ന്യുഡൽഹി : പിഎന്‍ബി തട്ടിപ്പില്‍ സിബിഐ അറസ്റ്റ് ചെയ്ത നീരവ് മോദിയുടെ സ്ഥാപനത്തിലെ ജീവനക്കാരെ ചോദ്യം ചെയ്യാനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച ഹര്‍ജിയില്‍ പ്രത്യേക കോടതി അനുമതി നല്‍കി.കേസുമായി ബന്ധപ്പെട്ട് സിബിഐ അറസ്റ്റ് ചെയ്തതും കസ്റ്റഡിയില്‍ തുടരുന്നതുമായ പ്രതികളെ ചോദ്യം ചെയ്യുവാനായി കഴിഞ്ഞ ആഴ്ചയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സിബിഐ പ്രത്യേക കോടതിയെ സമീപിച്ചത്. മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ കഴിയുകയാണ് പ്രതികള്‍ ഇപ്പോള്‍.
നീരവ് മോദിയുടെ സ്ഥാപനമായ ഫയര്‍ സ്റ്റാര്‍ ഡയമണ്ട്‌സിന്റെ പ്രസിഡന്റ് വിപുല്‍ അംബാനി, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ മനീഷ് ബോസ്മിയ, ഫിനാന്‍ഷ്യല്‍ മാനേജര്‍ മിതെന്‍ പാണ്ഡിയ, ഓഡിറ്റര്‍ സഞ്ജയ് റാംബിയ തുടങ്ങിവരെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ജനുവരി 31 മുതല്‍ ഫെബ്രുവരി 15 വരെ വിവിധ ദിവസങ്ങളിലായിട്ടാണ് സിബിഐയും, എന്‍ഫോഴ്‌മെന്‌റ് ഡയറക്ടറേറ്റും പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 12000 കോടി രൂപ തട്ടിച്ച നീരവ് മോദിക്കും അമ്മാവന്‍ മെഹുല്‍ ചോക്‌സിക്കെതിരെയും കേസെടുത്തിരിക്കുന്നത്.സംഭവം വാര്‍ത്തയായി അടുത്ത ദിവസം തന്നെ പിഎന്‍ബി മുന്‍ ജനറല്‍ മാനേജര്‍ ഉള്‍പ്പടെ 19 പേരെ അറസ്റ്റ് ചെയതിരുന്നു. അതേസമയം, പ്രതികളില്‍ ഒരാളായ രാജേഷ് ജിന്‍ഡല്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി. നീരവ് മോദിക്കും മെഹുല്‍ ചോക്‌സിക്കുമെതിരെ നേരത്തെ കോടതി ജാമ്യമില്ലാത്ത അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇരുവരും ഇപ്പോഴും ഒളിവിലാണ്.


