സിപിഐ എന്ന വിഴുപ്പ് ചുമക്കേണ്ട ആവശ്യം സിപിഎമ്മിനില്ലെന്നും മന്ത്രി എം.എം.മണി. തോമസ് ചാണ്ടി വിവാദത്തിൽ ഹീറോ ചമയാനുള്ള സിപിഐ ശ്രമം മര്യാദകേടാണ്. മുന്നണി മര്യാദ ഇല്ലാതെയാണ് സിപിഐ പ്രവർത്തിച്ചതെന്നും എം.എം.മണി കുറ്റപ്പെടുത്തി. മലപ്പുറത്തെ വണ്ടൂരിൽ സിപിഎം ഏരിയ സമ്മേളനത്തിന്റെ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഐ മന്ത്രിമാർ മന്ത്രിസഭായോഗം ബഹിഷ്കരിച്ചത് മുന്നണി മര്യാദയ്ക്ക് നിരക്കാത്തതാണ്. മുഖ്യമന്ത്രി പിണറായി വിജയന് അറിയാതെയാണ് മൂന്നാര്‍ വിഷയത്തിൽ അടക്കം സിപിഐ വകുപ്പുകള്‍ തീരുമാനങ്ങൾ കൈക്കൊണ്ടതെന്നും മന്ത്രി ആരോപിച്ചു. അതേസമയം, തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ടു തുടങ്ങിയ സിപിഎം- സിപിഐ തർക്കം പരിഹരിക്കുന്നതിന്റെ ഭാഗമായി ഇരു പാർട്ടികളുടെയും നേതാക്കൾ ഉഭയകക്ഷി ചർച്ച നടത്തിയേക്കുമെന്നാണ് സൂചന. സിപിഎമ്മും സിപിഐയും തമ്മിലുള്ള തർക്കം ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കുമെന്ന് ഞായറാഴ്ച ചില നേതാക്കൾ പറഞ്ഞിരുന്നു.



