വെറും നാല് ദിവസത്തെ പരിചയം പ്രേമമായി; ആശുപത്രിക്കിടക്കയില്‍ സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ കാമുകനൊപ്പം ഒളിച്ചോടി

അടിമാലി: ആശുപത്രി കിടക്കയില്‍ രണ്ടര വയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ കാമുകനൊപ്പം നാടുവിട്ടു. അടിമാലി താലൂക്ക് ആശുപത്രിയിലാണ് സംഭവം നടന്നത്.

കഴിഞ്ഞ ശനിയാഴ്ചയാണ് മൂന്നു കുട്ടികളുടെ അമ്മയായ ബൈസണ്‍വാലി സ്വദേശിനി കാമുകനൊപ്പം പോയത്. ഇളയകുഞ്ഞിനെ ചികിത്സിക്കുന്നതിന് വേണ്ടിയായിരുന്നു  ഇവര്‍ ആശുപത്രിയിലെത്തിയത്. ഈ സമയം മറയൂര്‍ സ്വദേശിയായ അവിവാഹിതനായ യുവാവ് ജ്യേഷ്ഠനെ ചികിത്സിക്കാന്‍ ഇവിടെ എത്തി. ഇവിടെ വെച്ച് ഇരുവരും പരിചയപ്പെട്ടു. വെറും നാല് ദിവസത്തെ പരിചയമാണ് ഒളിച്ചോട്ടം വരെയെത്തിയത്.

ഭര്‍ത്താവ് വീട്ടില്‍ പോയ സമയത്ത് കുഞ്ഞിനെ കട്ടിലില്‍ കിടത്തി. ഉടന്‍ വരാം, കഞ്ഞിനെ നോക്കണം എന്ന് സമീപത്തെ രോഗിയോട് പറഞ്ഞേല്‍പ്പിച്ച് യുവതി കാമുകനോടൊപ്പം മുങ്ങുകയായിരുന്നു. വൈകുന്നേരം ഭര്‍ത്താവ് മറ്റു രണ്ടു കുട്ടികളെയും കൂട്ടി ആശുപത്രിയിലെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. ഉടന്‍ അടിമാലി പൊലീസില്‍ പരാതി നല്‍കി.

ചൊവ്വാഴ്ച യുവതിയെ പൊലീസ് മറയൂരില്‍ നിന്ന് കസ്റ്റഡിയിലെടുത്ത് അടിമാലി സ്റ്റേഷനില്‍ കൊണ്ടുവന്നു. എന്നാല്‍ ഭര്‍ത്താവിനൊപ്പം പോകാന്‍ താല്പര്യമില്ലെന്നും കാമുകനൊപ്പം പോയാല്‍ മതിയെന്നും യുവതി പൊലീസിനോട് പറഞ്ഞു. ഇതോടെ യുവതിയെ പൊലീസ് ചെറുതോണിയിലെ സദര്‍ ഹോമില്‍ പ്രവേശിപ്പിച്ചു.

Top