ്രഖ്യാപിച്ചത്. പെരുമാറ്റത്തില്‍ പുലര്‍ത്തിയ വിനയമാണ് പൊലീസുകാര്‍ക്ക് അഭിനന്ദനം നേടിക്കൊടുത്തത്.
കഴിഞ്ഞ മാസം 26നാണ് സംഭവം. തിരുവനന്തപുരം നഗരത്തിലെ തകരപ്പറമ്പ് ഭാഗത്ത് പട്രോളിങ് ഡ്യൂട്ടിയിലായിരുന്നു പൊലീസ് സംഘം. 12.15ന് ഡിഐജിയുടെ സ്വകാര്യ വാഹനം ഇതുവഴി കടന്നുവന്നു. വാഹനം തടഞ്ഞുനിര്‍ത്തിയ പൊലീസുകാര്‍ വാഹനത്തിനുള്‍വശം പരിശോധിച്ചശേഷം മദ്യപിച്ചിട്ടുണ്ടോയെന്നറിയാന്‍ ബ്രീത്ത് അനലൈസറില്‍ ഊതാന്‍ ആവശ്യപ്പെട്ടു. മുന്നില്‍ നില്‍ക്കുന്നത് ഡിഐജിയാണെന്ന് പൊലീസുകാര്‍ മനസിലാക്കിയിരുന്നില്ല. ഇതിനുശേഷം വാഹനം വിട്ടയച്ചു.

അര്‍ധരാത്രിയിലും ഡ്യൂട്ടിയില്‍ കാണിച്ച ആത്മാര്‍ഥതയ്ക്കും വിനയത്തിനുമാണ് അവാര്‍ഡ് നല്‍കുന്നതെന്ന് ഷെഫിന്‍ അഹമ്മദിന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നു. കൃത്യമായി ഡ്യൂട്ടി ചെയ്തതിനാലാണ് പൊലീസുകാര്‍ക്ക് അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചതെന്ന് ഷെഫിന്‍ അഹമ്മദ് ഐപിഎസ് പറഞ്ഞു.

Top