ലിഗയുടെ ഭര്‍ത്താവ് ആന്‍ഡ്രൂസും സഹോദരി ഇലീസും അന്വേഷണം നടത്തിയിരുന്നത് അതീന്ത്രിയജ്ഞാനമുള്ള റഷ്യന്‍ വനിതയുടെ നിര്‍ദേശപ്രകാരം.മൃതദേഹം കണ്ടെത്തിയ സ്ഥലത്തിനടുത്ത് എത്തിയിരുന്നു

കൊച്ചി:വിദേശ വനിത ലിഗയുടെ മൃതദേഹം തിരുവനന്തപുരം പുന്നത്തുറയില്‍ കണ്ടെത്തിയ സംഭവത്തില്‍ സഹോദരി ഇലീസും ലിഗയുടെ ഭര്‍ത്താവ് ആന്‍ഡ്രൂസും അന്വേഷണം നടത്തിയിരുന്നത് അതീന്ത്രിയജ്ഞാനമുള്ള റഷ്യന്‍ വനിതയുടെ നിര്‍ദേശപ്രകാരം.അവര്‍ പറഞ്ഞ ലക്ഷണങ്ങള്‍ പ്രകാരം ഇലീസും സുഹൃത്തും ഈ സ്ഥലത്തിന് 500 മീറ്റര്‍ അടുത്തു വരെ എത്തിയിരുന്നു. തൊട്ടടുത്ത കരയിലെ വീടുകളില്‍ കയറി അന്വേഷണവും നടത്തി. മൃതദേഹം കണ്ടെത്തിയ ഭാഗത്തേയ്ക്ക് പോകാനും തീരുമാനിച്ചു. തുടര്‍ന്നു കണ്ടല്‍ക്കാടുള്ള ഭാഗത്തേക്കു നീങ്ങാന്‍ ശ്രമിച്ചെങ്കിലും സ്വകാര്യ ഭൂമിയാണെന്ന തോന്നലിലാണു പിന്‍വാങ്ങിയത്. പിന്നീട് ഇവിടെനിന്നു മടങ്ങുകയും ചെയ്തു. കാണാതായ ലിഗയ്ക്കായി പൊലീസ് നടത്തിയ അന്വേഷണം എങ്ങുമെത്താതായപ്പോഴാണ് ആന്‍ഡ്രൂസും ഇലീസും അതീന്ദ്രിയജ്ഞാനിയായ സ്ത്രീയുടെ ഉപദേശം തേടിയത്.

കഴിഞ്ഞ 20 ദിവസമായി അവരുടെ നിര്‍ദേശപ്രകാരമായിരുന്നത്രേ തിരച്ചില്‍. വെള്ളത്താല്‍ ചുറ്റപ്പെട്ട ദ്വീപിനു സമാനമായ സ്ഥലം, ഉപ്പുരസമില്ലാത്ത വെള്ളം, ബോട്ടിലെ യാത്ര ഉള്‍പ്പെടെ ചിഹ്‌നങ്ങളുള്ള പ്രത്യേക ആകൃതിയുള്ള സ്ഥലത്തു ലിഗയുണ്ടെന്നായിരുന്നു പ്രവചനം. ഇതേക്കുറിച്ച് ഇലീസും ആന്‍ഡ്രൂസും ഫെയ്‌സ്ബുക്കില്‍ കുറിപ്പിടുകയും ഈ സൂചനകള്‍ക്കനുസരിച്ചുള്ള സ്ഥലങ്ങള്‍ കണ്ടെത്താന്‍ സുഹൃത്തുക്കളുടെ സഹായം തേടുകയും ചെയ്തിരുന്നു. ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് ഇരുവരും സമാനമായ സ്ഥലങ്ങള്‍ കണ്ടെത്തുകയും ചെയ്തു.ഇവിടങ്ങളിലെല്ലാം തിരച്ചില്‍ നടത്തുകയായിരുന്നു അടുത്ത ഘട്ടം. അങ്ങനെയാണു പനത്തുറയിലെത്തിയത്. പൊഴിയൂരിലും മറ്റും പോയ ഇവര്‍ കാസര്‍കോട്ടെ ഉപ്പളയില്‍ എത്തിയതും ഇങ്ങനെ. കാസര്‍കോട്ടു നില്‍ക്കുമ്പോഴാണു പനത്തുറയില്‍ മൃതദേഹം കണ്ടെത്തിയ വിവരമറിയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top