നവംബർ ഒന്നിന് സംസ്ഥാന വ്യാപകമായി കടയടപ്പ് സമരവും സെക്രട്ടേറിയറ്റ് മാർച്ചും നടത്തും. ജിഎസ്ടിയിലെ അപാകത പരിഹരിക്കണമെന്നതടക്ക മുള്ള ആവശ്യങ്ങളുന്നയിച്ചാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കടയടപ്പ് സമരം നടത്തുന്നത്. കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷനും സമരത്തിൽ പങ്ക് ചേരും. വാടക കുടിയാൻ നിയമം നടപ്പാക്കുക, റോഡ് വികസനത്തിന് കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് പ്രത്യേക പാക്കേജ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. വ്യാപാരികളുടെ പ്രശ്നങ്ങൾ പല തവണ ശ്രദ്ധയിൽപെടുത്തിയെങ്കിലും പരിഹരിക്കാൻ സർക്കാറിന് സമയമുണ്ടായില്ലെന്ന് സമരപ്രഖ്യാപന കൺവെൻഷനിൽ അധ്യക്ഷത വഹിച്ച സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീൻ പറഞ്ഞു. സമയമില്ലാത്ത സർക്കാറിന് സമയമുണ്ടാക്കി കൊടുക്കാനാണ് സമരം. ജി.എസ്.ടി വേണോ വാറ്റ് വേണോ എന്ന് തീരുമാനിക്കാനുള്ള അവകാശം വ്യാപാരികൾക്ക് നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.


