തിരുവനന്തപുരം: കോവളത്തെ കണ്ടല്‍ക്കാട്ടില്‍ വിദേശവനിതയെ കൊലപ്പെടുത്തിയ കേസില്‍ പ്രദേശവാസികളായ ഉമേഷിനെയും ഉദയനെയും പോലീസ് അറസ്‌റ്റ് ചെയ്‌തു. കോവളം, പനത്തുറ സ്വദേശികളാണു പ്രതികള്‍. ലാത്വിയ സ്വദേശിയായ യുവതിയെ ബലാത്സംഗത്തിനിടെയാണു കൊലപ്പെടുത്തിയത്.
കാണാതായ മാര്‍ച്ച് 14-നുതന്നെ യുവതി കൊല്ലപ്പെട്ടിരുന്നു. പ്രതികള്‍ നേരത്തേ കസ്‌റ്റഡിയിലായെങ്കിലും ശാസ്‌ത്രീയതെളിവുകളും സാഹചര്യത്തെളിവുകളും കോര്‍ത്തിണക്കിയ ശേഷമാണു പോലീസ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. ഉമേഷും ഉദയനും ചേര്‍ന്നു തന്ത്രപൂര്‍വം യുവതിയെ കോവളം വാഴമുട്ടത്തെ കണ്ടല്‍ക്കാട്ടിലേക്കു കൂട്ടിക്കൊണ്ടുവരുകയായിരുന്നു. തുടര്‍ന്ന് മയക്കുമരുന്നു നല്‍കി പീഡിപ്പിച്ചു.
യുവതി പീഡനത്തിനിരയായെന്നു സ്‌ഥിരീകരിക്കുന്ന രാസപരിശോധനാഫലം ലഭിച്ചതായി സംസ്‌ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. യുവതിയെ കൊലപ്പെടുത്തിയശേഷം ആത്മഹത്യയെന്നു വരുത്തിത്തീര്‍ക്കാന്‍ പ്രതികള്‍ ശ്രമിച്ചു. ഇതിനു മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോയെന്ന് അന്വേഷിച്ചുവരുന്നു. ശാസ്‌ത്രീയതെളിവുകളുടെ അടിസ്‌ഥാനത്തിലാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്. കൊലപാതകം നടന്ന് ഒരുമാസം പിന്നിട്ട സാഹചര്യത്തില്‍ തെളിവുകള്‍ കണ്ടെത്തുക പ്രയാസമായിരുന്നു.
<br />കഴിഞ്ഞ മാര്‍ച്ച് 14-നു രാവിലെ ഒമ്പതോടെ കോവളം ഗ്രോവ് ബീച്ചിലെത്തിയ യുവതി പനത്തുറ ഭാഗത്തേക്കു നടന്നു. ഇതു ശ്രദ്ധയില്‍പ്പെട്ട പ്രതികള്‍ ടൂറിസ്‌റ്റ് ഗൈഡുകള്‍ എന്ന വ്യാജേന അവരെ സമീപിച്ചു വിശ്വാസ്യത പിടിച്ചുപറ്റി. കഞ്ചാവും മയക്കുമരുന്നും വിറ്റ് കോവളം ബീച്ചില്‍ കറങ്ങിനടക്കുന്ന പുരുഷ ലൈംഗികത്തൊഴിലാളിയാണ് ഉമേഷ്. ഇംഗ്ലീഷില്‍ നന്നായി സംസാരിക്കാനറിയാവുന്ന ഉദയന്‍ അനധികൃത ടൂറിസ്‌റ്റ് ഗൈഡാണ്.


