നിർഭയ കേസിലെ ഹർജി സുപ്രീം കോടതി പരിഗണിക്കുന്നു…!! അടിയന്തര പ്രാധാന്യമുള്ളതെന്ന് ചീഫ് ജസ്റ്റിസ്; മരണവാറണ്ട് ഫെബ്രുവരി ഒന്നിന്

നിര്‍ഭയ കേസില്‍ വധശിക്ഷ കാത്തുകഴിയുന്ന കുറ്റവാളികളില്‍ ഒരാളായ മുകേഷ് സിംഗിന്റെ ഹര്‍ജി അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കുമെന്ന് സുപ്രീം കേടതി ചീഫ് ജസ്റ്റിസ്. നേരത്തെ മുകേഷ് സിംഗിൻ്റെ ദയാഹർജി രാഷ്ട്രപതി തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്താണ് മുകേഷ് സിംഗ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. കുറ്റവാളികളുടെ മരണവാറണ്ട് ഫെബ്രുവരി ഒന്നിന് നടപ്പാക്കേണ്ടതിനാല്‍ എത്രയും പെട്ടെന്ന് തന്നെ ഹര്‍ജി പരിഗണിക്കുമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നത്.

‘ഇതിലും തിടുക്കപ്പെട്ട ഹര്‍ജി മറ്റൊന്നുമില്ലെന്ന്’ കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജി അടിയന്തരമായി ലിസ്റ്റ് ചെയ്യുന്നതിന് സുപ്രീം കോടതി രജിസ്ട്രിയെ സമീപിക്കാന്‍ ചീഫ് ജസ്റ്റീസ് എസ്.എ ബോബ്‌ദെ മുകേഷിന്റെ അഭിഭാഷകനോട് നിര്‍ദേശിച്ചു. ‘തൂക്കിലേറ്റപ്പെടാന്‍ പോകുന്ന ഒരുവന്റെ ഹര്‍ജിയേക്കാള്‍ കൂടുതല്‍ അടിയന്തരമായി മറ്റൊന്നുമില്ലെന്ന് ചീഫ് ജസ്റ്റീസ് പ്രതികരിച്ചു. ജസ്റ്റീസുമാരായ ബി.ആര്‍ ഗവായ്, സൂര്യകാന്ത് എന്നിവരും ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.

മുകേഷ് സിംഗിന്റെ ദയാഹര്‍ജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ജനുവരി 17ന് തള്ളിയിരുന്നു. അപേക്ഷ നല്‍കി നാലു ദിവസത്തിനുള്ളിലാണ് തള്ളിയത്. ഇതാദ്യമായാണ് ഒരു ദയാഹര്‍ജിയില്‍ ഇത്രയധികം വേഗത്തില്‍ തീരുമാനമെടുക്കുന്നത്. ജനുവരി 22ന് കുറ്റവാളികളെ തൂക്കിലേറ്റാനായിരുന്നു കോടതി ആദ്യം മരണവാറണ്ട് പുറപ്പെടുവിച്ചിരുന്നത്. ഇവരുടെ നിയമപോരാട്ടം നീണ്ടതോടെ മരണവാറണ്ട് ഫെബ്രുവരി ഒന്നിലേക്ക് പുതുക്കി നല്‍കി.

2012 ഡിസംബര്‍ 16നാണ് പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ 23കാരി ഡല്‍ഹി നഗരത്തില്‍ ഓടിക്കൊണ്ടിരുന്ന ബസിനുള്ളില്‍ ക്രൂരമായ പീഡനത്തിന് ഇരയായത്. ആക്രമണത്തിനു ശേഷം റോഡിലേക്ക് വലിച്ചെറിയപ്പെട്ട പെണ്‍കുട്ടി ചികിത്സയ്ക്കിടെ ഡിസംബര്‍ 29ന് മരണപ്പെട്ടു. ആറു പ്രതികളില്‍ ഒരാള്‍ ജയിലില്‍ ആത്മഹത്യ ചെയ്തു. ഒരു പ്രതിക്ക് കുറ്റകൃത്യം ചെയ്യുന്ന സമയത്ത് പ്രായപൂര്‍ത്തിയായിരുന്നില്ല. മറ്റു നാലു പ്രതികളുടെ വധശിക്ഷയാണ് നടപ്പാക്കാനിരിക്കുന്നത്.

Top