വടക്കന്‍ ജില്ലകളില്‍ കനത്ത പോളിംഗ്..മലപ്പുറം പെരുമ്പടപ്പില്‍ എല്‍ഡിഎഫ്. യുഡിഎഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി.

കോഴിക്കോട് :തദ്ദേശ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തില്‍ കനത്ത പോളിംഗ്. ആദ്യ അഞ്ച് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ പോളിംഗ് ശതമാനം 40 കടന്നിരിക്കുകയാണ്. ഇതുവരെ 40.09 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. കാസര്‍കോട് 41.68 ശതമാനമാണ് വോട്ട് രേഖപ്പെടുത്തിയത്. മുന്നിലുള്ളത് മലപ്പുറം ജില്ലയാണ്. ഇതുവരെ 42.41 ശതമാനം വോട്ട് മലപ്പുറത്ത് രേഖപ്പെടുത്തി. ആദ്യ രണ്ട് ഘട്ടത്തേക്കാളും കനത്ത പോളിംഗാണ് ഇത്തവണയുള്ളത്. കണ്ണൂര്‍ 42.11 ശതമാനം, കോഴിക്കോട് 41.54 ശതമാനം എന്നിങ്ങനെയാണ് പോളിംഗ്.

കഴിഞ്ഞ തവണ 77 ശതമാനത്തില്‍ അധികം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. ഇത്തവണത്തെ വന്‍ മുന്നേറ്റം കഴിഞ്ഞ തവണത്തെ കനത്ത പോളിംഗിനെ മറികടക്കുമെന്നാണ് സൂചിപ്പിക്കുന്നത്. ഇടതുപക്ഷത്തിന് ശക്തമായ ആധിപത്യമുള്ള ആന്തൂര്‍ മുനിസിപ്പാലിറ്റിയില്‍ പോളിംഗ് 50 ശതമാനം കടന്നു. കോഴിക്കോട് വടകരയിലും കനത്ത പോളിംഗാണ് രേഖപ്പെടുത്തിയത്. നീളമേറിയ ക്യൂവാണ് എല്ലായിടത്തും കാണാനാവുക. കോഴിക്കോട് പയ്യാനക്കലില്‍ വോട്ട് ചെയ്യാനെത്തിയയാള്‍ കൊവിഡ് രോഗികളുടെ ലിസ്റ്റിലുണ്ടെന്ന് പറഞ്ഞ് പ്രിസൈഡിംഗ് ഓഫീസര്‍ വോട്ട് നിഷേധിച്ചു. ഇയാള്‍ വലിയ പ്രതിഷേധം തന്നെ ഇതിനെതിരെ നടത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം പരിയാരം കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിലെ ബൂത്ത് കള്ളവോട്ട് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ലീഗ് പ്രവര്‍ത്തകനെ പോലീസ് പിടികൂടി. വിദേശത്തുള്ളവരുടെ വോട്ട് ചെയ്യാന്‍ എത്തിയെന്ന എല്‍ഡിഎഫിന്റെ പരാതിയാണ് ഇയാളെ കുടുക്കിയത്. താനൂര്‍ നഗരസഭയില്‍ വോട്ട് ചെയ്യാനെത്തിയവരെ സ്വാധീനിച്ചെന്ന വാക്കേറ്റത്തെ തുടര്‍ന്ന് എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. മുന്‍ കൗണ്‍സിര്‍ ലാമിഹ് റഹ്മാന് സംഘര്‍ഷത്തില്‍ പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം മലപ്പുറം പെരുമ്പടപ്പ് കോടത്തൂരില്‍ പോളിംഗ് ബൂത്തിന് മുന്നില്‍ എല്‍ഡിഎഫ് – യുഡിഎഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ഓപ്പണ്‍ വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി സുഹറാ അഹമ്മദിന് സംഘര്‍ഷത്തില്‍ പരുക്കേറ്റു. താനൂര്‍ നഗരസഭയിലെ പതിനാറാം ബൂത്തിലും സംഘര്‍ഷം ഉണ്ടായി. മുന്‍ കൗണ്‍സിലര്‍ ലാമി റഹ്മാന്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തെ തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടായത്.

കണ്ണൂര്‍ പരിയാരം പഞ്ചായത്തിലെ ഏഴാം വാര്‍ഡ് മാവിച്ചേരിയില്‍ യുഡിഎഫ് ബൂത്ത് ഏജന്റിന് മര്‍ദ്ദനമേറ്റു. മുസ്ലീം ലീഗ് ബൂത്ത് ഏജന്റ് നിസാറാണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. പയ്യന്നൂര്‍ മുനിസിപ്പാലിറ്റി നാലാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമേശനെ സിപിഐഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചുവെന്നും പരാതിയുണ്ട്. ബൂത്തിന് സമീപത്തുവച്ച് മര്‍ദ്ദിച്ചുവെന്നാണ് പരാതി.

Top