പാല പ്രവചനാതീതം.. !! യുഡിഎഫ് ക്യാമ്പ് തമ്മിൽ തല്ലി അനാഥമാകുന്നു

പാലാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളാ കോണ്‍ഗ്രസില്‍ ഉടലെടുത്ത തര്‍ക്കങ്ങൾ മറ്റു തലങ്ങളിലേയ്ക്ക് നീങ്ങുകയാണ്. രണ്ടായി വിഘടിച്ച് നിൽക്കുന്ന ജോസും ജോസഫും മുമ്പ് നേരിട്ട പാര വയ്പ്പുകളും തിരിച്ചടികളും എണ്ണിപ്പറയുകയാണ്. ലോക്സഭ തെരഞ്ഞെടുപ്പിൽ തനിക്ക് സീറ്റുണ്ടായിരുന്നെന്നും അത് ജോസ് കെ മാണി തെറിപ്പിച്ചെന്നുമാണ് ജോസഫ് ആരോപിച്ചത്.

ഇതിനിടെ തമ്മിൽ തല്ലിൻ്റെ നേട്ടം കൊയ്യാനുള്ള ശ്രമം രാഷ്ട്രീയ എതിരാളികളും തുടങ്ങിക്കഴിഞ്ഞു. ആത്മാഭിമാനമുണ്ടെങ്കില്‍ പി.ജെ ജോസഫ് യുഡിഎഫ് വിടണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ജോസഫിനെ കൂക്കിവിളിച്ചവരെ നിയന്ത്രിക്കാന്‍ പോലും യുഡിഎഫ് നേതൃത്വത്തിന് കഴിഞ്ഞില്ല. ജോസഫ് കോണ്‍ഗ്രസിന്റെ തടവറയിലാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ഇതിന് മറുപടിയുമായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തെത്തി.  പി.ജെ. ജോസഫിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാന്‍ അര്‍ഹതയുള്ള നേതാക്കള്‍ ഇന്ന് സി.പി.എമ്മില്‍ വിരളമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ജോസഫിനെ പരിഹസിക്കാനുള്ള സ്വാഭിമാനബോധം സി.പി.എം. സംസ്ഥാന സെക്രട്ടറിക്കില്ല. ബഹുമാന്യനും സത്യസന്ധനുമായ നേതാവായിട്ടാണ് ജോസഫിനെ കേരളീയ പൊതുസമൂഹം വിലയിരുത്തുന്നത്. ഒറ്റതിരിഞ്ഞ് അദ്ദേഹത്തെ ആക്രമിക്കാനുള്ള ഏത് ശ്രമവും യു.ഡി.എഫ് ഒറ്റക്കെട്ടായി ചെറുത്ത് പരാജയപ്പെടുത്തും.

ഇപ്പോൾ നടക്കുന്ന കടിപിടി പാല മണ്ഡലത്തിലെ ജനവിധിയെ കാര്യമായി സ്വാധീനിക്കുന്ന തരത്തിലുള്ളതാണെന്നും നേതാക്കൾ വിലയിരുത്തുന്നു. കേരള കോൺഗ്രസിന് സാധ്യത കുറയ്ക്കുന്ന തരത്തിൽ മണ്ഡലത്തിലെ യുഡിഎഫിൻ്റെ അവസ്ഥ പരിതാപകരമായി മാറിയിരിക്കുകയാണ്. ബിജെപി നേടുന്ന വോട്ടുകളും കൂടി ചേരുമ്പോൾ മണ്ഡലം ആർക്കൊപ്പമാണെന്നത് ആശങ്കപ്പെടുത്തുന്ന ചോദ്യമായി മാറുകയാണ്.

Top