തൃശൂര്‍: തട്ടിപ്പിന്റെ രാജ്ഞിയായി അറിയപ്പെടുന്ന പൂമ്പാറ്റ സിനി എന്ന ഷീജ വീണ്ടും പോലീസ് പിടിയില്‍. നിരവധി തട്ടിപ്പുകേസുകളില്‍ പ്രതിയായ സിനി ഒരു പ്രൈവറ്റ് സ്ഥാപനത്തില്‍ നിന്നും 6 ലക്ഷം തട്ടിയ കേസിലാണ് അറസ്റ്റിലായിരിക്കുന്നത്. കേസിലെ കൂട്ട്പ്രതി എടക്കുന്നി സ്വദേശി പൊട്ടനാട് ഉല്ലാസിനേയും പൊലീസ് പിടികൂടിയിട്ടുണ്ട്. ഒല്ലൂര്‍ മേബന്‍ നിധി ലിമിറ്റഡില്‍ നിന്ന് 6 ലക്ഷം രൂപ തട്ടിയെന്ന പരാതിയിലാണ് അറസ്റ്റ് ചെയ്തത്.
കള്ളക്കടത്ത് സ്വര്‍ണം പാതിവിലയ്ക്കു വാങ്ങിത്തരാമെന്നു പറഞ്ഞ് ജുവലറി ഉടമകളെയടക്കം പറ്റിച്ചെന്ന പരാതിയില്‍ നേരത്തെ പൂമ്പാറ്റ സിനി പൊലീസിന്റെ പിടിയിലായിരുന്നു. ഇതോടെയാണ് പൂമ്പാറ്റ സിനിയുടെ തട്ടിപ്പിന്റെ കഥ പുറം ലോകത്ത് എത്തിയത്. മാധ്യമങ്ങളില്‍ പൂമ്പാറ്റ സിനി താരമായി നിറഞ്ഞു. എന്നിട്ടും തട്ടിപ്പിന്റെ വഴിയേ സഞ്ചാരം തുടരുകയാണ് സിനി. ഇതാണ് മാളയിലെ തട്ടിപ്പിലും നിറയുന്നത്.
സൗന്ദര്യവും വാചകമടിയും കൊണ്ട് മാത്രം ആളുകളെ വീഴ്ത്തി കോടികള്‍ തട്ടിയെടുത്ത സ്ത്രീയാണ് പൂമ്പാറ്റ സിനി. മാളയിലെ കേസിലും തട്ടിപ്പിന്റെ പുതു വഴിയാണ് പൂമ്പാറ്റ സിനി തെരഞ്ഞെടുത്തത്. മബന്‍ നിധി ലിമിറ്റഡില്‍ നിന്ന് സിനിയും ഉല്ലാസും കൂടി 6 ലക്ഷം രൂപ ചോദിച്ചു. തുക ലഭിച്ചാല്‍ അഷ്ടമിച്ചിറയിലുള്ള ജൂവലറിയില്‍ നിന്ന് 40 പവന്‍ സ്വര്‍ണം ലഭിക്കുമെന്നും ഇതില്‍ 32 പവന്‍ സ്വര്‍ണം മേബന്‍ നിധി ലിമിറ്റഡില്‍ നിക്ഷേപിക്കാമെന്നും പറഞ്ഞു വിശ്വസിപ്പിച്ചു.
ഇതനുസരിച്ച് ഒല്ലൂരില്‍ നിന്ന് പരാതിക്കാരന്‍ ഒരു ജീവനക്കാരനെ തുകയുമായി സിനിയുടെയും ഉല്ലാസിന്റെയും കൂടെ വിടുകയായിരുന്നു. ഇവിടെയെത്തി ജൂവലറിയില്‍ കയറിയപ്പോള്‍ ഉടമ ഇവരില്‍ നിന്ന് 2,30,000 രൂപ വാങ്ങിയെടുത്തു. സിനി 73 ഗ്രാം സ്വര്‍ണം വാങ്ങിയിരുന്നതായും, തുക നല്‍കാതെ ചെക്ക് ആണ് അന്ന് നല്‍കിയിരുന്നത്. ഈ തുകയാണ് താന്‍ വാങ്ങിയെടുത്തത് എന്നുമാണ് ഉടമ പറയുന്നത്. തുക വാങ്ങി ചെക്ക് മടക്കി കൊടുത്തതായും ഇയാള്‍ പൊലീസിനോട് പറഞ്ഞു.
പിന്നീട് പ്രതികളുടെ കൂടെ ഉണ്ടായിരുന്ന അച്ചന്‍ എന്ന് പരിചയപ്പെടുത്തിയ കോട്ടമുറി സ്വദേശി ബാക്കിയുള്ള 3,70,000 രൂപയില്‍ 3 ലക്ഷം രൂപ വാങ്ങിയെടുത്തു. ഇതിനിടെ ചെക്ക് ലീഫും ബോണ്ട് പേപ്പറും വാങ്ങിക്കാന്‍ എന്ന വ്യാജേന കോട്ടമുറി സ്വദേശി പുറത്തേക്ക് പോയി. പിന്നീട് ഇയാള്‍ തിരികെ എത്തിയില്ല. . സംഭവത്തില്‍ കോട്ടമുറി സ്വദേശിയുടെയും ജൂവലറി ഉടമയുടെ പങ്ക് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.
എറണാകുളം ജില്ലയിലെ പ്രശസ്ത ജൂവലറിയിലെത്തി സൗത്ത് പൊലീസ് സ്റ്റേഷനിലെ വനിതാ പൊലീസുകാരിയാണെന്ന് പരിചയപ്പെടുത്തി മകളുടെ വിവാഹമാണെന്ന് വിശ്വസിപ്പിച്ച് 95 പവന്‍ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തുവെന്നും പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. കോടികള്‍ വിലമതിക്കുന്ന പുരാതന നടരാജവിഗ്രഹം വില്‍ക്കാനുണ്ടെന്ന് അറിയിച്ച് വിഗ്രഹം വാങ്ങാനെത്തിയ ആളുകളുടെ കൈയില്‍നിന്ന് 30 ലക്ഷം തട്ടിയെടുത്തു. എറണാകുളം തോപ്പുംപടിയില്‍ കോടികള്‍ വിലമതിക്കുന്ന ഗണപതിവിഗ്രഹം വില്‍പ്പനയ്ക്കുണ്ടെന്ന് വിശ്വസിപ്പിച്ച് 11 ലക്ഷം തട്ടിയെടുത്തു. ആലപ്പുഴ അരൂരില്‍ റിസോര്‍ട്ട് ഉടമയുമായി പരിചയപ്പെട്ട് മോശപ്പെട്ട രംഗങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി 50 ലക്ഷം തട്ടിയെടുത്തുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ സംഭവത്തില്‍ തട്ടിപ്പിനിരയായ റിസോര്‍ട്ടുടമ ആത്മഹത്യചെയ്തു.
ആലുവ സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ ഭാര്യയാണെന്ന് വിശ്വസിപ്പിച്ച് സ്ഥലം വില്‍ക്കാനുണ്ടെന്നു പറഞ്ഞ് 15 ലക്ഷം തട്ടിയെടുത്തു. പഴയ തറവാട്ടമ്പലം പുതുക്കിപ്പണിയുന്ന സമയത്ത് നിധി കിട്ടിയെന്നും ഇത് വില്‍ക്കുകയാണെന്നും പറഞ്ഞ് 20 ലക്ഷവും സ്വര്‍ണബിസിനസില്‍ പണം ഇറക്കിയാല്‍ നാലുമാസംകൊണ്ട് ഇരട്ടിയാക്കി തിരിച്ചുനല്‍കാമെന്നും പറഞ്ഞ് എട്ടുലക്ഷവും തട്ടിയെടുത്തു. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നികുതി വെട്ടിച്ച് കൊണ്ടുവന്ന ഒരു കിലോയോളം വരുന്ന സ്വര്‍ണം വിലക്കുറവില്‍ വാങ്ങിത്തരാമെന്ന് പറഞ്ഞ് 25 ലക്ഷം തൃശ്ശൂര്‍ സ്വദേശികളില്‍നിന്നും തട്ടിയെടുത്തു. തൃശ്ശൂര്‍ ജില്ലയിലെ പ്രമുഖ ജൂവലറിയിലെത്തി ഉയര്‍ന്ന ഉദ്യോഗസ്ഥയാണെന്ന് പരിചയപ്പെടുത്തി 16 ലക്ഷത്തോളം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തു. ഇങ്ങനെ പലതരം കേസുകള്‍ സിനിക്ക് എതിരെ നിലവിലുണ്ട്.
മിമിക്രിയുടെ സാധ്യത തേടിയായിരുന്നു പറ്റിക്കലുകളെല്ലാം. വിശ്വാസം പിടിച്ചുപറ്റാനായി ”രാഷ്ട്രീയ നേതാക്കളെ”ക്കൊണ്ടും ഇടപാടുകാരെ വിളിപ്പിച്ചിരുന്നു. സിനിക്കു ധൈര്യമായി പണം നല്‍കാമെന്നും തങ്ങള്‍ ഗ്യാരന്റിയാണെന്നും രാഷ്ട്രീയക്കാരുടെ ശബ്ദം അനുകരിച്ച മിമിക്രിക്കാര്‍ ഉറപ്പുനല്‍കി. കൂടുതല്‍ വിശ്വാസ്യതയ്ക്കായി ഫോണ്‍നമ്പറും നല്‍കി. സിനിക്കെതിരേ പതിനെട്ടോളം കേസുകളുണ്ടെങ്കിലും ഒന്നില്‍പ്പോലും ശിക്ഷിക്കപ്പെട്ടിട്ടില്ല. ഇതാണ് തട്ടിപ്പുകള്‍ക്ക് വേഗം കൂടാന്‍ കാരണം. ഭര്‍ത്താവായി വേഷമിടാന്‍ പോലും ജീവനക്കാരുണ്ടായിരുന്നു. അങ്ങനെ നാടകം കളിച്ച് പല ഉന്നതരേയും സിനി കളിപ്പിച്ചു. സ്വര്‍ണ്ണത്തോടായിരുന്നു കൂടുതല്‍ താല്‍പ്പര്യം. മിമിക്രിക്കാരെ കൊണ്ട് കോണ്‍ഗ്രസ് നേതാക്കളുടെ ശബ്ദത്തിലാണ് കൂടുതലായും വിളിപ്പിച്ചത്. ഉമ്മന്‍ ചാണ്ടിയടക്കമുള്ള നേതാക്കളുടെ പേരു പറഞ്ഞ് തട്ടിപ്പ് ഇപ്രകാരം നടത്തി.
പൂമ്പാറ്റ സിനിയും സംഘവും കറങ്ങിനടക്കുന്നത് വാടകയ്‌ക്കെടുത്ത ആഡംബരക്കാറുകളിലാണ്. പണം മുന്‍കൂറായി നല്‍കിയാണ് വാഹനങ്ങള്‍ വാടകയ്‌ക്കെടുക്കുന്നത്. ഇതിന്റെ ഡ്രൈവര്‍മാര്‍ക്കും വീട്ടിലെ ജോലിക്കാര്‍ക്കും പതിനായിരങ്ങളാണ് സിനി ശമ്പളം നല്‍കുന്നത്. അതുകൊണ്ട് തന്നെ പണക്കാര്‍ അല്ലെന്ന് പറഞ്ഞാലും ആരും വിശ്വസിക്കുന്നില്ല. ഇങ്ങനെ സെറ്റിട്ടത് ആളുകളെ പറ്റിക്കാനായിരുന്നു. തൃശ്ശൂരിലെ ജൂവലറിയുടമയുമായി സൗഹൃദം സ്ഥാപിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിലും് സിനിയും സംഘവും കുടുങ്ങിയിരുന്നു. ശ്രീജ, ശാലിനി, ഗായത്രി, മേഴ്‌സി എന്നിങ്ങനെ പല പേരുകളിലാണിവര്‍ സിനി അറിയപ്പെടുന്നത്. ആര്‍ക്കും സംശയം തോന്നത്ത രീതിയില്‍ ഇടപെട്ടായിരുന്നു തട്ടിപ്പുകള്‍.
തൃശ്ശൂര്‍ ഹൈറോഡിലെ പ്രമുഖ ജൂവലറിയില്‍ സിനി എത്തി ഒന്നരലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ എടുത്ത് ജൂവലറിയുടമയുമായി പരിചയത്തിലായി. ബിസിനസുകാരിയാണെന്നും ടൂറിസ്റ്റ് കേന്ദ്രങ്ങളായ കുമരകം, കോവളം, കന്യാകുമാരി എന്നിവിടങ്ങളില്‍ റിസോര്‍ട്ടുകള്‍ ഉണ്ടെന്നുമാണ് പരിചയപ്പെടുത്തിയത്. മകള്‍ എം.ബി.ബി.എസിന് തൃശ്ശൂരില്‍ പഠിക്കുകയാണെന്നും അതിനാലാണിവിടെ താമസിക്കുന്നതെന്നും പറഞ്ഞു. തുടര്‍ന്ന് ജൂവലറിയുടമയുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടു. നിരവധി തവണ ജൂവലറിയിലെത്തി. പരിചയം പുതിയ തലത്തിലെത്തി. ആഡംബരക്കാറുകളിലെ കറക്കം കാരണം പറഞ്ഞതെല്ലാം ശരിയാണെന്ന് ജൂലറി ഉടമയും വിശ്വസിച്ചു. പിന്നെ തട്ടിപ്പും തുടങ്ങി. വിശ്വാസ്യത നേടിയെടുത്ത ശേഷം പണം തട്ടുകയെന്ന പതിവ് പുറത്തെടുത്തു. തട്ടിപ്പുസംഘം താമസിച്ചിരുന്നത് വന്‍കിട ഫ്‌ളാറ്റുകളിലും വില്ലകളിലുമാണ്. ഇതും ഇടപാടുകാരുടെ വിശ്വസ്തത നേടാന്‍ കാരണമായി. നാല്‍പതാം വയസില്‍ സൗന്ദര്യം നില നിര്‍ത്തുന്നതിനായി ലക്ഷങ്ങളാണ് നഗരത്തിലെ വന്‍കിട ബ്യൂട്ടി പാര്‍ലറില്‍ ചെലവഴിച്ചിരുന്നത്. സൗന്ദര്യം ഉപയോഗിച്ചായിരുന്നു ഇവര്‍ മറ്റുള്ളവരെ വീഴ്ത്തിയിരുന്നത്.


