തിരുവനന്തപുരം: പ്രസവം നടക്കേണ്ട ദിവസം എസ്എടി ആശുപത്രിയിലെ ലേബര്‍ റൂമില്‍ നിന്ന് കാണാതായ യുവതിയെ കരുനാഗപ്പള്ളിയില്‍ കണ്ടെത്തിയതിനു പിന്നാലെ നടത്തിയ വൈദ്യ പരിശോധനയില്‍ യുവതി ഗര്‍ഭിണിയല്ലെന്നു തിരിച്ചറിഞ്ഞു. മൂന്നു ദിവസമായി യുവതിയെ തിരഞ്ഞ് നെട്ടോട്ടമോടിയ പൊലീസിനെയും നാട്ടുകാരെയും അമ്പരപ്പിക്കുന്നതാണ് ഈ കണ്ടെത്തല്‍. ഇന്ന് വൈകിട്ട് മൂന്നോടെ കരുനാഗപ്പള്ളി ബസ്റ്റാന്‍ഡില്‍ അവശനിലയില്‍ കാണപ്പെട്ട യുവതിയെ ഡാക്സി ജീവനക്കാരാണ് തിരിച്ചറിഞ്ഞത്. പൊലീസിനു കൈമാറിയ യുവതിയെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് വിധേയമാക്കുകയും ചെയ്തു. ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം നടത്തിയ പരിശോധനയില്‍ യുവതിക്ക് ഗര്‍ഭമില്ലെന്ന് സ്ഥിതീകരിക്കുകയും ചെയ്തു. രണ്ടുദിവസം മുന്‍പ് തിരുവനന്തപുരം എസ് എടി ആശുപത്രിയില്‍ ഗര്‍ഭത്തിനായുള്ള പരിശോധനക്ക് കൊണ്ടുവരവേയാണ് യുവതിയെ കാണാതാകുന്നത്.
ഭര്‍ത്താവിനൊപ്പം എസ്എടി ആശുപത്രിയില്‍ എത്തിയ മടവൂര്‍ സ്വദേശിനിയായ യുവതിയെ ചൊവ്വാഴ്ചയാണു കാണാതായത്. വ്യാഴാഴ്ച കരുനാഗപ്പള്ളിയി അവശനിലയില്‍ അലഞ്ഞുതിരിയുകയായിരുന്ന യുവതിയെ കണ്ടു സംശയിച്ച ടാക്‌സി ഡ്രൈവര്‍മാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി യുവതിയെ കരുനാഗപ്പള്ളി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈദ്യപരിശോധനയില്‍ യുവതി ഗര്‍ഭിണിയല്ലെന്നു തെളിഞ്ഞതായി കരുനാഗപ്പള്ളി എസ്‌ഐ ഉമര്‍ ഫറൂഖ് പറഞ്ഞു.
യുവതി ചെങ്ങന്നൂരിലെത്തിയതായി ഇന്നു രാവിലെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയില്‍ വ്യക്തമായിരുന്നു. ഇന്നലെ വെല്ലൂരുണ്ടെന്നും സൂചന ലഭിച്ചിരുന്നു. ആശുപത്രി അധികൃതരുടെ അനാസ്ഥമൂലമാണു യുവതിയെ കാണാതായതെന്നു ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ചൊവ്വാഴ്ച്ച രാവിലെയാണ് യുവതിയെ എസ്.ടി ആശുപത്രിയില്‍ നിന്നും അപ്രത്യക്ഷയാകുന്നത്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ യുവതി ആശുപത്രിയില്‍ നിന്നിറങ്ങിപ്പോയതായി കണ്ടു. മൊബൈല്‍ സിഗ്നല്‍ ട്രാക്ക് ചെയ്ത പോലീസ് ഷംന ആദ്യം എറണാകുളത്തും പിന്നീട് വെല്ലൂരിലുമുണ്ടെന്ന നിഗമനത്തിലെത്തിയിരുന്നു.ഇവരെ കാണാതയതിനു ശേഷം രണ്ടുതവണ ഭര്‍ത്താവിന്റെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു എങ്കിലും ഒന്നും സംസാരിക്കാന്‍ തയ്യാറായിരുന്നില്ല.പിന്നീട് ഒരു ബന്ധുവിനെ വിളിച്ച് താന്‍ സുരക്ഷിതയാണെന്നും അറിയിച്ചു. വാര്‍ത്തകള്‍ പ്രചരിച്ചത് വഴിയാണ് ഇവരെ തിരിച്ചറിയാന്‍ കാരണമായതെന്ന് പൊലീസ് പറയുന്നത്.യുവതി ഗര്‍ഭിണിയായി അഭിനയിച്ചതെന്തിനെന്നും വീട്ടുകാരെ ഉപേക്ഷിച്ചു പോയതെന്തിനാണെന്നും ഇപ്പോഴും വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.


