മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥി ലീഗില്‍ കനത്ത ഭിന്നത, തമ്മിലടി !! പാണക്കാട് തങ്ങളുടെ വീടിന് മുമ്പില്‍ യൂത്ത് ലീഗ് പ്രതിഷേധം.

കാസറഗോഡ് :ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വേരം മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണയത്തെചൊല്ലി ലീഗില്‍  കടുത്ത തര്‍ക്കം. മഞ്ചേശ്വരംകാരനെ തന്നെ സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യവുമായി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ നടന്ന പാണക്കാടാണ് യൂത്ത് ലീഗ് പ്രവര്‍ത്തകരെത്തിയത്.പാണക്കാട് തങ്ങളുടെ വീടിന് മുമ്പില്‍ യൂത്ത് ലീഗ് പ്രതിഷേധം നടത്തി.

അതേസമയം തര്‍ക്കങ്ങളില്ലെന്നും രണ്ടുദിവസത്തിനകം സ്ഥാനാര്‍ഥി ആരെന്നതില്‍ തീരുമാനമുണ്ടാകുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ജില്ലാ പ്രസിഡന്റ് എം.സി ഖമറുദീൻ, മുൻ മന്ത്രി സി.ടി.അഹമ്മദാലി, യൂത്ത് ലീഗ് നേതാവ് എ.കെ.എം അഷ്റഫ് എന്നിവരാണ് മുസ്‌ലിം ലീഗിന്റെ അവസാനഘട്ട സ്ഥാനാർത്ഥി സാധ്യതാ പട്ടികയിലുള്ളത്. ചർച്ചക്ക് ശേഷം ഉച്ചയോടെ നേതൃയോഗം ചേർന്ന് ഇന്ന് തന്നെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്നായിരുന്നു രാവിലെ മുതലുള്ള സൂചനകള്‍.

എന്നാല്‍ മണ്ഡലത്തിന് പുറത്തുള്ള ഒരാളെ സ്ഥാനാര്‍ഥിയായി അംഗീകരിക്കാനാവില്ലെന്ന് യൂത്ത് ലീഗിന്‍റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം നിലപാട് എടുത്തതോടെ സ്ഥാനാര്‍ഥി നിര്‍ണയം നീളാനാണ് സാധ്യത.

സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്ന എം.സി കമറുദ്ധീനെ മഞ്ചേശ്വരത്ത് അംഗീകരിക്കില്ലെന്നാണ് യൂത്ത് ലീഗ് പറയുന്നത്. അതേസമയം നാളയോ മറ്റന്നാളോ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തീരുമാനം ആകുമെന്നും പാര്‍ട്ടിയില്‍ പൊട്ടിത്തെറിയില്ലെന്നും പി.കെ കുഞ്ഞാലികുട്ടി പറഞ്ഞു.

Top