കടമ നിറവേറ്റിയ ശ്രീറാമിന്റെ സ്ഥാനം തെറിക്കും ?താന്‍ മന്ത്രി അല്ലായിരുന്നെങ്കില്‍ കുരിശില്‍ തൊടില്ലായിരുന്നുവെന്ന് എം.എം. മണി; തന്നെ വെറും മണ്ടനാക്കിയാല്‍ പണി തരുമെന്നും മന്ത്രിയുടെ രോഷപ്രകടനം

തിരുവനന്തപുരം: പാപ്പാത്തിച്ചോലയിലെ കുരിശുപൊളിച്ചുകളഞ്ഞ സബ് കളക്ടര്‍ ജനങ്ങള്‍ക്കിടയില്‍ താരമായെങ്കിലും മുഖ്യമന്ത്രിയുടെയും പാര്‍ട്ടി നേതാക്കളുടെയും കടുത്ത അനിഷ്ടത്തിനാണ് പാത്രമായിരിക്കുന്നത്. വെള്ളിയാഴ്ച തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മൂന്നാര്‍ ഉന്നതതല യോഗത്തില്‍ കടുത്ത ശാസനയാണ് ദേവികുളം സബ്കളക്ടര്‍ക്കു ലഭിച്ചത്. ഇടുക്കിയിലെ മുന്‍ സി.പി.എം ജില്ലാ സെക്രട്ടറിയും വൈദ്യുതി മന്ത്രിയുമായ എം.എം. മണിയും ശ്രീറാമിനെതിരേ അതിരൂക്ഷ വിമര്‍ശനം ഉന്നയിച്ചു.മൂന്നാറിലെയും പരിസരപ്രദേശങ്ങളിലെയും അനധികൃത കയ്യേറ്റങ്ങള്‍ക്കെതിരേ മുഖംനോക്കാത്ത നടപടിയാണ് ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനില്‍നിന്ന് ഉണ്ടായത്. എന്നാല്‍ പാപ്പാത്തച്ചോലയില്‍ സ്പിരിറ്റ് ഇന്‍ ജീസസ് എന്ന ആത്മീയ സംഘടന രണ്ടായിരം ഏക്കര്‍ കയ്യേറി സ്ഥാപിച്ച കുരിശ് ശ്രീറാമിന്റെ നിര്‍ദ്ദേശപ്രകാരം റവന്യൂ ഉദ്യോഗസ്ഥര്‍ പൊളിച്ചുകളഞ്ഞപ്പോള്‍ സിപിഎമ്മിനു പൊള്ളി. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ നേരിട്ട് ഇടപെട്ട് കയ്യേറ്റങ്ങള്‍ താത്കാലികമായെങ്കിലും നിര്‍ത്തിവയ്ക്കുന്ന വിരോധാഭാസത്തിനാണ് കേരളം പിന്നീട് സാക്ഷ്യം വഹിച്ചത്.
ശ്രീറാം വെങ്കിട്ടരാമന്‍ ദേവികുളത്ത് സബ് കലക്ടറായി എത്തിയതോടെയാണ് മുടങ്ങിക്കിടന്ന മൂന്നാറിലെ കൈയേറ്റ മാഫിയയ്ക്കെതിരേ നടപടി തുടങ്ങിയത്. ഇത് ഏറെ വിവാദങ്ങള്‍ക്കും രാഷ്ട്രീയ പോരാട്ടങ്ങള്‍ക്കും ഇടനല്‍കിയെങ്കിലും മുട്ടുവിറയ്ക്കാതെ നടപടിയുമായി മുന്നോട്ടുപോകുകയായിരുന്നു ഈ ഉദ്യോഗസ്ഥന്‍. എന്നാല്‍ വ്യാഴാഴ്ച രാവിലെ പാപ്പാത്തിച്ചോലയിലെ കുരിശ് പൊളിച്ചത് ആയുധമാക്കി ഈ മിടുക്കനായ ഉദ്യോഗസ്ഥനെ സര്‍ക്കാര്‍ ഇപ്പോള്‍ കുരിശില്‍ തറച്ചുകൊണ്ടിരിക്കുകയാണ്.munnar1

കുരിശു പൊളിച്ച വ്യാഴാഴ്ച തന്നെ ശ്രീറാമിന്റെ നടപടിക്കെതിരേ മുഖ്യമന്ത്രി പരസ്യമായി രോഷംകൊണ്ടിരുന്നു. പിറ്റേന്നു ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തില്‍ സിപിഐ നേതാക്കളുമായി കയ്യേറ്റമൊഴിപ്പിക്കല്‍ വിഷയത്തില്‍ പിണറായി വാഗ്വാദം നടത്തി. അതിനു പിന്നാലെ ചേര്‍ന്ന മൂന്നാര്‍ ഉന്നതതല യോഗത്തില്‍ രഘുറാം ശ്രീറാമിനെയും ജില്ലാ കളക്ടര്‍ ജി.ആര്‍. ഗോകുലിനെയും പിണറായിയും എം.എം. മണിയും ഇരുത്തിപ്പൊരിക്കുകയായിരുന്നു.ഇന്നലെ എന്തൊക്കെയാണ് അവിടെ കാട്ടിക്കൂട്ടിയതെന്നു ചോദിച്ച് ദേഷ്യപ്പെട്ടാണു മുഖ്യമന്ത്രി യോഗത്തിലേക്കു കടന്നുചെന്നതുതന്നെ. സര്‍ക്കാരിനെ അറിയിക്കാതെ കുരിശുപൊളിക്കല്‍പോലെയുള്ള നടപടികളുമായി മുന്നോട്ടു പോകുന്നവര്‍ വേറെ പണി നോക്കേണ്ടിവരുമെന്നു മുഖ്യമന്ത്രി മുന്നറിയിപ്പു നല്‍കി. ശ്രീറാം വെങ്കിട്ടരാമന്‍ ബിജെപിക്കാരനാണോയെന്നായിരുന്നു മന്ത്രി എം.എം.മണിയുടെ ചോദ്യം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുരിശു പൊളിച്ച നടപടിയുടെ ഗുണഭോക്താക്കള്‍ ബിജെപിക്കാരല്ലേയെന്നും എം.എം. മണി ചോദിച്ചു. ഞാന്‍ മന്ത്രി അല്ലായിരുന്നുവെങ്കില്‍ നീയൊക്കെ കുരിശ് അവിടെനിന്നു മാറ്റില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ജോലിയില്‍ തുടരാന്‍ കഴിയുമെന്ന് ഇത്തരക്കാര്‍ കരുതേണ്ടതില്ലെന്നു മുഖ്യമന്ത്രിയും പറഞ്ഞു. ശ്രീറാം വെങ്കിട്ടരാമനെ ഉന്നംവച്ചായിരുന്നു മുഖ്യമന്ത്രിയുടെ രോഷപ്രകടനം മുഴുവന്‍.
നിരോധനാജ്ഞ പ്രഖ്യാപിച്ച വിവരം പൊലീസോ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന താനോ അറിഞ്ഞില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥരാണ് ഉദ്യോഗസ്ഥര്‍. അവര്‍ ആ ബാധ്യത നിറവേറ്റുന്നില്ലെങ്കില്‍ സര്‍ക്കാരിന്റെ ഭാഗമായി നില്‍ക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി.പാര്‍ട്ടി ഏരിയാ സെക്രട്ടറിയുടെ ഭൂമി അളന്നത് എന്തിനാണെന്ന് എം.എം.മണി ചോദിച്ചു. ഇടുക്കി ജില്ലക്കാരനായ എന്നെ മണ്ടനാക്കാന്‍ നോക്കേണ്ട. തന്നിഷ്ടപ്രകാരമാണു റവന്യു ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നത്. ഇടുക്കിയില്‍നിന്നുള്ള മന്ത്രിയായ ഞാന്‍ വിവരങ്ങള്‍ അറിയേണ്ടതാണ്. എന്നാല്‍ ഒന്നും അറിയിക്കുന്നില്ലെന്നും മന്ത്രി പരാതിപ്പെട്ടു. പട്ടയം സംബന്ധിച്ച ചര്‍ച്ചകള്‍ക്കിടെ പലവട്ടം മുഖ്യമന്ത്രിയുടെ ശാസന കളക്ടറും സബ്കളക്ടറും ഏറ്റുവാങ്ങി. പിണറായിയും എം.എം. മണിയും മാത്രമല്ല ചീഫ് സെക്രട്ടറി നളിനി നെറ്റോയും റവന്യു അഡീഷനല്‍ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യനും കലക്ടറെയും സബ് കലക്ടറെയും വിമര്‍ശിച്ചു.munnar1

 

അതേസമയം, ശ്രീറാമിനെ പൂര്‍ണമായും പിന്തുണയ്ക്കുന്ന സിപിഐയുടെ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന് യോഗത്തില്‍ കാര്യമായൊന്നും പറയാന്‍ കഴിഞ്ഞില്ല. പ്രകടനങ്ങള്‍ മുഴുവന്‍ പിണറായിയുടെയും എം.എം. മണിയുടേതും ആയിരുന്നു. തന്നെ അറിയിച്ചശേഷമാണ് ഉദ്യോഗസ്ഥര്‍ കുരിശ് പൊളിച്ചു മാറ്റാന്‍ പോയതെന്ന് ഇടതുമുന്നണി യോഗത്തില്‍ ഇ. ചന്ദ്രശേഖരന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള ഒരു വാദവും ഉന്നയിക്കാന്‍ റവന്യൂ മന്ത്രിക്ക് ഉന്നതതല യോഗത്തില്‍ അവസരം ലഭിച്ചില്ല.എം.എം.മണിയുടെ ശകാരം പതിവു ശൈലിയിലായതിനാല്‍ കലക്ടറും സബ് കലക്ടറും കാര്യമായി എടുത്തില്ല. പക്ഷേ, മുഖ്യമന്ത്രിയുടെ ശകാരം അവരെ വല്ലാതെ ഉലച്ചു. ഒഴിപ്പിക്കലിനു നേതൃത്വം നല്‍കിയ ഇരുവരും വിഷമിച്ചാണു മടങ്ങിയത്. മന്ത്രി ചന്ദ്രശേഖരനും ദുഃഖിതനാണ്. വിവാദമാകുമെന്നതിനാല്‍ രഘുറാം ശ്രീറാമിനും കളക്ടര്‍ ഗോകുലിനും എതിരേ ഉടന്‍ നടപടി ഉണ്ടാവില്ല. പൊതുവായി ഉദ്യോഗസ്ഥതലത്തില്‍ അഴിച്ചുപണി വരുമ്പോള്‍ ഇരുവര്‍ക്കും മാറ്റമുണ്ടാകുമെന്നും ഉറപ്പായിട്ടുണ്ട്.ശ്രീറാമിനെ കടന്നാക്രമിച്ച് എം.എം. മണി ഇന്നലെയും രംഗത്തുവന്നിരുന്നു. സബ് കളക്ടറെ ഊളമ്പാറയ്ക്കു വിടണമെന്നാണ് പരസ്യമായി അദ്ദേഹം പറഞ്ഞത്. പാപ്പാത്തിച്ചോലയിലെ കുരിശു പൊളിച്ചതിനെ അയോധ്യയിലെ ബാബറി മസ്ജിദ് പൊളിക്കലുമായിട്ടാണ് മന്ത്രി ഉപമിച്ചത്. സബ് കലക്ടര്‍ ജനവിരുദ്ധനും തന്നിഷ്ട പ്രകാരം പ്രവര്‍ത്തിക്കുന്നയാളുമാണെന്നും കുഞ്ചിത്തണ്ണിയില്‍ സി.പി.എം പരിപാടിയില്‍ പ്രസംഗിക്കവേ മണി പറഞ്ഞു.ഇടുക്കിയില്‍ മതചിഹ്നങ്ങള്‍ ഇരിക്കുന്നതെല്ലാം പട്ടയമില്ലാത്ത സ്ഥലത്താണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇവിടെ വിശ്വാസികള്‍ ആരും ഭൂമി കയ്യേറിയിട്ടില്ല. പാപ്പാത്തിച്ചോലയില്‍ കുരിശു പൊളിച്ചത് അയോധ്യയിലെ പള്ളി പൊളിച്ചതിനു സമാനമാണ്. ആര്‍എസ്എസ്സുകാര്‍ ആവശ്യപ്പെട്ടിട്ടാണ് സബ് കലക്ടര്‍ കുരിശു പൊളിച്ചത്. ആര്‍എസ്എസിനുവേണ്ടി കുഴലൂതുന്ന ഒരുത്തനും ഇങ്ങോണ്ട് വരേണ്ടയെന്നും മന്ത്രി പറഞ്ഞു.

Top