ഡ്യൂട്ടി കഴിഞ്ഞാൽ ക്വാറന്റൈൻ,നമിക്കാം ജീവന്റെ കാവലാളായ മാലാഖമാരെ, മക്കളെ കാണാൻ പോലുമാകാതെ നഴ്സുമാർ.

തിരുവനന്തപുരം: കൊറോണ രോഗികളെയും രോഗം സംശയിക്കുന്നവരെയും പരിപാലിക്കാൻ നിയോഗിക്കപ്പെട്ട നഴ്സുമാരെ നമുക്ക് നമിക്കാം.സ്വന്തം ജീവൻ വകവയ്ക്കാതെ, മാരകവൈറസിന് ഇരകളായവരുടെ ജീവന്റെ കാവലാളുകളായി രാപ്പകൽ വിശ്രമമില്ലാത്ത പോരാട്ടത്തിലാണ് നഴ്സുമാർ. പരിമിതികളോടോ പരാധീനതകളോടോ പരിഭവമില്ലാതെ സഹജീവികളുടെ ജീവൻ രക്ഷിക്കാൻ അക്ഷീണം പ്രയത്നിക്കുന്നവർ. സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലും ജനറൽ, ജില്ലാ ആശുപത്രികളിലും കൊറോണ ഐസൊലേഷൻ വാർഡുകളിൽ ഡ്യൂട്ടി നോക്കുന്ന നഴ്സുമാർ മക്കളെയും സ്വന്തം വീട്ടുകാരെയും കണ്ടിട്ട് ദിവസങ്ങളായി.

കൊറോണ കെയർ വാർഡിൽ തലമുതൽ പാദം വരെ പി.പി കിറ്റിൽ (പഴ്സണൽ പ്രൊട്ടക്ടീവ് കിറ്റ്) മൂടികെട്ടി ,ജലപാനം നടത്താനോ യഥാസമയം പ്രാഥമിക കൃത്യങ്ങൾ നിർവ്വഹിക്കാനോ കഴിയാതെ ആശങ്കയും ഭീതിയും വകവയ്ക്കാതെ മണിക്കൂറുകൾ രോഗികൾക്കൊപ്പം ചെലവഴിക്കുകയാണ് ഇവർ. സാധാരണ എട്ടുമണിക്കൂറാണ് നഴ്സുമാരുടെ ഡ്യൂട്ടി സമയമെങ്കിലും കോവിഡ് പരിചരണത്തിന് നാലു മണിക്കൂറായി ഡ്യൂട്ടി നിജപ്പെടുത്തിയിട്ടുണ്ടെന്നതാണ് ആശ്വാസം.ഡ്യൂട്ടി കഴിഞ്ഞാൽ ആശുപത്രിയിൽ സജ്ജീകരിച്ചിരിക്കുന്ന വിശ്രമകേന്ദ്രത്തിൽ രണ്ടാഴ്ച നീളുന്ന നിരീക്ഷണത്തിന് ശേഷമേ ഇവർക്ക് വീടുകളിലേക്ക് മടങ്ങാനാകൂ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സമൂഹ വ്യാപനം പോലെ ഗുരുതരമായ സാഹചര്യങ്ങളുണ്ടായാൽ അവയെ നേരിടാനുള്ള കരുതലെന്ന വണ്ണം ആകെയുള്ള നഴ്സുമാരിൽ മൂന്നിലൊന്നുപേർക്കാണ് കോവിഡുമായി ബന്ധപ്പെട്ട ഡ്യൂട്ടികൾ നിശ്ചയിച്ചിട്ടുള്ളത്. മൂന്നിലൊന്നുപേർക്ക് മറ്റ് ചുമതലകൾ നൽകുകയും ബാക്കിയുള്ളവരെ റിസർവ്വ് വിഭാഗമാക്കി നിലനിർത്തിയിരിക്കുകയുമാണ്. മഹാരാഷ്ട്രപോലെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ രോഗികളെ പരിപാലിച്ച നഴ്സുമാർക്ക് കൂട്ടത്തോടെ രോഗ വ്യാപനമുണ്ടായത് കേരളത്തിലും നഴ്സുമാരുൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരിൽ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. മലപ്പുറത്ത് നിപ്പ പ്രതിരോധത്തിനിടെ രോഗം ബാധിച്ച് മരണത്തിന് കീഴടങ്ങിയ നഴ്സ് ലിനിയെപ്പോലുള്ളവരുടെ സ്മരണകളും ആത്മവിശ്വാസവുമാണ് സ്വന്തം ജീവനും കുടുംബത്തെയും മറന്ന് ആതുരസേവനത്തിനിറങ്ങിയിരിക്കുന്ന ഇവരുടെ കൈമുതൽ.

Top