സ്വന്തം ലേഖകൻ
ലഖ്‌നൗ: അശ്‌ളീല വീഡിയോ കാണുന്നത് മൂന്നു വർഷം വരെ കഠിന തടവ് ലഭിക്കാവുന്ന കുറ്റമാക്കി നിയമനിർമ്മാണം നടത്താൻ യുപിയിൽ യോഗി ആദിത്യനാഥ് സർക്കാർ തയ്യാറെടുക്കുന്നു. യുപിയിലെ പൊലീസ് ആക്ട് പരിഷ്‌കരിച്ച് നിയമം പ്രാബല്യത്തിൽ കൊണ്ടു വരുന്നതിന്റെ ഭാഗമായുള്ള ചർച്ചകൾ ആദിത്യ നാഥ് സർക്കാർ ആരംഭിച്ചു. ഇതിന്റെ ഭാഗമായി യുപിയിലെ അശ്ലീല സൈറ്റുകളുടെ സംപ്രേക്ഷണം പൂർണമായും റദ്ദാക്കുന്നതിനായി സൈബർ സെല്ലുമായി ചേർച്ച് പ്രത്യേക പദ്ധതിയും ആവിഷ്‌കരിച്ചിട്ടുണ്ട്. ഇത് യാഥാർത്ഥ്യമായാൽ ഓരോ അശ്ലീല സൈറ്റുകളും ബ്ലോക്ക് ചെയ്യപ്പെടുകയും, ഈ സൈറ്റുകളിൽ കയറാൻ ശ്രമിക്കുന്ന വ്യക്തികളുടെ വിവരങ്ങൾ സൈബർ സെല്ലിനു ലഭിക്കുകയും ചെയ്യും. ഇത് കണ്ടെത്തുന്നതിനായി സൈബർ സെല്ലിന്റെ പ്രത്യേക വിംഗ് തന്നെ രൂപീകരിക്കണമെന്ന നിർദേശവും മാറ്റം വരുത്തുന്ന യുപി പൊലീസ് ആക്ടിൽ പറയുന്നുണ്ട്.
യുപിയിൽ പ്രതിദിനം പത്തു ലക്ഷത്തോളം യുവാക്കൾ അശ്ലീല വീഡിയോ കാണുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതാണ് ഇവിടെ സ്ത്രീ പീഡനങ്ങൾ വർധിക്കുന്നതിന്റെ പ്രധാന കാരണമെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കൗമാരക്കാരും, മധ്യവയസ്‌കരുമാണ് ഇത്തരത്തിൽ കൂടുതലായും അശ്ലീല വീഡിയോ കാണുന്നത്. ഇത്തരത്തിൽ അശ്ലീല വീഡിയോ കാണുന്നവരിൽ കൂടുതൽ പേരും അക്രമവാസനയുള്ളവരാണെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിലാണ് അശ്ലീല വീഡിയോ കാണുന്നത് ഗുരുതരമായ ക്രിമിനൽകുറ്റമായി പൊലീസ് മാറ്റാൻ ഒരുങ്ങുന്നത്.
അശ്ലീല വെബ് സൈറ്റുകളിൽ കയറുന്ന വ്യക്തികളുടെ മൊബൈലിന്റെയും കമ്പ്യൂട്ടർ സിസ്റ്റത്തിന്റെയും ഐ പി വിലാസം ഒരു മണിക്കൂറിനുള്ളിൽ സൈബർ സെല്ലിനു ലഭിക്കത്തക്ക രീതിയിലാണ് ക്രമീകരണം ഒരുക്കുന്നത്. ഇതിനുള്ള സോഫ്റ്റ് വെയറിന്റെ രൂപ വത്കരണം അന്തിമഘട്ടത്തിലാണ് ഈ സാഹചര്യത്തിലാണ് ഇപ്പോൾ നിയന്ത്രണവും നിരോധനവും നിയമനടപടിയും ഒന്നിച്ച് നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
നിരോധനം ലഭിച്ച് ആരെങ്കിലും വീഡിയോ കണ്ടതായി കണ്ടെത്തിയാൽ മൂന്നു വർഷം വരെ കഠിനതടവാണ് നിയമം ശുപാർശ ചെയ്യുന്നതെന്നാണ് സൂചന. ഇനി മൊബൈലിൽ വീഡിയോ സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തിയാലും ശിക്ഷയുണ്ട്. രണ്ടു വർഷം കഠിന തടവും, ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. യുപിയിൽ കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് അശ്ലീല വീഡിയോ നിരോധനം ഏർപ്പെടുത്തുന്നതെന്നാണ് പൊലീസ് ഭാഷ്യം.


