തിരഞ്ഞെടുപ്പെത്തും മുന്‍പേ ബിജെപിയില്‍ വിമത സ്വരം;പാര്‍ട്ടി നേതൃത്വത്തെ വെല്ലുവിളിച്ച് തിരുവനന്തപുരത്ത് മത്സരിക്കാനൊരുങ്ങി പിപി മുകുന്ദന്‍,പിന്തുണക്കാനുറച്ച് കോണ്‍ഗ്രസ്സ്.

തിരുവനന്തപുരം:കേരളത്തില്‍ ഒരു നിയമസഭ സീറ്റ് പോലും ജയിക്കുമെന്ന് അവസാന നിമിഷം വരെയും പറയാനാകാത്ത പാര്‍ട്ടിയാണ് ബിജെപി.പക്ഷെ ഏറ്റവും കൂടുതല്‍ വിഭാഗീയ വാര്‍ത്തകള്‍ ചര്‍ച്ചയാകുന്നത് ആ പാര്‍ട്ടിയെ കുറിച്ചാണ്.സംഘപരിവാറിന്റെ സമുന്നത നേതാവായ പിപി മുകുന്ദനാണ് പാര്‍ട്ടിക്കെതിരെ വിമതസ്വരമുയര്‍ത്തി രംഗത്തെത്തിയിരിക്കുന്നത്.
പാര്‍ട്ടി നേതൃത്വം തന്നോട് കാട്ടുന്ന അവഗണനയില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് മത്സരിക്കാന്‍ ഒരുങ്ങുകയാണ് പിപി മുകുന്ദന്‍. ബിജെപി ഏറെ സാധ്യത കാണുന്ന വട്ടിയൂര്‍കാവിലോ നേമത്തോ പിപി മുകുന്ദന്‍ മത്സരിക്കുമെന്നാണ് സൂചന. മത്സരിക്കാന്‍ സമ്മര്‍ദ്ദമുണ്ടെന്ന് പിപി മുകുന്ദനും അറിയിച്ചു. നേമത്ത് രാജഗോപാലിനെതിരെ മുകുന്ദന്‍ മത്സരിച്ചാല്‍ കോണ്‍ഗ്രസ് പിന്തുണയ്ക്കുമെന്നാണ് സൂചന.

എന്‍എസ്എസുമായി ഏറെ അടുപ്പമുള്ള നേതാവാണ് മുകുന്ദന്‍. ഇത്തവണത്തെ മന്നം ദിനാചരണത്തില്‍ മുകുന്ദനെ ക്ഷണിച്ച് അടുപ്പം എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ അറിയിക്കുകയും ചെയ്തു. മുകുന്ദനെ തിരിച്ചെടുക്കണമെന്ന് ബിജെപി നേതൃത്വത്തോടും ആവശ്യപ്പെട്ടു. എന്നാല്‍ ഇതൊന്നും ഫലം കണ്ടില്ല. ഈ സാഹചര്യത്തില്‍ മുകുന്ദനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിന് പിന്നില്‍ എന്‍എസ്എസ് നേതൃത്വത്തിനും പങ്കുണ്ടെന്നാണ് സൂചന. മത്സരിച്ചാല്‍ മുകുന്ദനെ പിന്തുണയ്ക്കണമെന്ന് കോണ്‍ഗ്രസിനോട് എന്‍എസ്എസ് ആവശ്യപ്പെട്ടതായാണ് സൂചന. ഈ നിര്‍ദ്ദേശത്തെ തള്ളിക്കളയാന്‍ കോണ്‍ഗ്രസും തയ്യാറല്ല.

സുരേഷ് ഗോപിയുടെ എന്‍എസ്എസ് ആസ്ഥാനത്തെ വരവിനെ ചൊല്ലിയുണ്ടായ തര്‍ക്കം ബിജെപിയേയും എന്‍എസ്എസിനേയും തമ്മില്‍ അകറ്റിയരുന്നു. വെള്ളാപ്പള്ളി നടേശനുമായി കൂടിയതും എതിര്‍പ്പ് ശക്തമാകാന്‍ കാരണമായി. ഈ സാഹചര്യത്തില്‍ ബിജെപി നിയമസഭയില്‍ അക്കൗണ്ട് തുറക്കുന്നില്ലെന്ന് ഉറപ്പാക്കാനാണ് എന്‍എസ്എസ് നീക്കം. ഇതിന്റെ ഭാഗമായാണ് പിപി മുകുന്ദനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള ചരട് വലികള്‍ എന്‍എസ്എസ് നടത്തുന്നത്. മത്സരിക്കാനുള്ള സമര്‍ദ്ദം തനിക്ക് മേലുണ്ടെന്നും എന്നാല്‍ തീരുമാനം എടുത്തിട്ടില്ലെന്നും പിപി മുകുന്ദന്‍ പ്രതികരിച്ചു. മത്സരത്തില്‍ നിന്ന് മാറി നില്‍ക്കാനാവാത്ത അത്ര സമ്മര്‍ദ്ദമുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

ബിജെപിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന പിപി മുകുന്ദന്‍ ആര്‍എസ്എസുമായുള്ള ഭിന്നതകളെ തുടര്‍ന്നാണ് പാര്‍ട്ടിയുമായി അകന്നത്. എന്നാല്‍ അടുത്ത കാലത്തായി ബിജെപിയുമായി അടുക്കാന്‍ മുകുന്ദന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ബിജെപിയുടെ മുന്‍ പ്രസിഡന്റ് വി മുരളീധരന്‍ മുകുന്ദന് അനുകൂലമായ നിലപാട് എടുത്തിരുന്നില്ല. അധ്യക്ഷനായി കുമ്മനം എത്തിയതോടെ സാഹചര്യത്തിന് ചെറിയ മാറ്റമുണ്ടായി. എന്നാല്‍ തീരുമാനം ഒന്നുമായില്ല. ആര്‍എസ്എസിനെ ഒരു മുതിര്‍ന്ന നേതാവിന് മുകുന്ദനുമായുള്ള വ്യക്തിവിരോധമാണ് ഇതിന് കാരണം. നിര്‍ണ്ണായക യോഗങ്ങളില്‍ ഈ നേതാവ് പങ്കെടുക്കുകയും മുകുന്ദന്റെ കാര്യത്തില്‍ തീരുമാനം വൈകിപ്പിക്കുകയുമായിരുന്നു. ഈ സാഹചര്യത്തിലാണ് മത്സരിക്കാന്‍ മുകുന്ദന്‍ തയ്യാറെടുക്കുന്നത്.

മാസങ്ങള്‍ക്ക് മുമ്പ് തന്നെ തിരുവനന്തപുരത്ത് മത്സരിക്കണമെന്ന് മുകുന്ദനോട് സുഹൃത്തുക്കള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബിജെപി നിലപാട് വരട്ടേ എന്നായിരുന്നു മറുപടി. ഇത്രയും കാലമായിട്ടും അനുകൂല തീരുമാനം ഉണ്ടായിട്ടില്ല. സഹകരണം പ്രസ്താവനകളില്‍ മാത്രം ഒതുങ്ങുന്നതിലാണ് അതൃപ്തി. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായും മുകുന്ദന് അടുത്ത ബന്ധമുണ്ട്. ഈ സ്വാധീനവും നേമത്തോ വട്ടിയൂര്‍്ക്കാവിലോ സ്വതന്ത്രനാകാന്‍ മുകുന്ദനെ പ്രേരിപ്പിക്കുന്നുണ്ട്. കോണ്‍ഗ്രസിന്റെ പിന്തുണയോടെ മത്സരിക്കാനാണ് താല്‍പ്പര്യം. വട്ടിയൂര്‍ക്കാവില്‍ അതിനുള്ള സാഹചര്യമില്ല. കെ കരുണാകരനുമായി വ്യക്തിബന്ധം മുകുന്ദനുണ്ടായിരുന്നു. അതുകൊണ്ട് തന്നെ കരുണാകരന്റെ മകനായ മുരളീധരനെതിരെ മത്സരിക്കാനും താല്‍പ്പര്യമില്ല.

എന്നാല്‍ നേമത്ത് കോണ്‍ഗ്രസിന് വ്യക്തമായ സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാട്ടാന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ നേമത്ത് മുകുന്ദന്‍ മത്സരിച്ചാല്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കാനാകും. എന്നാല്‍ ഒരുകാലത്ത് കടുത്ത വര്‍ഗ്ഗീയവാദിയായി കോണ്‍ഗ്രസ് ചിത്രീകരിച്ച മുകുന്ദനെ എങ്ങനെ പിന്തുണയ്ക്കുമെന്ന ചോദ്യവും അവശേഷിക്കുന്നു. ബിജെപിയെ പരസ്യമായി തള്ളിപ്പറഞ്ഞാല്‍ മുകുന്ദനെ സ്ഥാനാര്‍ത്ഥിയായി പിന്തുണയ്ക്കുന്നതില്‍ തെറ്റില്ലെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ അഭിപ്രായം. അതിനിടെ എന്‍എസ്എസ് പിന്തുണയുമായെത്തുന്ന മുകുന്ദന് വേണ്ടി സീറ്റ് ഒഴിയാന്‍ മുരളീധരനും തയ്യാറാണ്.

വട്ടിയൂര്‍ക്കാവിലെ വാഴോട്ട്‌കോണത്ത് നടന്ന കോര്‍പ്പറേഷന്‍ വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. ഈ വെല്ലുവിളയ്ക്കിടെയാണ് മുകുന്ദന്റെ സ്ഥാനാര്‍ത്ഥിയാകുമെന്ന വെല്ലുവിളിയെത്തുന്നത്. ഇതും ബിജെപിക്ക് കടുത്ത പ്രതിസന്ധിയുണ്ടാക്കും. മുകുന്ദന്‍ മത്സരിച്ചാല്‍ കേരളത്തിലുടനീളം ബിജെപിയുടെ സാധ്യതകളെ അത് ബാധിക്കുമെന്നാണ് കോണ്‍ഗ്രിസന്റെ വിലയിരുത്തല്‍. അതുകൊണ്ട് കൂടിയാണ് മുകുന്ദന്റെ സ്ഥാനാര്‍ത്ഥിത്വത്തെ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നതും. ഹൈക്കമാണ്ടിന്റെ അനുമതിയോടെയാകും മുകുന്ദന്റെ സ്ഥാനാര്‍ത്ഥിത്വത്തെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് അന്തിമതീരുമാനം എടുക്കുക.

Top