വൈദികന്റെ കൊലക്ക് കാരണം വൈരാഗ്യം !..മലയാറ്റൂരിലെ വൈദികന്റെ അരുംകൊലയുടെ വിശദാംശങ്ങൾ ദൃക്‌സാക്ഷികൾ പറയുന്നത് ..

കൊച്ചി:മലയാറ്റൂര്‍ കുരിശുമുടി റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ട് (52) കുത്തേറ്റ് മരിച്ചത് വിശ്വാസികളിൽ ഞെട്ടൽ . ഉച്ചയ്ക്ക് പന്ത്രണ്ടോടെ കുരിശുമലയിലെ ആറാം സ്ഥലത്തു വച്ചു വൈദികന്   കുത്തേല്‍ക്കുകകയായിരുന്നു. മലമുകളിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം.സംഭവവുമായി ബന്ധപ്പെട്ടു കപ്യാരുടെ ചുമതലയിലുണ്ടായിരുന്ന ജോണി എന്നയാൾക്കായി മലയാറ്റൂര്‍ വനത്തില്‍ തെരച്ചില്‍ നടക്കുകയാണ്. ഇയാളെ മൂന്ന് മാസം മുൻപ് കപ്യാർ ചുമതലയിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് കരുതപ്പെടുന്നത്.

മലയാറ്റൂരിൽ നടന്ന വൈദികന്റെ അരുംകൊല അക്ഷരാർഥത്തിൽ നാട്ടുകാരെയും സഭയെയും വിശ്വാസികളെയും ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. ലക്ഷക്കണക്കിന് തീർത്ഥാടകർ എത്തുന്ന മലയാറ്റൂരിൽ വെച്ച് വൈദികനാണ് കൊല്ലപ്പെട്ടത് എന്നത് സഭക്കും ഞെട്ടലുളവാക്കി.പെട്ടെന്നുള്ള പ്രകോപനമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. എതെങ്കിലും തരത്തിലുള്ള ആസൂത്രണം ഇതിനു പിന്നിലുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.

മലയാറ്റൂരിലെ ആറാം കുരിശിന് സമീപത്ത് വച്ചാണ് കപ്യാർ ജോണി വട്ടപറമ്പൻ വികാരിയെ കുത്തിയത്. മലയാറ്റൂർ പള്ളിയിലെ തിരുനാളുമായി ബന്ധപ്പെട്ട് ഒരു പ്രാദേശിക ചാനലിന് ഫാദർ സേവ്യർ തേലക്കാട്ട് അഭിമുഖം നൽകിയിരുന്നു. അവിടെ നിന്ന് മടങ്ങി വരുന്ന വഴിയിൽ വച്ചാണ് ജോണിയെ അച്ചൻ കാണുന്നത്. മൂന്നുമാസം മുൻപ് സ്വഭാവ ദ്യൂഷ്യം ആരോപിച്ച് കപ്യാർ ജോണി വട്ടപ്പറമ്പിനെ പള്ളിയിൽ നിന്ന് പുറത്താക്കിയിരുന്നു. സ്ഥിര മദ്യപാനിയായ ഇയാൾ കപ്യാർ ശ്രൂശൂഷയ്ക്ക് യോഗ്യനല്ലെന്ന് കണ്ടായിരുന്നു ഇയാൾക്കെതിരെ നടപടി സ്വീകരിച്ചത്. സഭയുടെ അനുമതിയോടെ തന്നെയായിരുന്നു വൈദികന്റെ ഈ നടപടി. എന്നാൽ, ഇതിന്റെ പേരിൽ കപ്യാർ ജോണിക്ക് വൈദികനോട് കടുത്ത വൈരാഗ്യമുണ്ടായിരുന്നു.

തന്നെ പെരുന്നാളിന് മുൻപ് തിരിച്ചെടുക്കണമെന്ന് ഇയാൾ വൈദികനോട് ആവശ്യപ്പെട്ടതായി പറയുന്നു. എന്നാൽ ഫാദർ ഇതിനു സമ്മതിച്ചില്ല. ഇതോടെ വാക്കുതർക്കമായി. ഈ സമയം ജോണി മദ്യപിച്ചിരുന്നു. വാക്കുതർക്കത്തിനൊടുവിൽ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഇയാൾ വികാരിയെ കുത്തുകയായിരുന്നു. കുത്തേറ്റ വൈദികൻ വീണതോടെ ഇയാൾ കാട്ടിലേക്ക് ഓടിമറഞ്ഞു. ഓടിക്കൂടിയ നാട്ടുകാർ വൈദികനെ അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിലെത്തിയപ്പോഴേക്കും അച്ചൻ മരിച്ചിരുന്നു എന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. ഇടതു തുടയിൽ ആഴത്തിലേറ്റ് കുത്താണ് മരണത്തിലേക്ക് നയിച്ചത്. തുടയിലേറ്റ കുത്ത് പ്രധാന രക്തക്കുഴലിനെ തകർത്തിരുന്നതായി ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം. ഇതുമൂലം രക്തം വാർന്നാണ് ഫാദർ സേവ്യർ തേലക്കാട്ട് മരിച്ചത്.

Top