കോട്ടയത്ത് റിമാൻഡ് പ്രതി മരിച്ചതിൽ ദുരൂഹത;തല പിളർന്ന നിലയിൽ, മുഖത്ത് പരുക്ക്. പൊലീസ് മര്‍ദ്ദനം മൂലമെന്ന് ബന്ധുക്കള്‍

കോട്ടയം :കോട്ടയത്ത് റിമാൻഡ് പ്രതി മരിച്ചതിൽ ദുരൂഹത. എറണാകുളം ഉദയംപേരൂർ പൊലീസ് അറസ്റ്റ് ചെയ്ത റിമാന്‍ഡ് പ്രതി കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി ഷെഫീഖ് ആണ് മരിച്ചത്. പൊലീസ് മർദ്ദനം മൂലമാണ് ഷെഫീഖ് മരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. വയോധികയെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ തിങ്കളാഴ്‍ചയാണ് ഷെഫീഖിനെ പൊലീസ് അറസ്റ്റ് ചെയ്‍തത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ ഷെഫീഖ് മരിച്ചെന്ന് കാണിച്ച് പൊലീസ് വിളിച്ചറിയിക്കുകയായിരുന്നു. സാമ്പത്തിക തട്ടിപ്പു കേസിലാണ് ഷെഫീഖിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തതെന്നാണ് വിവരം.

ഉദയംപേരൂർ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വൃദ്ധയെ കബളിപ്പിച്ച് പണം തട്ടിയെന്നാണ് കേസ്. തിങ്കളാഴ്ചയാണ് ഷെഫീഖിനെ കാഞ്ഞിരപ്പള്ളി പൊലീസിന്റെ സഹായത്തോടെ ഉദയംപേരൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. മകനെ എന്തിനാണ് കസ്റ്റഡിയിൽ എടുത്തതെന്ന് അറിയില്ലെന്ന് ഷെഫീഖിന്റെ പിതാവ് പറഞ്ഞു. താനും മകനും രണ്ടിടങ്ങളിലാണ് താമസിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മകൻ മെഡിക്കൽ കോളജിലാണെന്ന് പറഞ്ഞ് ഉച്ചയോടെ ഫോൺ കോൾ എത്തുകയായിരുന്നു. തിരിച്ചു വിളിച്ചിട്ട് കിട്ടിയില്ല. വീണ്ടും ശ്രമിച്ചതോടെ പൊലീസ് ആണ് വിളിച്ചതെന്ന് മനസിലായി. മകൻ മരിച്ചെന്നും ഉടൻ മെഡിക്കൽ കോളജിൽ എത്തണമെന്നുമായിരുന്നു മറുപടിയെന്നും ഷെഫീഖിന്റെ പിതാവ് പ്രതികരിച്ചു. ഷെഫീഖിന്റെ ശരീരത്തിൽ സാരമായ പരുക്കുണ്ടെന്നാണ് ബന്ധുക്കൾ പറയുന്നത്. തല പിളർന്ന നിലയിലാണ്. മുഖത്ത് പരുക്കുണ്ട്. ശരീരത്തിൽ ചവിട്ടേറ്റ പാടുകളുണ്ടെന്നും ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ ആശുപത്രി പരിസരത്ത് പ്രതിഷേധിച്ചു.അപസ്മാരത്തെ തുടര്‍ന്നാണ് ഷെഫീഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു.

Top